sections
MORE

സ്വദേശികളെ നഴ്സിങ് പഠിപ്പിക്കാൻ യുഎഇ

nurse
SHARE

ദുബായ് ∙  സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കി നഴ്സിങ്-മിഡ് വൈഫറി രംഗത്തു വൻമാറ്റത്തിനു പദ്ധതി.  മികച്ച പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുകയും രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകുകയും ചെയ്യുക, സ്പെഷലൈസേഷനും ഗവേഷണത്തിനും സൗകര്യമൊരുക്കുക എന്നിവ 2025 വരെ നീളുന്ന കർമപരിപാടികളിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ വിദേശികൾ ജോലിചെയ്യുന്ന മേഖലയാണിത്. ശാസ്ത്രീയ ചട്ടക്കൂടിനുള്ളിൽ മികവുറ്റ പരിശീലനം, പുതിയ അറിവുകൾക്കനുസരിച്ച് പാഠ്യപദ്ധതിയുടെ പരിഷ്കരണം എന്നിവയടക്കം 5 തലങ്ങളിലാണു പദ്ധതി നടപ്പാക്കുക. 

ലോകാരോഗ്യ സംഘടനയിലെയും ഇന്റർനാഷനൽ കൗൺസിൽ ഓഫ് നഴ്സസിലെയും  വിദഗ്ധർ ഉൾപ്പെട്ട പാനൽ രൂപം നൽകിയ പദ്ധതിക്ക് യുഎഇ എജ്യുക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സസ് കൗൺസിൽ അംഗീകാരം നൽകി. 

ആരോഗ്യമേഖലയിലെയും വിവിധ മന്ത്രാലയങ്ങളിലെയും പ്രതിനിധികളടങ്ങുന്ന പരമോന്ന ദേശീയ സമിതിക്കും രൂപം നൽകി. 

ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണു സമിതി പ്രവർത്തിക്കുക. ഒരോ തലത്തിലുമുള്ള പ്രവർത്തന പുരോഗതി വിലയിരുത്തും. 

ആരോഗ്യമേഖല നേരിട്ട അടിയന്തര സാഹചര്യങ്ങൾ കൂടി വിലയിരുത്തിയാണ് പദ്ധതിക്കു രൂപം നൽകിയത്.  

നഴ്സിങ് രംഗത്തു വൻമുന്നേറ്റത്തിനു വഴിയൊരുക്കാൻ പുതിയ നയപരിപാടികൾക്കു കഴിയുമെന്ന് ആരോഗ്യമന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്് പറഞ്ഞു. രാജ്യത്തു ലോക നിലവാരമുള്ള ആരോഗ്യ സംവിധാനമൊരുക്കും. ചികിത്സതേടി എത്തുന്നവരുടെ എണ്ണം കൂടുന്നത് അനുബന്ധമേഖലകളുടെയും വളർച്ചയ്ക്കു വഴിയൊരുക്കും. 

കോവിഡിനെതിരായ പോരാട്ടത്തിൽ നേടിയ വിജയത്തിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞതായി നഴ്സിങ് ഡിപാർട്മെന്റ് ഡയറക്ടറും നഴ്സിങ്-മിഡ് വൈഫറി പരമോന്നത സമിതി അധ്യക്ഷയുമായ ഡോ.സുമയ അൽ ബലൂഷി പറഞ്ഞു. 

പഠനം സ്കൂൾ തലത്തിൽ

∙ നഴ്സിങ് മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും യുവതലമുറയ്ക്കു ബോധവൽക്കരണം നൽകും. 

∙ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ നഴ്സിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തും. 

∙പ്രത്യേക പരിശീലനം നൽകി അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നഴ്സിങ് വിദ്യാർഥികളെ പ്രാപ്തരാക്കും

∙കൂടുതൽ സ്പെഷ്യൽറ്റി ആശുപത്രികൾ ആരംഭിക്കും. നഴ്സിങ് പഠന-പരിശീലന സൗകര്യമൊരുക്കും.

കൂടുതൽ കർമപരിപാടികൾ

∙ ആരോഗ്യസുരക്ഷ ലക്ഷ്യമിട്ട് 5 തലങ്ങളിൽ 50 വർഷത്തെ കർമപരിപാടികൾ.  ആരോഗ്യ– പപ്രതിരോധ മേഖലകളിൽ സ്മാർട് പദ്ധതികൾ.

നപകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം, ഹൈടെക് ചികിത്സാ സംവിധാനങ്ങൾ, മാനസികാരോഗ്യ മേഖലയുടെ വികസനം, ആരോഗ്യ-രോഗപ്രതിരോധ രംഗത്ത് ഒന്നാം സ്ഥാനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി  പുതിയ സംരംഭങ്ങൾ. 

∙ അതിവേഗ രോഗനിർണയത്തിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കാനും അവസരം. 

∙ ആരോഗ്യ-സാമ്പത്തിക മേഖലകളിൽ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക്  സൗജന്യ ചികിത്സ.   

∙ ലോകത്തെ പുതിയ രോഗങ്ങൾ, ചികിത്സകൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഗവേഷണം. 

∙ കൂടുതൽ മരന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ നിർമിച്ച് ഇറക്കുമതി കുറയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA