ADVERTISEMENT

മക്ക ∙ ഈ വർഷത്തെ ഹജിന് ഓൺലൈൻ റജിസ്‌ട്രേഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രായമനുസരിച്ച് മൊബൈൽ സന്ദേശങ്ങൾ അയച്ച് തുടങ്ങിയതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ പോർട്ടലിൽ പ്രത്യേകം റജിസ്റ്റർ ചെയ്ത 558,270 അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് സന്ദേശങ്ങൾ അയക്കുന്നത്. 51 നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ സന്ദേശം അയച്ചത്. ഇവരിൽ തിരഞ്ഞെടുത്തവർക്ക് വെള്ളിയാഴ്ച് അർധ രാത്രിവരെയാണ് തുടർ റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരുന്നത്. 

രണ്ടാം ഘട്ടം 41 നും 50 നും ഇടയുള്ളവരിൽ നിന്ന് മാനദണ്ഡങ്ങൾക്കനുസരിച്ച് ഹജിന് പരിഗണിക്കുന്നവർക്കാണ് ഇപ്പോൾ സന്ദേശങ്ങൾ ലഭിക്കുന്നത്. ഇവർ ആകെ അപേക്ഷകരിൽ 20 ശതമാനം വരും. തുടർന്ന് ആകെ അപേക്ഷകരിൽ 3 ശതമാനം വരുന്ന  20 വയസിന് താഴെയുള്ളവരിൽ നിന്നാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. സന്ദേശം ലഭിച്ച് ഓരോ വിഭാഗത്തിനും നിശ്ചയിക്കപ്പെട്ട സമയ പരിധിക്കകം പാക്കേജ് തിരഞ്ഞെടുക്കൽ, ഫീ അടയ്ക്കൽ തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ  പരാജയപ്പെട്ടാൽ അവസരം റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

യോജിച്ച പാക്കേജുകൾ തിരഞ്ഞെടുക്കുക, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക, പണമടക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ പൂർത്തിയാക്കേണ്ടത്. തീർഥാടകരും ഹജ് സേവന ഏജൻസികളും തമ്മിലെ കരാറിൽ ഉള്ളത് ഇവയാണ്; തീർഥാടകർക്ക് തിരിച്ചറിയൽ കാർഡ് നൽകുക, തീർഥാടകരുടെ വിവരങ്ങൾ അടങ്ങിയ കൈവള നൽകുക, പുണ്യ സ്ഥലങ്ങളുടെ വിവരങ്ങളും കോണ്ടാക്ട് നമ്പറുകളും നൽകുക, പുരുഷന്മാർക്ക് ഒരു പുരുഷ ഡോക്‌ടറുടെ വിവരങ്ങളും മിനിക്ലിനിക് വിലാസവും, വനിതയാണെങ്കിൽ വനിതാ ഡോക്‌ടറുടെ വിവരങ്ങളും മിനിക്ലിനിക് വിലാസവും എന്നിവയാണ്.

വിശുദ്ധ പള്ളിയിലേക്ക് വരുന്ന ഘട്ടത്തിൽ സായിദി, നവാരിയ, ശറാഇയ, നസീം തുടങ്ങി 4 കേന്ദ്രങ്ങലായിരിക്കും ബസ് സർവീസിന് വേണ്ടിയുള്ള ഒരുമിച്ച് കൂടൽ കേന്ദ്രങ്ങൾ. എത്തിച്ചേരുന്ന ഹറം പള്ളിയുടെ പരിസരത്ത് ശബ്ക, വഖ്‌ഫ്‌ അബ്ദുൽ അസീസ്, അജയാദുൽ മസാഫി തുടങ്ങിയ 3 ഇടങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഈ പോയിന്റുകൾ കേന്ദ്രീകരിച്ച് ചുരുങ്ങിയത് 200 ബസുകൾ സേവനം നടത്തും. ഒത്തുചേരൽ കേന്ദ്രങ്ങളിൽ നിന്ന് 'ഖുദൂമിന്റെ തവാഫിനായി'(പ്രാരംഭ പ്രദിക്ഷണം) രണ്ടു സംഘങ്ങളായാണ് ഹറം പള്ളിയിൽ എത്തുക. ഓരോ മൂന്ന് മണിക്കൂറിലും 6000 തീർഥാടകർക്ക് ഇങ്ങനെ കർമങ്ങൾ നിർവഹിക്കാനാകും. 

