ADVERTISEMENT

ദുബായ് ∙ അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും ഉൾപ്പെടെ 13 പേർക്കൊപ്പം കേരളത്തിൽ നിന്നും യുഎഇയിലേക്ക് പറക്കാൻ മലയാളി വ്യവസായി ചെലവഴിച്ചത് 40 ലക്ഷത്തോളം (55,000 ഡോളർ) രൂപ. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്വകാര്യ ജെറ്റ് ഏർപ്പാടു ചെയ്താണ് ഷാർജ ആസ്ഥനമായുള്ള അൽ റാസ് ഗ്രൂപ്പിന്റെ എംഡി പി.ഡി. ശ്യാമളൻ യുഎഇയിലേക്ക് എത്തിയത്. നാലു ജീവനക്കാരും ശ്യാമളനും കുടുംബവും ഉൾപ്പെടെ 13 പേരാണ് വെള്ളിയാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ദുബായിലെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത്.

നാൽപ്പതുവർഷത്തിലേറെയായി യുഎഇയിലുള്ള ശ്യാമളൻ മകൾ അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മാർച്ച് 15നാണ് കുടുംബത്തോടൊപ്പം കേരളത്തിലേക്ക് വന്നത്. ഏപ്രിൽ 25നായിരുന്നു മകളുടെ വിവാഹം. ഇതിനു പിന്നാലെയായിരുന്നു യുഎഇ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തിയത്. തിരികെ എങ്ങനെ യുഎഇയിലേക്ക് വരുമെന്ന ആശങ്കയിൽ നിൽക്കുമ്പോഴാണ് ബിസിനസുകാർക്ക് ചാർട്ടേഡ് വിമാനത്തിൽ വരാമെന്ന് വിവരം അറിഞ്ഞത്. ഉടൻ തന്നെ ഇതിനു വേണ്ട നടപടികൾ നോക്കുകയായിരുന്നു. സ്മാർട് ട്രാവൽസ് ഉടമ അഫി അഹമദ് ആണ് വിമാന സൗകര്യം ഏർപ്പാടു ചെയ്തത്.

Syamalan-uae3

‘ഇത്തരത്തിൽ യാത്രാ വിലക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എനിക്കെന്നാൽ യുഎഇ സർക്കാരിൽ വിശ്വാസമുണ്ടായിരുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടാകുമെന്നും ഉറപ്പായിരുന്നു. ഉടൻ തന്നെ ഞങ്ങളുടെ രണ്ടാം വീട്ടിലേക്ക് മടങ്ങാമെന്നും പ്രതീക്ഷിച്ചു’ ശ്യാമളൻ പറഞ്ഞു. മകനും കമ്പനി സിഇഒയുമായ അജിത് ശ്യാം ആണ് യാത്രയ്ക്കുള്ള കാര്യങ്ങൾ നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ആർക്കെല്ലാം യാത്ര ചെയ്യാൻ പറ്റുമെന്ന കാര്യത്തിൽ ചില ആശങ്കകൾ ഉണ്ടായിരുന്നു. ഒടുവിൽ രക്ഷിതാക്കൾക്കും, ഭാര്യയ്ക്കും, മകൾക്കും, മറ്റു ബന്ധുക്കൾക്കും ജീവനക്കാർക്കും യാത്ര ചെയ്യാൻ സാധിച്ചു. യാത്രാ രേഖകൾക്ക് പുറമേ 48 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ ടെസ്റ്റ് ഫലം വേണ്ടിയിരുന്നു. യുഎഇയിൽ എത്തിക്കഴിഞ്ഞാൽ ക്വാറന്റീനിൽ ഇരിക്കുന്നതിനൊപ്പം നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിലും ടെസ്റ്റ് നടത്തണം.

Syamalan-uae1

‘യുഎഇയിലേക്കുള്ള യാത്ര പൂർണമായും നിരോധിച്ചിട്ടില്ല. ഇളവുകൾ ഉള്ളവർക്ക് യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് മനസിലാക്കുന്നത്. ഇന്ത്യയിലെ ഇപ്പോഴത്തെ കോവിഡ് അവസ്ഥ വേഗം നല്ലരീതിയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടിൽ കുടുങ്ങിയവർക്ക് വേഗം യുഎഇയിലേക്ക് എത്താൻ സാധിക്കട്ടേ’– ശ്യാമളൻ പറഞ്ഞു. ജിസിസി രാജ്യങ്ങളിൽ ഓട്ടോ എയർ കണ്ടീഷനിങ്ങ് സാധനങ്ങൾ വിൽക്കുന്ന കമ്പനിയാണ് ഇവരുടേത്.

ശ്യാമളൻ കുടുംബത്തോടൊപ്പം.
ശ്യാമളൻ കുടുംബത്തോടൊപ്പം.

സ്മാർട് ട്രാവൽസിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തുമെന്നും ഇതിനുള്ള നടപടികൾ പൂർത്തിയായെന്നും അഫി അഹമദ് പറഞ്ഞു. ബിസിനസുകാർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ യുഎഇയിലേക്ക് തിരികെ വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയിട്ടുണ്ട്. യുഎഇയിലേക്ക് എങ്ങനെ എപ്പോൾ വരാൻ കഴിയുമെന്ന് പലരും അന്വേഷിക്കുന്നുമുണ്ട്. നാട്ടിലുള്ള പ്രായമായ രക്ഷിതാക്കളെയും കുടുംബത്തെയും യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ടെന്നും അഫി അഹമ്മദ് പറഞ്ഞു.

സ്വകാര്യ ജെറ്റുകൾക്ക് പ്രിയം

14,000 ദിർഹം മുതൽ 17,000 ദിർഹം വരെയാണ് സ്വകാര്യ ജെറ്റിൽ വരുമ്പോൾ ഒരാൾക്ക് ചെലവ് വരുന്നത്. 13 സീറ്റുള്ള ഒരു സ്വകാര്യ ജെറ്റ് പൂർണമായും എടുക്കുമ്പോൾ 55,000 ഡോളറാണ് ചെലവ്. 19 സീറ്റുള്ള ജെറ്റിന് 62,000 ഡോളറും. ‘ഇപ്പോൾ സ്വകാര്യ ജെറ്റുകൾക്ക് ആവശ്യക്കാരുടെ എണ്ണം വർധിക്കുകയാണ്. അതേസമയം, അനുമതി നൽകുന്നതിന് കർശന നിയന്ത്രണങ്ങളും അധികൃതർ വയ്ക്കുന്നു’– ജെറ്റ്സ്ഹബിന്റെ കൊമേഴ്ഷ്യൽ ഡയറക്ടർ അഹ്മ്മദ് ഷജീർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com