sections
MORE

യുഎഇ മണൽത്തരികൾ ഷെയ്മ കോരിയെടുത്തു ; അതു വിസ്മയ ചിത്രങ്ങളായി വിരിഞ്ഞു

sheimaa
SHARE

ഷാർജ ∙പഠിച്ചത് ആർകിടെക്ചറൽ എൻജിനീയറിങ്; എങ്കിലും യുഎഇയിലെ മണൽത്തരികൾ ഷെയ്മയോട് പറഞ്ഞു: എന്നെയങ്ങെടുത്തോളൂ എന്ന്. ഷാർജയിലെ ഷെയ്മ എന്ന അറബ് പെൺകൊടി മറ്റൊന്നുമാലോചിക്കാതെ ആ പൊന്‍തരികളെ കൈക്കുമ്പിളിൽ കോരിയെടുത്ത് വിതറിയപ്പോൾ വിരിഞ്ഞത് വിസ്മയകരമായ ചിത്രങ്ങൾ. യുഎഇ, ഒമാൻ അടക്കമുള്ള രാജ്യങ്ങളിലെ പ്രമുഖ മുദ്രകളും മുഖങ്ങളും മണലില്‍ നിറഞ്ഞാടുന്നത് കണ്ട് എല്ലാവരും കോരിത്തരിച്ചു. അറബ് ലോകത്തെ ആദ്യത്തെ മണൽ ചിത്ര(സാൻഡ് ആർട്)കാരി ഷെയ്മ അൽ മുഗൈരി എന്ന യുവ കലാകാരിയുടെ വിജയകഥ വ്യത്യസ്ത മേഖലകളിൽ വിരാജിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് പ്രചോദനമാണ്. 

sheima-sand-artist

 

ചിത്രകലയോടുള്ള അഭിനിവേശം

കുഞ്ഞുനാളിലേ ചിത്ര രചനയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ഷെയ്മയ്ക്ക്. സ്കൂളിലെയും പുറംലോകത്തെയും കാഴ്ചകള്‍ ചിത്രങ്ങളാക്കി മാതാപിതാക്കൾക്കു കാണിക്കും. എങ്കിലും ആദ്യം ഭാവി ഭദ്രമാക്കണമെന്ന രക്ഷിതാക്കളുടെ അഭിപ്രായത്തിന്റെ കൂടെ നിന്നു ഷാർജ യൂണിവേഴ്സിറ്റിയിൽ ആർകിടെക്ട് എൻജിനീയറിങ് പഠിച്ചു. പിന്നീട് മണൽചിത്ര രചനയിലേയ്ക്ക് ശ്രദ്ധ തിരിച്ചു. മണൽചിത്ര രചനയോട് വലിയ ഇഷ്ടമായതിനാലാണ് അത്തരമൊരു കലയിൽ ശ്രദ്ധയൂന്നിയതെന്നു ഷെയ്മ മനോരമ ഒാൺലൈനിനോട് പറഞ്ഞു. 

സ്വയം പരിശീലിച്ചതാണ് മണൽചിത്ര രചന. ഇപ്പോൾ യുഎഇയില്‍ ഫ്രീലാൻസായി പരിപാടി നടത്തുന്നു. സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് അഹ്മദ് അൽ മുഗൈരിയുടെയും മാതാവ് റയീഫയുടെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും അതിലുപരി കൂട്ടുകാരുടെയും അധ്യാപകരുടെയും പൂർണ പിന്തുണയും പ്രോത്സാഹനവും ഇൗ യുവതിക്കുണ്ട്. കലയോടുള്ള ആത്മസമർപ്പണമാണ് തന്നെ വിജയത്തിലെത്തിച്ചതെന്ന് ഇവർ പറയുന്നു. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച എല്ലാവരും ഉല്ലസിക്കുമ്പോൾ പോലും ഷെയ്മ അടുത്ത പരിപാടിക്ക് വേണ്ട ഒരുക്കങ്ങൾ നടത്തുകയായിരിക്കും. ഒാരോ കഥയ്ക്കും വേണ്ട സ്കെച്ചുകൾ ആദ്യമേ വരച്ചുണ്ടാക്കും. പൂർണമായ തയ്യാറെടുപ്പോടെ മാത്രമേ ഏതൊരു പരിപാടിയിലും പങ്കെടുക്കാറുള്ളൂ.

