sections
MORE

വാടക നൽകാനില്ലാതെ മലയാളി സമാജം; പരിഹാരം കാണാൻ കോർ കമ്മിറ്റി

rent
SHARE

അബുദാബി∙ മലയാളി സമാജത്തിന്റെ വാടക കുടിശിക പ്രതിസന്ധി പരിഹരിക്കാൻ മുൻകാല ഭാരവാഹികളെ ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച രാത്രി ചേർന്ന കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് യേശു ശീലൻ ചെയർമാനായ ഏട്ടംഗ കോർ കമ്മിറ്റിയെ തിരഞ്ഞെടുത്തത്.  

കോവിഡ് പശ്ചാത്തലത്തിൽ സംഘടനാ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി കത്തു നൽകിയതിനെ തുടർന്ന് 2020 മാർച്ചിൽ പ്രവർത്തനം നിർത്തിവച്ചിരുന്നു. ഇതേ തുടർന്ന് വരുമാനം നിലച്ചതിനാൽ വാടക അടയ്ക്കാൻ സാധിച്ചില്ല. നികുതി ഉൾപ്പെടെ 4.75 ലക്ഷം ദിർഹമാണ് വാർഷിക വാടക. 

2020 മാർച്ചിൽ നടക്കേണ്ടിയിരുന്ന വാർഷിക തിരഞ്ഞെടുപ്പും അധികാര കൈമാറ്റവും നടക്കാതിരുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.  നിലവിലെ പ്രസിഡന്റ് ഷിബു വർഗീസ് മാസങ്ങളായി നാട്ടിലാണ്. ശേഷിച്ചവരുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ ജനറൽ സെക്രട്ടറി ജയരാജ് ഏതാനും മാസം മുൻപ് രാജിവച്ചിരുന്നു.

നിലവിലുള്ള ഭാരവാഹികളും അംഗങ്ങളും കെട്ടിട ഉടമയുമായി ബന്ധപ്പെട്ട് വാടകയിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും അനുരഞ്ജനത്തിനു തയാറായില്ല. ഇക്കാര്യം സമാജത്തിന്റെ രക്ഷാധികാരികളെയും അഭ്യുദയകാംക്ഷികളെയും ബോധ്യപ്പെടുത്തി പ്രശ്നത്തിൽ ഇടപെടണമെന്ന് കോർ കമ്മിറ്റി ആവശ്യപ്പെടും. 

തുടർന്ന് കെട്ടിട ഉടമയെ കണ്ട് 6 മാസത്തെ വാടകയിൽ ഇളവ് ആവശ്യപ്പെടും. തയാറായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനം.

കോവിഡ് പ്രതിസന്ധി തുടരുന്നതിനാൽ വാടക കുറഞ്ഞ മറ്റൊരു സ്ഥലത്തേക്കു മാറുന്നതാണ് ഉചിതമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 

നിലവിലെ ഓഫിസ് കെട്ടിടവും അതോടു ചേർന്നുള്ള മിനി ഹാളും നിലനിർത്തി മറ്റു ഭാഗം വിട്ടുകൊടുക്കാനാവുമോ എന്നും പരിശോധിക്കും. കെട്ടിട ഉടമയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം.

സ്വന്തം കെട്ടിടത്തിനായി ആവശ്യമുയർന്നു

അതിനിടെ മലയാളി സമാജത്തിന് സ്വന്തം സ്ഥലം ലഭ്യമാക്കാനുള്ള നടപടികൾ 2018ൽ നടന്നിരുന്നു. തുടർ നടപടികൾക്കുള്ള ശ്രമം ഊർജിതമാക്കണമെന്നും കോർ കമ്മിറ്റിയിൽ ആവശ്യമുയർന്നു. വാടക പ്രതിസന്ധി രൂക്ഷമായിട്ടും കെട്ടിട ഉടമയ്ക്കോ കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റിക്കോ രേഖാമൂലം കത്തു നൽകിയിട്ടില്ലെന്നത് രൂക്ഷ വിമർശനത്തിനിടയാക്കി.

പി.ടി. റഫീഖ്, എഎം അൻസാർ, നിബു സാം ഫിലിപ്പ്, ബാബു വടകര, ദശപുത്രൻ, സലീം ചിറക്കൽ, ടിപി ഗംഗാധരൻ എന്നിവരാണ് കോർ കമ്മിറ്റി അംഗങ്ങൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA