ADVERTISEMENT

ഷാർജ∙ ഷാർജ ഗോൾഡ് സൂഖിനടുത്തെ പാർക്കിൽ കഠിനമായ ചൂടേറ്റ് രാപ്പകൽ കഴിച്ചുകൂട്ടുന്ന ഇൗ നേപ്പാളി യുവാവിന് യുഎഇയിലെ മലയാളികളോട് ഒരു അപേക്ഷയുണ്ട്– തന്റെ കാലിനു പരുക്കേൽക്കാനിടയായ കാറപകടത്തിനു ശേഷം പോയ മലയാളി യുവതിയെ അറിയാമെങ്കിൽ ഒന്നു സഹായിക്കാൻ പറയണേ എന്ന്.

സരോജ് നിരോള(22) ആണ് പരിചയപ്പെടുന്നവരോടൊക്കെ മുട്ടിന് താഴെ പ്ലാസ്റ്ററിട്ട കാലു കാണിച്ചു ദയനീയമായി അപേക്ഷിക്കുന്നത്. കാലിന്റെ എല്ലിന് പൊട്ടലുള്ളതിനാൽ ഡോക്ടർമാർ ഇയാളെ നടക്കുന്നത് പോലും വിലക്കിയിരിക്കുകയാണ്. പക്ഷേ, തൊഴിലില്ലാതെ അലയുകയായിരുന്ന ഇയാൾക്ക് ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും വഴിയില്ലാതായിരിക്കുന്നു.

2018ൽ തൊഴിൽ തേടി യുഎഇയിലെത്തിയ സരോജ നിരോള ഷാർജയിലെ ഒരു സെക്യുരിറ്റി കമ്പനിയില്‍ 2 വർഷം ജോലി ചെയ്തു. കരാർ കഴിഞ്ഞപ്പോൾ അവർ പറഞ്ഞുവിട്ടു. എന്നാൽ, തിരിച്ചുപോകാൻ വിമാന ടിക്കറ്റ് ലഭിക്കാത്തതിനാൽ ഇവിടെ തന്നെ കുടുങ്ങി. തുടർന്നു മറ്റൊരു കമ്പനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി. മാസങ്ങളോളം അവിടെ ജോലി ചെയ്തെങ്കിലും ശമ്പളം പോലും നൽകിയില്ല. അവിടെ നിന്നിറങ്ങി എങ്ങനെയെങ്കിലും നാട്ടിലേയ്ക്കു പോകാൻ ശ്രമിച്ചപ്പോഴായിരുന്നു കോവിഡ്19 വ്യാപകമായതും ലോക് ഡൗൺ നടപ്പിലായതും. 

saroja-pakishtani

പിന്നീട് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടി പലയിടത്തും വലഞ്ഞു. ആരെങ്കിലും പണം നൽകിയാല്‍ ഭക്ഷണം വാങ്ങി കഴിക്കും. നേപ്പാളി കോൺസുലേറ്റിൽ ചെന്നപ്പോൾ താമസ രേഖകളില്ലാത്തതിനാൽ തിരിച്ചയച്ചു. ഒടുവിൽ എത്തിപ്പെട്ടത് ഷാർജ ഗോൾഡ് സൂഖിനരികിലെ പച്ചപ്പുൽമൈതാനത്ത്. ഇൗ മാസം ഏഴിനായിരുന്നു  റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സരോജ് നിരോളയെ കാറിടിച്ചത്. മലയാളി സ്ത്രീയായിരുന്നു കാർ ഒാടിച്ചിരുന്നതെന്ന് ഇയാൾ പറയുന്നു. ആംബുലൻസിൽ കുവൈത്തി ആശുപത്രിയിൽ  എത്തിച്ചു, കാലിന് പ്ലാസ്റ്ററിട്ടു. താമസ രേഖകളില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. നഷ്ടപരിഹാരവും ലഭിച്ചില്ല.

വീണ്ടും കോൺസുലേറ്റിൽ ചെല്ലാമെന്നു കരുതിയാൽ, കൈയിൽ നയാ കാശില്ലെന്നു സരോജ് നിരോള പറയുന്നു. രാവിലെ പോലും കനത്ത ചൂടാണ്. വേറെ വഴിയില്ലാത്തതിനാൽ ഒട്ടിയ വയറോടെ മരത്തണലിൽ അഭയം തേടുന്നു. തൊട്ടടുത്ത ജുബൈൽ ബസ് സ്റ്റേഷനിൽ നിന്നാണ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത്. കാറപകടം വരുത്തിയ യുവതിയോ, ജീവകാരുണ്യത്തിന് രാജ്യാതിർത്തികളില്ലെന്ന് തെളിയിക്കുന്ന മലയാളി സാമൂഹിക പ്രവർത്തകരോ തന്നെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഇൗ യുവാവ്. ഇദ്ദേഹത്തോടൊപ്പം ഒരു പാക്കിസ്ഥാനി യുവാവും ഇതുപോലെ ജോലി നഷ്ടപ്പെട്ട് നിരാശ്രയനായി കഴിയുന്നുണ്ട്.

English Summary: Nepali youth looking for Malayali Woman who left him after hit by hercar

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com