ADVERTISEMENT

ദുബായ് ∙ മാസങ്ങൾക്കു ശേഷം നാട്ടിൽ നിന്നുള്ളവർക്കായി ദുബായ് വാതിൽ തുറക്കുമ്പോൾ സന്തോഷത്തിനൊപ്പം ആശങ്കകളുടെയും ടേക് ഓഫ്. വാക്സീനിൽ അസ്ട്രസെനകയുടെ ഇന്ത്യൻ പതിപ്പായ േകാവിഷീൽഡ് എടുത്തവർക്ക് മടക്കയാത്രയ്ക്കു തടസമില്ലെങ്കിലും രാജ്യാന്തര അംഗീകാരത്തിന് കാത്തിരിക്കുന്ന കോവാക്സീൻ സ്വീകരിച്ചവരുടെ കാര്യം അനിശ്ചിതത്വത്തിൽ.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് പ്രവാസികളുടെ ആവശ്യം. അതേസമയം, നാട്ടിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു വിഭാഗത്തെ തിരികെയെത്തിക്കാനുള്ള നടപടികളുടെ ആദ്യഘട്ടമാണിതെന്നു വ്യോമയാന മേഖലയിലുള്ളവർ പറയുന്നു. ആവശ്യത്തിനു ജീവനക്കാരില്ലാതെ പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്.

ജീവനക്കാരിൽ ഒരുവിഭാഗത്തിനെങ്കിലും എത്താൻ കഴിഞ്ഞാൽ അവർക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ആശ്വാസമാകും. തുടർഘട്ടങ്ങളിലാകും ഇതര വിഭാഗങ്ങൾക്ക് ഇളവുണ്ടാകുകയെന്നാണ് ഇവർ നൽകുന്ന സൂചന.

വാക്സീൻ: പരിഗണന നൽകണം

നാട്ടിൽ കുടുങ്ങിയവരിൽ വാക്സീൻ എടുക്കാത്തവരേറെയാണ്. നിലവിലെ സാഹചര്യത്തിൽ രണ്ടാമത്തെ ഡോസ് കിട്ടാൻ വൈകിയെങ്കിലോ എന്ന് കരുതി വാക്സീൻ എടുക്കാത്തവരുമുണ്ട്. കുടുംബത്തോടൊപ്പം നാട്ടിൽ കുടുങ്ങിയ പലരുടെയും വീസ കാലാവധി കഴിയാറായി. തൊഴിൽ മേഖലയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ വൈകുന്ന ഓരോ ദിവസവും ആശങ്കയോടെയാണ് ഇവർ കഴിയുന്നത്.

പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകി വാക്സീൻ ലഭ്യമാക്കുകയും ഒരു ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് എടുക്കാൻ ദുബായിൽ അവസരം നൽകണമെന്നുമാണ്  ആവശ്യം. വ്യക്തത തേടിയെത്തുന്ന വിളികൾക്ക് കൃത്യമായ മറുപടി നൽകാനാകുന്നില്ലെന്നു ട്രാവൽ ഏജൻസി ജീവനക്കാർ പറയുന്നു. 

വാക്സീൻ സുരക്ഷയിൽ സുഖയാത്ര

വാക്സീൻ എടുത്തശേഷം നാട്ടിൽ പോയവർക്ക് സന്തോഷിക്കാം. ഒട്ടേറെ പേർ വാക്സീൻ എടുത്തിരുന്നു. ഇവർക്ക് ഉടൻ മടങ്ങാമെന്നു മാത്രമല്ല, മറ്റു രാജ്യങ്ങളിൽ വഴിയുള്ള യാത്ര ഒഴിവാകുകയും ചെയ്തു. വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം തങ്ങി ദുബായിലേക്കു മടങ്ങാൻ ഒന്നരലക്ഷം രൂപവരെയുള്ള പാക്കേജാണ് പല ട്രാവൽ ഏജൻസികളും പ്രഖ്യാപിച്ചിരുന്നത്.

നാട്ടിൽ അവധിക്കു പോകാനിരിക്കുന്നവർക്കും തീരുമാനം ആഹ്ലാദം പകരുന്നു. മലയാളികളിൽ വലിയൊരു വിഭാഗവും 2 ഡോസ് വാക്സീൻ എടുത്തവരാണ്. ഇവർക്കു പോകാനും മടങ്ങിവരാനും തടസ്സമില്ല. പലരും ഇന്നലെ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ശ്രമത്തിലാണ്.

