ADVERTISEMENT

ദുബായ്∙ 'പ്ലീസ്, കുറച്ച് കുറയ്ക്കാൻ പറ്റുമോ?'– തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് 99 സീറ്റു കിട്ടുമെന്ന് അൽ അമീൻ പ്രവചിച്ചപ്പോൾ വാട്സാപ്പ് കൂട്ടായ്മകളിലെ കൂട്ടുകാർ പരിഹസിച്ചു. തൃശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ ഇൗ 27കാരൻ മറുത്തൊന്നും പറഞ്ഞില്ല. ഇന്നലെ വോട്ടെണ്ണുന്നതിനു മണിക്കൂറുകൾക്ക് മുൻപാണ് അൽ അമീൻ തന്റെ വാട്സാപ്പ് ഗ്രൂപ്പുകളിൽ എൽഡിഎഫ്–99, യുഡിഎഫ്–41, എൻഡിഎ–0 എന്നെഴുതി തന്റെ പ്രവചനം പുറംലോകത്തെ അറിയിച്ചത്. ഇതു കണ്ടു യുഡിഎഫ് അനുഭാവികൾക്ക് കലികയറി. അവർ പറയാത്ത 'നല്ല' വാക്കുകളൊന്നുമില്ലായിരുന്നു. അതേസമയം, എൽഡിഎഫ് അനുഭാവികളാണെങ്കിൽ ഇതിൽക്കൂടുതൽ കിട്ടുമെന്നു പ്രതീക്ഷിക്കുന്നതായും ആഹ്ളാദത്തോടെ അറിയിച്ചു. അപ്പോഴും ഇൗ യുവാവ് ഒന്നും പ്രതികരിച്ചില്ല.

al-ameen-post

 

ബികോം ബിരുദ ധാരിയും അയാട്ട പരിശീലനം പൂർത്തിയാക്കിയ ആളുമായ അൽ അമീനിന് പ്രത്യേക രാഷ്ട്രീയ ചായ്‍വ് ആരോടുമില്ലെങ്കിലും നാട്ടിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ തത്പരനായിരുന്നു. പത്ര–ഒാൺലൈൻ–ടെലിവിഷൻ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന വാർത്തകളൊക്കെ ഏറെ ശ്രദ്ധിക്കും. അങ്ങനെയാണു തിരഞ്ഞെടുപ്പിലെ വിജയസാധ്യത ഒന്നു ചികഞ്ഞുനോക്കാമെന്നു കരുതിയത്. പ്രളയങ്ങൾ, നിപ്പ തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ പിണറായി സർക്കാർ സാധാരണക്കാരെ ചേർത്തുപിടിക്കുകയും തങ്ങൾ കൂടെയുണ്ടെന്ന് ഉറപ്പുനൽകുകയും പട്ടിണിക്കാലങ്ങളിൽ വയറുനിറയ്ക്കുകയും ചെയ്തതിനാൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഇടതുപക്ഷത്തോട് ആളുകൾ അടുപ്പം പുലർത്തുന്നതിനു സാക്ഷിയായിരുന്നു. കൂടാതെ, നേമത്ത് എൻഡിഎ തുറന്ന അക്കൗണ്ട് തങ്ങൾ ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ധീരമായ വാക്കുകൾ ആളുകളിൽ ആവേശം ചൊരിഞ്ഞു.  അതുകൊണ്ട് 120 സീറ്റ് ഇടതുമുന്നണി നേടുമെന്നായിരുന്നു വിശ്വാസം. പക്ഷേ, ആഴക്കടൽ മത്സ്യബന്ധനം, നയതന്ത്ര ബഗേജിലെ സ്വർണക്കടത്ത് തുടങ്ങിയ വിവാദവിഷയങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും സീറ്റുകൾ കുറയുമെന്നും കണ്ടെത്തി. അവസാന ലാപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പ്രചാരണത്തിനെത്തിയതും യുഡിഎഫിന് അനുകൂലമായി. രാപ്പകലുകൾ ഉറക്കമിളച്ച് വീണ്ടും കൂട്ടിക്കുറക്കലുകൾ... കേരളത്തിൽ ജാതിമത ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്ന എൻഡിഎയെ ജനം ഒറ്റപ്പെടുത്തുമെന്നും കേരളത്തിലെ അവരുടെ വേര് പിഴുതെടുക്കാൻ ശ്രമിക്കുമെന്നും തിരിച്ചറിഞ്ഞപ്പോഴാണ് ആ കോളം ശൂന്യമായത്. അങ്ങനെ  ഒടുവിൽ മാന്ത്രിക സംഖ്യ കണ്ടെത്തി–99–41–0. 

al-ameen-children

 

വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് കിട്ടേണ്ടത് കിട്ടിയ ശേഷം ഒരുമാസം മുൻപായിരുന്നു ജോലി തേടി യുഎഇയിലേയ്ക്ക് വിമാനം കയറിയത്. ദിബ്ബയിലെ സഹോദരിയുടെ കുടുംബത്തിന്റെ കൂടെയാണു താമസം. റമസാനായതിനാൽ എവിടെയും കാര്യമായ റിക്രൂട്ട്മെന്റ് നടക്കാത്തതിനാൽ, വീട്ടിൽ തന്നെ ഇരിക്കുകയാണിപ്പോൾ.  അങ്ങനെയാണ് ഫെയ്സ് ബുക്ക് പേജിൽ ഇതേ ഫലം പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ, ഒന്നുകൂടി ആലോചിച്ചു, വെറുതെ ആളുകളുടെ 'സ്നേഹപ്രകടനം' ഏറ്റുവാങ്ങണോ?. തന്റെ നിഗമനം യാഥാർഥ്യമാകുമെന്ന് വീണ്ടും തോന്നൽ. അങ്ങനെയാണ് ഒന്നാം തീയതി രാത്രി എഫ്ബിയിൽ പോസ്റ്റ് ചെയ്യുന്നത്. വിചാരിച്ച പോലെ യുഡിഎഫ് അനുകൂലികൾ പൊങ്കാലയിട്ടു.

 

എന്നാൽ, വോട്ടെണ്ണൽ പൂർത്തിയായി ഫലം താൻ കണ്ടെത്തിയ മാന്ത്രിക സംഖ്യയിൽ ഉറച്ചു നിന്നപ്പോൾ ഇൗ യുവാവിന് അതിൽ യാതൊരു അത്ഭുതവുമില്ലായിരുന്നു. പേരിന്റെ അർഥം പോലെ അൽ അമീനിന്റെ പ്രവചനങ്ങളും വിശ്വസിക്കാമെന്നു തിരിച്ചറിഞ്ഞപ്പോൾ നേരത്തെ പൊങ്കാലയിട്ടവരൊക്കെ അഭിനന്ദനമറിയിക്കാനും മറന്നില്ല. ഫോൺ–054 50 48 756.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com