sheima-pic

 

അങ്ങനെ മണൽചിത്ര രചനയിൽ നോട്ടമിട്ടു

വാസ്തുശില്പനിർമാണം അഭ്യസിക്കുമ്പോഴും കലയുടെ ഉൾവിളി ഷെയ്മയുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരുന്നു. പരമ്പരാഗത ശൈലിയിലുള്ള പെയിൻ്റിങ്ങും ചിത്രരചനയുമല്ലാതെ വേറിട്ടെന്തെങ്കിലും ചെയ്യണമെന്ന ചിന്ത മനസിൽ പച്ചപിടിച്ചു. 2007ൽ ഒരു ദിവസം പ്രശസ്ത മണൽചിത്രകാരി ഇലാന യഹാവിന്റെ സൃഷ്ടിയുടെ വീഡിയോ യൂ ട്യൂബിൽ തന്റെ അധ്യാപിക കാണിച്ചതോടെയാണ് ഇൗ രംഗത്തോട് ആദ്യമായി ആകർഷണം തോന്നിയത്. വീട്ടിൽ തിരിച്ചെത്താൻ താമസം കുറച്ച് മണലെടുത്ത് ആദ്യമായി ചിത്രം വരച്ചു. അത് മാതാപിതാക്കളെ കാണിച്ചപ്പോൾ അവര്‍ക്കും സന്തോഷമായി. പിന്നീട്, ഇൗ ചിത്രരചനാ രീതി കഠിനമായി സ്വയം പരിശീലിക്കാൻ തുടങ്ങി. യുഎഇയുടെ 37–ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഉമ്മുൽഖുവൈൻ വിദ്യാഭ്യാസ സോണിലെ അധികൃതർ നൽകിയ അവസരമാണ് ആദ്യത്തെ പൊതുപരിപാടി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ ചിത്രമാണ് മണലിൽ തീർത്തത്. അത് വിജയമായതോടെ ഇൗ മേഖലയിൽ തനിക്ക് ഒരു ഇരിപ്പിടമുണ്ടെന്നും പാരമ്പര്യവും പൈതൃകവും തുടിക്കുന്ന യുഎഇയുടെ മുദ്രകൾ മണലിലൂടെ ചിത്രമാക്കിയാൽ ഏറെ ആകർഷകമായിരിക്കുമെന്നും  മനസിലാക്കി. യുഎഇയിലെ പരിപാടികളിലും കൂടുതലും ഇത്തരം ചിത്രങ്ങളാണ് വരയ്ക്കാറ്.

sand-atr=saima

ഒമാൻ സ്വദേശിനിയായ ഷെയ്മയും കുടുംബവും 19 വർഷം മുൻപ് യുഎഇയിലേയ്ക്ക് ചേക്കേറിയപ്പോൾ 19 വർഷം താമസിച്ചത് ഉമ്മുൽഖുവൈനിലായിരുന്നു. അടുത്തിടെയാണ് ഷാർജയിലെത്തിയത്. പാചക കലയിലും തത്പരയാണ് ഇൗ യുവതി. ചൈനീസ് വിഭവമായ സുഷിയാണ് ഇടയ്ക്കിടെ ഉണ്ടാക്കാറ്. പാചകത്തിലും വൈവിധ്യം കണ്ടെത്താൻ ശ്രമിക്കുന്നതാണ് തന്റെ ഹോബിയെന്ന് യുഎഇയിലെ ഇൗ വേറിട്ട കലാകാരി പറയുന്നു.

 

പുറംലോകം അറിഞ്ഞു തുടങ്ങിയത്...

