ADVERTISEMENT

ദുബായ്∙ വ്യക്തികളുടെ പഴയ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമിച്ചുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകം. കേരളത്തിൽ ഇപ്പോൾ വ്യാപകമായ തട്ടിപ്പ് പ്രവാസ ലോകത്തേക്കും വ്യാപിച്ചു. പല പ്രവാസികളുടെയും പേരിൽ ഇങ്ങനെ വ്യാജ അക്കൗണ്ടുകളിലൂടെ സഹായ അഭ്യർഥനയും നടന്നിട്ടുണ്ട്.

വ്യാജ അക്കൗണ്ടുകളുണ്ടാക്കി മെസഞ്ചറിൽ സന്ദേശം അയയ്ക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രതികരിക്കുന്നവരോട് ഫോണിൽ പ്രശ്നമുള്ളതിനാൽ വാട്സാപ് നമ്പർ തരണമെന്ന് ആവശ്യപ്പെടും. തുടർന്ന് ബാങ്ക് അക്കൗണ്ടുകളിൽ തകരാർ സംഭവിച്ചതിനാൽ അടിയന്തര ആവശ്യത്തിന്  രൂപ വേണം എന്ന വാട്സാപ് സന്ദേശം അയയ്ക്കും. പണം നിക്ഷേപിക്കേണ്ട വിവരങ്ങളും നൽകും.
മെസഞ്ചറിൽ നേരിട്ട് ഇതേ ആവശ്യം ഉന്നയിക്കുന്ന രീതിയും ഉണ്ട്.

ഇപ്പോൾ നാട്ടിലാണെന്നും ഗൾഫിലേക്ക് മടങ്ങാൻ പണം വേണമെന്നും സന്ദേശം അയയ്ക്കുന്നവരുണ്ട്.
ജൂൺ 25ന് ആണ് ദുബായിലേക്ക് പോകേണ്ടതെന്ന സന്ദേശം കണ്ട് സംശയം തോന്നിയതാണ് ചിലർക്ക് തുണയായത്. ദുബായിലേക്ക് വിമാന സർവീസ് നിലവിലില്ലെന്ന അറിവ് തട്ടിപ്പുകാർക്ക് ഇല്ലാതെ പോയത് രക്ഷയായി. തുടർന്ന് അവർ യഥാർഥ ഫോൺ നമ്പർ ഉടമകളെ നേരിട്ടു വിളിച്ച് വിവരം അറിയിച്ചപ്പോഴാണ് വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടക്കുന്നത് അറിയുന്നത്.

ഫെയ്സ് ബുക്കിൽ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ചിലരോട് വീണ്ടും നമ്പർ ആവശ്യപ്പെട്ടതും സംശയത്തിന് ഇടയാക്കി. ഇങ്ങനെ സംശയം തോന്നിയ ചിലരും തട്ടിപ്പിൽപ്പെടാതെ രക്ഷപ്പെട്ടു. തട്ടിപ്പുകാർക്കെതിരെ ജാഗ്രതവേണമെന്ന് പൊലീസും മുന്നറിയിപ്പു നൽകുന്നു.

കോവിഡ് കാലം തട്ടിപ്പുകാർക്ക് കൊയ്ത്തുകാലം

കോവിഡ് കാലത്ത് ഓൺലൈൻ തട്ടിപ്പുകൾ കൂടിയെന്ന് ഇന്റർപോൾ അടക്കമുള്ള ഏജൻസികളും ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ നടന്ന അന്വേഷണത്തിൽ ഒരുലക്ഷത്തിലധികം ഓൺലൈൻ വ്യാജ ഫാർമസി ഏജൻസികളാണ് പിടിയിലായത്. 92 രാജ്യങ്ങളിൽ വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഓപ്പറേഷൻ പാജിയ14 എന്ന പേരിൽ നടന്ന അന്വേഷണത്തിൽ 113020 വ്യാജ വെബ്സൈറ്റുകൾ ഉൾപ്പെടെയുള്ള വെബ് ലിങ്കുകകളാണ് നശിപ്പിച്ചത്. 2008 നടത്തിയ ആദ്യ ഓപ്പറേഷൻ പാൻജിയയ്ക്കു ശേഷം ഇത്രയധികം തട്ടിപ്പുകൾ കണ്ടെത്തുന്നതും ഇആദ്യമാണെന്നും അവർ വ്യക്തമാക്കുന്നു.

വ്യാജൻ വലവീശിയത് രണ്ടു തവണ...