ദുൽഹിജ്ജ ഏഴിന് രാവിലെ 6 മണിമുതൽ ദുൽഹിജ്ജ 8 ന് ഒമ്പത് മണി വരെ ഇത് തുടരും. അതായത് ഓരോ മണിക്കൂറിലും നസീം അല്ലാത്ത ഓരോ ഒത്തുചേരൽ കേന്ദ്രങ്ങളിൽ നിന്നും 2000 വീതം തീർഥാടകരെ ഇങ്ങനെ ഉൾക്കൊള്ളിക്കാൻ കഴിയും. ഈ തോതിൽ ഒരു ദിവസം 48000 തീർഥാടകർക്ക് അനുഷ്ഠാനങ്ങൾ സുഗമമായി നിർവഹിക്കാൻ കഴിയും. ഖുദൂമിന്റെ തവാഫിന് ശേഷം എല്ലാ തീർഥാടകരും ബാബു അലി സ്റ്റേഷനിൽ നിന്ന് ജംറ ലക്ഷ്യമാക്കി നീങ്ങും. നേരത്തെ സജ്ജീകരിച്ച് പോലെ ഏകദേശം 200 ബസുകളിലായി മൂന്നു മണിക്കൂറിനുള്ളിൽ 6000 തീർഥാടകരെ വഹിക്കുന്ന രൂപത്തിലായിരിക്കും ഇത് സംവിധാനിക്കുക.

ജംറകളിലെ ഷെഡ്യൂൾ ഉൾപ്പെടെ തീർഥാടകരുടെ പാക്കേജ് അനുസരിച്ചുള്ള സൗകര്യങ്ങളും സഞ്ചാര സമയവും രേഖപ്പെടുത്തിയ മാർഗരേഖ ഈ കമ്പനികൾ പുറത്തിറക്കും. ഓരോ ഘട്ടത്തിലും ആവശ്യമായ ശുചീകരണം, സുരക്ഷ, മറ്റു സേവനങ്ങൾ എന്നിവക്കുള്ള  തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ പൂർണ പട്ടിക ഇതിൽ ഉൾപ്പെടും. കൂടാതെ ഖുദൂമിന്റെ ത്വവാഫ് (പ്രാരംഭ പ്രദക്ഷിണം) മുതൽ ഹറം പരിസരവും പുണ്യനഗരങ്ങളും ഉൾപ്പെടെയുള്ള സഞ്ചാരത്തിന് ബസുകൾ ഏർപ്പാട് ചെയ്യും. മിന, മുസ്ദലിഫ, അറഫ എന്നിവക്കിടയിൽ പെരുന്നാളിന്റെ മൂന്നു ദിവസത്തെ സഞ്ചാരവും ത്വവാഫുൽ ഇഫാദ വരെയും ബസ് സേവനങ്ങൾ തുടരും.   

തീർഥാടകർ തിരഞ്ഞെടുത്ത പാക്കേജ് അനുസരിച്ചായിരിക്കും ജംറകളിൽ കല്ലെറിയാനുള്ള സമയം നിശ്ചയിച്ച് നൽകുക. കുട്ടികളെയോ പാക്കേജിൽ പെടാത്ത മറ്റു സഹകാരികളെയോ ഒരു തീർഥാടകരുടെ കൂടെയും അനുവദിക്കില്ല. ഡിജിറ്റൽ പോർട്ടൽ വഴി തന്നെ തിരഞ്ഞെടുക്കപ്പെട്ട പാക്കേജ് റദ്ദ് ചെയ്യാൻ ഓരോ തീർഥാടകനും അവസരമുണ്ട്. ജൂലൈ മൂന്നിന് മുമ്പ് ആണ് റദ്ദ് ചെയ്യുന്നതെങ്കിൽ മൊത്തം തുകയുടെ 40 ശതമാനം കുറച്ചുള്ള സംഖ്യയാണ് തിരികെ ലഭിക്കുക. ക്യാൻസലേഷൻ ജൂലൈ 10 ശേഷമാണ് ചെയ്യുന്നതെങ്കിൽ 100 ശതമാനം തുകയും നഷ്‌ടപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം അപേക്ഷകൻ കോവിഡ് പോസിറ്റീവ് ആയാൽ ബാങ്ക് ട്രാൻസ്ഫർ ഫീ ഒഴിച്ച്  മുഴുവൻ തുകയും തിരികെ ലഭിക്കാനുള്ള അർഹതയുണ്ടെന്നും ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു.   

ഈ വർഷം ഏറ്റവും കൂടുതൽ ഹജിന് റജിസ്റ്റർ ചെയ്തത് 31 മുതൽ 40 നും ഇടയിലുള്ള പ്രായക്കാരാണ്. ആകെ അപേക്ഷകരുടെ 38 ശതമാനം ശതമാനം ഇവരാണെന്നും അധികൃതർ അറിയിച്ചു. 21 വയസ് മുതൽ 30 വരെ പ്രായമുള്ളവർ 26 ശതമാനവും വരും.

English Summary: Haj prices due to COVID-19 precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com