ADVERTISEMENT

അബുദാബി∙ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് യുഎഇ അനിശ്ചിത കാല വിലക്കേർപ്പെടുത്തിയതോടെ മലയാളികള‍ടക്കം ആയിരക്കണക്കിന് ആളുകൾ നാട്ടിൽ കുടുങ്ങി. ജോലിയും ബിസിനസും നഷ്ടപ്പെടുമെന്ന ഭീതിയാണ് ഒരു കൂട്ടർക്കെങ്കിൽ വീസാ കാലാവധി തീരുന്നതാണ് മറ്റൊരു കൂട്ടരുടെ വേവലാതി.

നാട്ടിലേക്കയച്ച കുടുംബത്തെ തിരിച്ചെത്തിക്കാനാവതെ പ്രയാസപ്പെടുന്നവരും ഏറെ. ഇന്ത്യയിൽ കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മാതാപിതാക്കളെയും കുടുംബത്തെയും വിസിറ്റ് വീസയിൽ യുഎഇയിലേക്കു കൊണ്ടുവരാനിരുന്നവരും പ്രയാസത്തിലായി. നീട്ടിവച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ കഴിഞ്ഞ് യുഎഇയിലേക്കു വരാൻ കാത്തിരുന്നവരെയും പ്രവാസി കുടുംബങ്ങളെയും യാത്രാ വിലക്ക് വലച്ചു.

നാട്ടിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠിച്ചുകൊണ്ടിരുന്നവർ ഹോസ്റ്റൽ അടച്ചതോടെ ബന്ധുക്കളുടെ വീട്ടിൽ കഴിയേണ്ട അവസ്ഥയാണ്. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ താമസിപ്പിക്കാൻ വിമുഖത കാട്ടുന്നവരുമുണ്ട്. കേരളത്തിൽ ലോക്ഡൗൺ കൂടി പ്രഖ്യാപിച്ചത് പ്രവാസി മലയാളികളുടെ ആധി വർധിപ്പിച്ചു. തനിച്ചു താമസിക്കുന്ന മാതാപിതാക്കളുള്ളവരുടെയും നെഞ്ചിടിപ്പു കൂട്ടി. ഏപ്രിൽ 25നു പുലർച്ചെ പ്രാബല്യത്തിലായ യാത്രാ വിലക്ക് മേയ് 4ന് തീരുമെന്ന് പ്രതീക്ഷിച്ചിരിക്കെ 14ലേക്കു നീട്ടി.

ഇന്ത്യയിൽ കോവിഡ് വർധിക്കുന്നതിനാൽ വിലക്ക് ഉടനൊന്നും പിൻവലിക്കാനുള്ള സാധ്യതയില്ല.  സൗദിയിലെ വിലക്കുപോലെ മാസങ്ങളോളം നീണ്ടാൽ പലരുടെയും ജോലി നഷ്ടപ്പെടും. തിരിച്ചെത്താനാവാതെ നാട്ടിൽ കുടുങ്ങിയ കച്ചവടക്കാരെയും  ഇതു ബാധിക്കും. ദുബായ് കറാമയിൽ ഫുഡ് സ്റ്റഫ് വ്യവസായിയായ ചാവക്കാട് സ്വദേശി നൗഷാദ് കുറഞ്ഞ അവധിക്കു നാട്ടിൽ ‍പോയി കുടുങ്ങി. ഒരു മാസത്തേക്കു നാട്ടിൽ പോയി തിരിച്ചെത്താനിരിക്കെ കോവിഡ് പിടിപെട്ട് യാത്ര നീട്ടേണ്ടിവന്ന തിരുവത്ര സ്വദേശി ഷഫീഖ് ചാലിൽ ഹംസ തിരിച്ചെത്താനിരിക്കെയാണ് യാത്രാ വിലക്കു വന്നത്.

തിരിച്ചെത്താൻ വൈകിയ പലരോടും വരേണ്ടെന്നു പറയുന്നതിനാൽ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണദ്ദേഹം. നാട്ടിലുള്ള ഭാര്യയും മക്കളും തിരിച്ചെത്താനിരിക്കെയാണ് യാത്രാവിലക്ക് വന്നതെന്നു തിരുവനന്തപുരം സ്വദേശി സാം വർഗീസ് പറഞ്ഞു. ഇപ്പോൾ വീസ കാലാവധിയും തീർന്നു. കഴിഞ്ഞ വർഷം ഇത്തരമൊരു സാഹചര്യത്തിൽ വീസാ കാലാവധി നീട്ടിനൽകിയതുപോലെ യുഎഇയുടെ ഭാഗത്തുനിന്ന് അനുകൂല നടപടി കാത്തിരിക്കുകയാണ് പ്രവാസികൾ.

വീസ കാലാവധി തീരാറായവർ ഡൽഹിയിലെ യുഎഇ എംബസിയുമായി ഓൺലൈനിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കും സിസ്റ്റം ബ്ലോക്കായതോടെ നിരാശയായി. മെയിൽ അയച്ചിട്ടും മറുപടി ലഭിക്കാത്തവർ ആശങ്കയിലാണ്.

യുഎഇയിലെത്താൻ വളഞ്ഞ വഴികൾ; വൻ ചെലവ്

എല്ലാ പ്രതീക്ഷകളും അസ്തമിച്ചവർ യുഎഇയിലെത്താൻ മറ്റു വഴികൾ തേടുകയാണ്. യാത്രാ വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് പിസിആർ ടെസ്റ്റെടുത്ത് യുഎഇയിലേക്കു വരാനുള്ള അവസരം ഉപയോഗപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്.

ബഹ്റൈൻ, അർമീനിയ തുടങ്ങിയ രാജ്യങ്ങൾ വഴി യുഎഇയിലേക്കും സൗദിയിലേക്കും പോകുന്നതിനുള്ള പാക്കേജുകൾ വിവിധ ട്രാവൽ ഏജൻസികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു ചെലവേറുമെന്നതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമാകും.

വ്യവസായികൾക്ക്  സ്വന്തം വിമാനത്തിൽ വരാനുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തി 8–13 സീറ്റുകൾ വരെയുള്ള വിമാനത്തിൽ ആളുകളെ കൊണ്ടുവരാനുള്ള ശ്രമവും നടക്കുന്നുണ്ട്. 16,000 ദിർഹമാണ് ടിക്കറ്റ് നിരക്ക്. യുഎഇ ഗോൾഡൻ വീസയുള്ളവരെ യുഎഇയിലെത്തിക്കാൻ  പ്രത്യേക സർവീസിന് എയർ അറേബ്യയ്ക്കും പദ്ധതിയുണ്ട്. 5000–6000 ദിർഹമാണ് ടിക്കറ്റ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com