തന്റെ ചിത്രം വച്ച് രണ്ടുവട്ടം വ്യാജ അക്കൗണ്ടിലൂടെ ഇതു പോലെ കഴിഞ്ഞദിവസം തട്ടിപ്പിന് ശ്രമം നടന്നെങ്കിലും പലരും അവസരോചിതമായി ഇടപെട്ടതിനാൽ ആർക്കും പണം നഷ്ടമായില്ലെന്ന് അബുദാബിയിൽ ജോലി ചെയ്യുന്ന മുതുകുളം തെക്ക് സാഗരത്തിൽ സത്യപാലൻ നായർ പറഞ്ഞു. രാവിലെ ബന്ധുവിളിച്ചു പറഞ്ഞപ്പോഴാണ് തന്റെ പേരിൽ പലർക്കും 20000 രൂപ ആവശ്യപ്പെട്ട് സന്ദേശം പോയെന്ന് മനസ്സിലായത്.

fraud
വ്യാജ  പ്രൊഫ്രൈൽ നിർമിച്ചു തട്ടിപ്പു നടത്തുന്ന സംഘത്തിന് പരീക്ഷണാർഥം ഒരു രൂപ അയച്ചപ്പോൾ തെളിഞ്ഞ പേര്.

ഉടൻ തന്നെ സമാന രീതിയിൽ സന്ദേശം ചെന്ന നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് വ്യാജനുമായി സംസാരിക്കാനും ആളെ കണ്ടുപിടിക്കാൻ ശ്രമിക്കാനും നിർദ്ശിച്ചു. ഇതനുസരിച്ച് വ്യാജനുമായി മെസേജ് അയയ്ക്കുന്നത് തുടർന്നു. ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇടാൻ പ്രയാസമാണെന്നും ഗൂഗിൾ പേ ചെയ്യാമെന്നും അറിയിച്ചു. പരീക്ഷണാർഥം നൂറു രൂപ അയയ്ക്കാമെന്ന് പറഞ്ഞെങ്കിലും ഒരു രൂപ അയച്ചപ്പോൾ ഗജരാജ് കുമാർ എന്ന പേരാണ് അക്കൗണ്ടിൽ തെളിഞ്ഞത്. എന്നാൽ പിന്നീട് ഇയാൾ  അക്കൗണ്ട് ഡിലീറ്റാക്കി. തന്റെ പതിമൂന്നു ചിത്രങ്ങൾ വ്യാജൻ തട്ടിയെടുത്തതായി വ്യാജ അക്കൌണ്ടിൽ കയറി പരിശോധിച്ചപ്പോൾ മനസ്സിലായെന്നും സത്യപാലൻ പറഞ്ഞു.

സത്യപാലൻ എന്ന വ്യാജ ഫെയ്സ് ബുക്കും ഡിലീറ്റ് ചെയ്തു. എന്നാൽ ഉച്ചകഴിഞ്ഞതോടെ വീണ്ടും സത്യപാലന്റെ ചിത്രങ്ങൾ ഉപയോഗിച്ചു തന്നെ മറ്റൊരു അക്കൌണ്ട് നിർമിച്ച് പലർക്കും വീണ്ടും സഹായ അഭ്യർഥന അയച്ചു. സമാന രീതിയിൽ സന്ദേശം ചെന്ന ഹരിപ്പാട്ടുള്ള പട്ടാള ഉദ്യോഗസ്ഥൻ വ്യാജനോട് ആധാർ കാർഡ് ചോദിച്ചതോടെ ആ വ്യാജ അക്കൗണ്ടും ഡിലീറ്റ് ചെയ്തു മുങ്ങിയെന്ന് അദ്ദേഹം പറഞ്ഞു.

പിന്നിൽ ഹരിയാന സംഘമെന്ന് സൈബർ സെൽ

ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘമാണ് കേരളത്തിൽ തട്ടിപ്പ് വ്യാപകമായി നടത്തുന്നതെന്നു കോട്ടയം സൈബർ സെൽ സിഐ ബിനോജ് വ്യക്തമാക്കി. ഇപ്പോൾ പ്രവാസ ലോകത്തേക്കും കടന്ന തട്ടിപ്പിന് ഉപയോഗിച്ച നമ്പർ ഹരിയാനയിൽ നിന്നുള്ളതാണെന്നും അദ്ദേഹം അറിയിച്ചു. തട്ടിപ്പുകാർ മരിച്ചു പോയവരുടെ ആധാർ കാർഡും തിരിച്ചറിയൽ കാർഡും മറ്റും ഉപയോഗിച്ചാണ് സംഘം ഫോൺ കണക്‌ഷൻ സംഘടിപ്പിക്കുന്നത്.

ഫെയ്സ് ബുക്കിൽ ഫോൺ നമ്പർ നൽകിയവരാണ് ഇവരുടെ ഇരകളാകുന്നത്. വ്യാജ സന്ദേശം വരുന്ന ഫെയ്സ് ബുക്ക് ലിങ്ക് അപ്പോൾത്തന്നെ എടുത്താൽ അക്കൌണ്ട് ഡിലീറ്റ് ചെയ്യാനാകും. തട്ടിപ്പു കണ്ടാൽ ഉടൻ തന്നെ ഇരയായ വ്യക്തി തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ഫെയ്സ് ബുക്കിലൂടെ തന്നെ അറിയിപ്പു നൽകണമെന്നും അദ്ദേഹം പറഞ്ഞു.

English Summary: cyber fraud cases increase's in uae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com