അവധി നീണ്ടാൽ ജോലി പോകും

വാക്സീൻ എടുക്കാതെ  മടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ജോലിക്കാര്യത്തിലും അനിശ്ചിതത്വമാണെന്ന് നാട്ടിലുള്ള പലരും പറയുന്നു. ഇളവു തേടി കമ്പനിക്കു കത്തയച്ച ചിലർക്ക് മറുപടി പോലും ലഭിച്ചില്ല. കൂടുതൽ വൈകിയാൽ ജോലിക്കാര്യത്തിൽ ഉറപ്പുപറയാനാകില്ലെന്നു ചില കമ്പനികൾ സൂചന നൽകിയിട്ടുണ്ട്. രോഗമില്ലാത്തവർക്ക് മടങ്ങാൻ അടുത്തഘട്ടത്തിലെങ്കിലും അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ജിന്റോ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഏപ്രിലിൽ നാട്ടിൽ പോയത്. കോവിഡ് സാഹചര്യത്തിൽ ചികിത്സ തുടരാനായില്ല. മടക്കയാത്ര അനിശ്ചിതത്വത്തിലുമായി. വാക്സീൻ എടുത്തിട്ടുമില്ല. നാട്ടിൽ എന്തെങ്കിലും സംരംഭം തുടങ്ങാൻ അനുകൂല സാഹചര്യമല്ലെന്നും ജിന്റോ പറയുന്നു. പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്.

ധനകാര്യസ്ഥാപനങ്ങളിൽ നിന്നു വായ്പ കിട്ടാനും എളുപ്പമല്ലാത്തതിനാൽ ഗൾഫിലേക്കു മടങ്ങാതെ നിവൃത്തിയില്ല. വാക്സീൻ എടുക്കാൻ പലതവണ റജിസ്ട്രേഷനു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് മാർച്ചിൽ അവധിക്കുപോയ തിരുവനന്തപുരം സ്വദേശി സാബു  പറയുന്നു. ശമ്പളമില്ലാത്ത അവധി കമ്പനി അനുവദിച്ചതിനാൽ ജോലിക്കാര്യത്തിൽ ആശങ്കയില്ല.

കോവിഷീൽഡിന് ഡിഎച്ച്എയുടെ പച്ചക്കൊടി

ദുബായ്∙ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കൊവിഷീൽഡും അസ്ട്രസെനകയും ഒന്നാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. ആദ്യമായാണ് ഇക്കാര്യത്തിൽ ദുബായുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുന്നത്. ഇന്ത്യയുടെ കോവിഷീൽഡ് യുഎഇ അംഗീകരിച്ചിട്ടുണ്ടെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്. ഇതിനുപുറമേ സിനോഫാം, ഫൈസർ, സ്പുട്നിക് എന്നീ വാക്സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഈ വാക്സീനിൽ ഏതെങ്കിലും സ്വീകരിച്ച താമസവീസക്കാരായ പ്രവാസി ഇന്ത്യക്കാർക്കാണ് 23 മുതൽ പ്രവേശനം അനുവദിച്ചത്.

റാപ്പിഡ് ടെസ്റ്റ് സെന്ററുകൾ ഒരുക്കണം: കെഎംസിസി

ദുബായ്∙ യാത്രാ വിലക്ക് യുഎഇ നീക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് സെന്ററുകൾ ഒരുക്കണമെന്ന് യുഎഇ കെഎംസിസി ആവശ്യപ്പെട്ടു. യാത്രയുടെ 48 മണിക്കൂർ കാലാവധിയുള്ള ക്യുആർ കോഡുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കുന്നതിനൊപ്പം വിമാനം പുറപ്പെടുന്നതിനു 4 മണിക്കൂർ മുമ്പ് റാപ്പിഡ് ടെസ്റ്റിനു വിധേയരാകണമെന്നാണ് നിർദേശം.

ഇതിനായി വിമാനത്താവളങ്ങളിൽ ടെസ്റ്റിങ് സൗകര്യം വേണം. ഈ ആവശ്യം ഉന്നയിച്ചു വിവിധ സർക്കാർ വകുപ്പുകൾക്ക് അപേക്ഷ അയച്ചതായി യുഎഇ കെഎംസി‌സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാൻ അറിയിച്ചു. പലരും നാട്ടിലെത്തി തിരികെ വന്നു ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണ്. ഇവരെ അവരവരുടെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ വേണ്ട ഊർജ്ജിതമായ ശ്രമം കേരള സർക്കാർ മുൻകയ്യെടുത്തു നടത്തണമെന്നും ജനറൽ സെക്രട്ടറി അൻവർ  നഹ, വർക്കിങ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ട്രഷറർ നിസാർ തളങ്കര എന്നിവരും ആവശ്യപ്പെട്ടു.

English Summary: Dubai eases travel restrictions for passengers from India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com