അമേരിക്കാസ് ഗോട് ടാലന്റ് എന്ന പ്രശസ്ത പരിപാടിയുടെ ചുവടുപിടിച്ചുള്ള അറബ്സ് ഗോട് ടാലന്റിൽ 2012ൽ പങ്കെടുത്തതോടെയാണ് ഷെയ്മയുടെ കലാവൈഭവം ലോകം തിരിച്ചറിയുന്നത്. ഇതോടെ യുഎഇയിലെയും അറബ് ലോകത്തെയും വിവിധ കമ്പനികൾ തങ്ങളുടെ പരിപാടികൾക്കു കൊഴുപ്പേകാൻ ഇവരെ ക്ഷണിച്ചു. രാജ്യാന്തര തലത്തിലും ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തു. സംഗീതപ്രധാനമായ ടെലിവിഷൻ സീരീസുകളിലും സംഗീത വീഡിയോകളിലും വിവാഹമടക്കമുള്ള മറ്റു ചടങ്ങുകളിലും ഇന്ന് സജീവ സാന്നിധ്യമാണ്.   

ലോകത്തോട് പറയാനുണ്ട്, കലയിലൂടെ

സമൂഹത്തോട് തന്റെ അഭിപ്രായങ്ങള്‍ പറയാനും സന്ദേശങ്ങൾ നൽകാനുമുള്ള ശക്തമായ കലയാണ് മണൽചിത്ര രചനയെന്ന് ഷെയ്മ പറയുന്നു. സാമൂഹിക വിഷയങ്ങൾ ചിത്രമാക്കാനാണ് കൂടുതലും താൽപര്യം കാട്ടാറ്. ഇൗ ലോകത്തോട് പലതും വിളിച്ചുപറയാൻ മണൽചിത്ര രചനയിലൂടെ സാധിക്കും.

ഇന്ത്യയിലെ മണൽത്തരികൾ കൊതിപ്പിക്കുന്നു

ഇന്ത്യയിലെ മണൽത്തരികൾ തന്നെ എപ്പോഴും കൊതിപ്പിക്കാറുണ്ട്. വേറിട്ട നിറങ്ങളാണതിന്. ചിത്രങ്ങളിൽ വൈവിധ്യം പുലർത്താൻ ആ മണല്‍ ഉപകരിക്കും. വളരെ മൃദുവായ മണലുകളാണു ചിത്രരചനയ്ക്ക് ഏറെ അനുയോജ്യം. കടൽത്തീരത്തെ മണൽ അത്ര നന്നാകില്ല. മരുഭൂമിയിലെ മണൽക്കൂനയിൽ നിന്നുള്ള സ്വർണ–തവിട്ട് നിറമുള്ള മണൽ ഏറ്റവും അനുയോജ്യം. റാസൽഖൈമയിൽ നിന്നുള്ള മണലാണു താൻ പതിവായി ഉപയോഗിക്കാറെന്ന് ഇവർ പറയുന്നു. കുടുംബത്തോടൊപ്പം ഒമാനിലേയ്ക്ക് പോകുമ്പോൾ മണൽക്കുന്നുകളിലെ നിറവിസ്മയങ്ങൾ നോക്കിക്കാണാറുണ്ട്. പറ്റുമെങ്കില്‍ ശേഖരിക്കുകയും ചെയ്യുന്നു. 

ചിത്രരചനയിൽ മാത്രമല്ല, സംഗീതോപകരണങ്ങൾ വായിക്കുന്നതിലും ഷെയ്മ മികവ് തെളിയിച്ചിട്ടുണ്ട്. അക്കോർഡിൻ, പിയാനോ, സിംബൽ, ടാംബൊറിൻ, ട്രയാങ്ക്ൾ, സൈലോഫോൺ, ഡ്രംസ് എന്നിവ വായിക്കാനറിയാം. സ്കൂളിൽ പഠിക്കുമ്പോൾ ജിംനാസ്റ്റിക് രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമ കാണുകയാണു മറ്റൊരു പ്രധാന വിനോദം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA