ADVERTISEMENT

ദുബായ് ∙ വേനൽക്കാലത്ത് വാഹനങ്ങൾ ചൂടുപിടിച്ചു കത്തുന്നത് ഒഴിവാക്കാൻ മുൻകരുതലെടുക്കണമെന്നു പൊലീസ്. ചുട്ടുപഴുത്ത റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ടയർ മുതലുള്ള ഓരോ ഘടകത്തിലും ശ്രദ്ധ ആവശ്യമാണ്.

യഥാസമയം അറ്റകുറ്റപ്പണി നടത്തുകയും ഡ്രൈവിങ്ങിനു മുൻപ് ടയറുകളും മറ്റും പരിശോധിക്കണമെന്നു ഷാർജ പൊലീസ് ഫൊറൻസിക് വിഭാഗം മുന്നറിയിപ്പു നൽകി. ബോധവൽക്കരണം ഊർജിതമാക്കി.

ഇലക്ട്രിക്കൽ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി നടത്താതിരിക്കുക, എൻജിനുകളിൽ മാറ്റം വരുത്തുക, വാഹനത്തിനുള്ളിൽ പുകവലിക്കുക, കൂട്ടിയിടിയെ തുടർന്നുള്ള ഇന്ധനച്ചോർച്ച എന്നിവയാണ് തീപിടിത്തത്തിനു പ്രധാന കാരണങ്ങളെന്ന് ഫൊറൻസിക് ഡയറക്ടർ ജനറൽ കേണൽ ആദിൽ അൽ മസ്മി പറഞ്ഞു.

ശ്രദ്ധ വേണം, ഓയിൽ മുതൽ എയർ വരെ

∙ വാഹനത്തിന്റെ എൻജിൻ ഓയിൽ ദിവസവും പരിശോധിക്കണമെന്ന് ദുബായിലെ പ്രമുഖ ഓട്ടമൊബീൽ സ്ഥാപനത്തിലെ സൂപ്പർവൈസർ പത്തനംതിട്ട സ്വദേശി പ്രദീപ് ഗോപാലകൃഷ്ണൻ പറഞ്ഞു. ഡ്രൈവറുടെ മുന്നിലെ മീറ്റർ ബോർഡിൽ നിന്ന് ഓയിലിലോ റേഡിയേറ്ററിലെ വെള്ളത്തിലോ പകരമുള്ള കൂളന്റിലോ കുറവുണ്ടോയെന്ന് അറിയാനാകും. കൂടുതൽ വാഹനങ്ങളിലും കൂളന്റ് ആണ് ഉപയോഗിക്കുന്നത്. ഓയിൽ കുറഞ്ഞാൽ യന്ത്രഘടകങ്ങളുടെ തേയ്മാനം കുറയുകയും വാഹനം പെട്ടെന്നു ചൂടാകുകയും ചെയ്യും. കൂളന്റ് കുറയുന്നതും സുരക്ഷിതമല്ല.

∙ കൂടുതൽ വ്യക്തമായി അറിയാൻ വാഹനം നിരപ്പായ സ്ഥലത്ത് നിർത്തി എൻജിൻ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കുക. തുടർന്നു ബോണറ്റ് തുറന്ന് ഓയിൽ അളവ് അറിയാനുള്ള േകബിൾ (ഡിപ് സ്റ്റിക്) വലിച്ചു നോക്കുക. കേബിളിൽ നോക്കിയാൽ കൃത്യമായ അളവറിയാം. ഇതിൽ അളവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

∙ പെട്രോൾ സ്റ്റേഷനിൽ വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യുക. ഇന്ധനം ബാഷ്പീകരിക്കപ്പെടുന്നതിനാൽ തീപിടിത്ത സാധ്യത കൂടുതലാണ്. ഇന്ധനം നിറയെ അടിക്കരുത്. 10% കുറവു മതിയാകും.

∙ ടയറിൽ എയറിനു പകരം നൈട്രജൻ കൂടുതൽ സുരക്ഷിതമാണ്. വാഹനത്തിന്റെ ഡ്രൈവ് ബെൽറ്റ് പരിശോധിക്കണം. ഇതു പൊട്ടിപ്പോകരുത്. റേഡിയേറ്ററിൽ ചോർച്ചയുണ്ടോയെന്നും ഫാൻ പ്രവർത്തിക്കുന്നുണ്ടോയെന്നും ഉറപ്പാക്കണം.

∙ വാഹനത്തിൽ അഗ്നിശമനോപകരണം (ഫയർ എക്സ്റ്റിൻഗ്വിഷർ) നിർബന്ധമായും സൂക്ഷിക്കുക. ഇതിന്റെ ഉപയോഗം അറിയുകയും സമയപരിധി കഴിഞ്ഞോയെന്ന് ഇടയ്ക്ക് ഉറപ്പാക്കുകയും വേണം.

∙ തീപിടിക്കാൻ സാധ്യതയുള്ള സാധനങ്ങൾ വാഹനത്തിൽ സൂക്ഷിക്കാതിരിക്കുക. ആൽക്കഹോളിന്റെ അളവ് 60 ശതമാനത്തിൽ കൂടുതലുള്ള ഹാൻഡ് സാനിറ്റൈസറുകൾ, സിഗരറ്റ് ലൈറ്ററുകൾ, പെർഫ്യൂം, തീപിടിക്കാൻ സാധ്യതയുള്ള മറ്റ് ഉൽപന്നങ്ങൾ എന്നിവ സൂക്ഷിക്കരുത്. പാർക്കിങ്ങിൽ വെയിലത്തു കിടന്നു വാഹനം ചൂടാകുമ്പോഴും അപകടം സംഭവിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com