ADVERTISEMENT

ദോഹ ∙ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യത്തെ മ്യൂസിയങ്ങള്‍ അടച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മ്യൂസിയങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഖത്തര്‍ നാഷനല്‍ മ്യൂസിയം ഉള്‍പ്പെടെ ഖത്തര്‍ മ്യൂസിയത്തിന് കീഴിലെ എല്ലാ മ്യൂസിയങ്ങളും അടച്ചു. മ്യൂസിയങ്ങളിലെ പ്രദര്‍ശനങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, ഭക്ഷണ-പാനീയ ശാലകള്‍, കളിസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. 

ഖത്തര്‍ നാഷനല്‍ മ്യൂസിയത്തിലെ കളിസ്ഥലവും തുറക്കില്ല. താല്‍ക്കാലിക പ്രദര്‍ശനങ്ങളും നിര്‍ത്തി. അതേസമയം, പൊതുജനങ്ങള്‍ക്ക് കായിക പ്രവര്‍ത്തനങ്ങള്‍ക്കായി മ്യൂസിയം ഓഫ് ഇസ്‌ലാമിക് (മിയ)പാര്‍ക്ക് തുറന്നിടും. പാര്‍ക്കിലെത്തുന്നവര്‍ കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്നും മ്യൂസിയം അധികൃതര്‍ ഓര്‍മപ്പെടുത്തി.

ഖത്തര്‍ നാഷനല്‍ ലൈബ്രറി ഞായറാഴ്ച മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല. ആഴ്ചയില്‍ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിലാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം. അതേസമയം, ലൈബ്രറിയുടെ ഓണ്‍ലൈന്‍ വേദികളായ ഖത്തര്‍ ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ റിപ്പോസിറ്ററി എന്നിവ സജീവമായിരിക്കും. 

ഇവന്റുകള്‍, അംഗത്വ റജിസ്‌ട്രേഷനും പുതുക്കലും, എഴുത്ത് കണ്‍സല്‍റ്റേഷന്‍, ഹെറിറ്റേജ് ലൈബ്രറി റഫറന്‍സ് സര്‍വീസ്, ചില്‍ഡ്രന്‍സ് ലൈബ്രറി വെര്‍ച്വല്‍ ടൂര്‍, ബുക്ക് മാച്ചുകള്‍, ബുക്ക് എടുക്കല്‍-പുതുക്കല്‍ അന്വേഷണങ്ങള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. വായിക്കാന്‍ കൊണ്ടുപോയ പുസ്തകങ്ങള്‍ ലൈബ്രറിയുടെ പ്രധാന പ്രവേശന കവാടത്തിലെ ബോക്‌സില്‍ രാവിലെ 7.00 മുതല്‍ രാത്രി 10.00 വരെ നിക്ഷേപിക്കാം. 

പബ്ലിക് പാര്‍ക്കുകളിലെല്ലാം നടത്തം, ജോഗിങ്, സൈക്കിള്‍ സവാരി എന്നിവയ്ക്ക് മാത്രമേ ഇന്നു മുതല്‍ അനുമതിയുള്ളു. സന്ദര്‍ശകര്‍ പാര്‍ക്കുകളിലും ബീച്ചുകളിലും കോര്‍ണിഷുകളിലും ഒത്തുചേരാനോ ഇരിക്കാനോ പാടില്ല. ഇവിടങ്ങളിലെ കളിസ്ഥലങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍, ശുചിമുറികള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. അതേസമയം, അല്‍ഖോര്‍ പാര്‍ക്ക് അടയ്ക്കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം അധികൃതര്‍ ഇന്നലെ ട്വീറ്റില്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com