ADVERTISEMENT

മക്ക∙ കോവിഡ് ഭീതി ഒഴിഞ്ഞുമാറാത്ത സാഹചര്യത്തിൽ ആഭ്യന്തര തീർഥാടകാരിൽ 60,000 പേരിൽ  മാത്രം പരിമിതപ്പെടുത്തിയ ഈ വർഷത്തെ ഹജ് സംഘടനവുമായി ബന്ധപ്പെട്ട സംയുക്ത സമിതികളുടെ വിലയിരുത്തൽ  സംഗമം നടത്തി. 30 ലേറെ വരുന്ന സേവന വിഭാഗങ്ങളുടെ സംഗമത്തിൽ വിവിധ വകുപ്പുകൾ തയാറാക്കിയ പദ്ധതികളും ഒരുക്കങ്ങളും വിലയിരുത്തി. സൽമാൻ രാജാവിന്റെ ഉപദേഷ്‌ടാവും മക്ക ഗവർണറുമായ ഹജ് കമ്മിറ്റി കേന്ദ്ര ചെയർമാൻ  ഖാലിദ് ബിൻ ഫൈസൽ രാജകുമാരൻ അധ്യക്ഷത വഹിച്ചു. അസംബ്ലി പോയിന്റുകൾ, സ്വീകരണ കേന്ദ്രങ്ങൾ, ഗതാഗതം, ഭക്ഷണം , മക്കയിലും മിനായിലും അറഫയിലും തീർഥാടകരുടെ താമസ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച കൃത്യമായ ചർച്ചയും റിപ്പോർട്ടിങും നടന്നു.

hajj-meeting1

 

ടെന്റ് ക്രമീകരണം വൈകാതെ പൂർത്തിയാകും

 

ദുൽ ഖഅദ് മാസം അവസാനത്തോടെ ടെന്റുകൾ ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങളുടെ  ക്രമീകരണ ജോലി പൂർത്തിയാകും. ആകെ 10 ദിവസമാണ് ഈ വർഷത്തെ  ഹജ് കർമങ്ങളായി തീർഥാടകർ പുണ്യ സ്ഥലങ്ങളിൽ ഉണ്ടാകുക. 5,58,000 ലധികം വരുന്ന അപേക്ഷകരിൽ നിന്നാണ് 60,000 പേരെ തിരഞ്ഞെടുത്തത്. മാനദണ്ഡങ്ങൾക്കനുസരിച്ച്  തികച്ചും ഡിജിറ്റൽ ആയി ചെയ്ത തരംതിരിക്കൽ ദൗത്യവും തിരഞ്ഞെടുപ്പും സുതാര്യമായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യകളാണ് ഈ വർഷവും ഹജ് സംഘടനത്തിന് ഉപയോഗപ്പെടുത്തുന്നത്. ഇത് തീർഥാടകർ ആസ്വദിക്കുന്ന സേവനങ്ങളുടെ തൃപ്തിയിൽ ഗുണപരമായ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. മാനവ വിഭവ സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ച് സേവനങ്ങൾക്ക് ആവശ്യമായത്ര സന്നദ്ധ പ്രവർത്തകരെ സംവിധാനിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവർക്കായി പ്രത്യേകം പരിശീലനം സംഘടിപ്പിക്കും.  ഇത് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ വേഗം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഈ സീസണിൽ ഹജിനെത്തുന്നവർ ഇതിനുമുമ്പ് ഒരിക്കലും തീർഥാടനത്തിന് എത്താൻ ഭാഗ്യം ലഭിക്കാത്തവരാണെന്ന്  ഹജ് -ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മഷാത്ത്  പറഞ്ഞു. ഈ വർഷത്തെ ഹജ് സാഹചര്യം വ്യത്യസ്തമായിരിക്കും. തീർഥാടകർ തമ്മിലുള്ള ദൂരം മുതൽ ഓരോ ഘട്ടത്തിലും ആരോഗ്യത്തിന് മുഖ്യ പരിഗണന നൽകിയുള്ള അന്തിമ പദ്ധതി തയാറായി വരുന്നു. കൃത്യമായ വായുസഞ്ചാരം സാധ്യമാകുന്ന ടെന്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പുണ്യ സ്ഥലങ്ങൾ എല്ലാം സംയോജിപ്പിച്ച് കുണ്ടുള്ള കുറ്റമറ്റ ഗതാഗത ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്.  ശാരീരിക-ആരോഗ്യ സന്നദ്ധ അനുസരിച്ചാണ് അപേക്ഷകരെ തരംതിരിച്ചത്. സൗദിയിൽ താമസിക്കുന്ന  മുഴുവൻ രാജ്യങ്ങളിൽ നിന്നും  അമ്പത് വയസിന് മുകളിലുള്ള, ആദ്യമായി ഹജ് ചെയ്യുന്ന എല്ലാവരെയും പരിഗണിച്ചിട്ടുണ്ട്. സൗദിയിൽ സ്ഥിര താമസമാക്കിയ 120 രാജ്യക്കാർ ഈ വർഷം ഹജിനെത്തും. 190 കമ്പനികൾ മുഖേനയാണ് ഹജ് പാക്കേജുകൾ വിതരണം ചെയ്തത്. ജൂലൈ 17, 18 തീയതികളിൽ തീർഥാടകർ മക്കയിൽ എത്തിച്ചേരുമെന്നും മുൻകാലങ്ങളിൽ 50 പേർക്ക് ഇരിക്കാവുന്ന ബസുകളിൽ ഈ വർഷം 20 പേർ മാത്രമാണ് ഉണ്ടാകുക എന്നും അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള 3000 ബസുകൾ ഈ വർഷം സജ്ജമാണ്. ഓരോ 20 പേർക്കും ഒരു മാർഗദർശി ഉണ്ടാകും.  സേവന ദാതാക്കളിൽ നിന്നുള്ള സേവനത്തിന് സ്മാർട്ട് കാർഡുകൾ നിർബന്ധമാണ്.  ഹോട്ടലുകൾ, ക്യാംപുകൾ, ഗതാഗത സൗകര്യം എന്നിവ സ്മാർട്ട് കാർഡ് അനുസരിച്ചായിരിക്കും ലഭ്യമാകുക., ഒറ്റപ്പെടുകയോ കൂട്ടംതെറ്റുകയോ സംഭവിച്ചാൽ സ്മാർട്ട് കാർഡ് മുഖേനയാണ് ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായകമാകുന്നതെന്നും മന്ത്രി പറഞ്ഞു.

 

 

തീർഥാടകരുടെ അവബോധവും ധാരണയും  ഉയർത്താൻ സമഗ്ര ക്യാംപയിൻ ആചരിക്കും. മക്കയിൽ പ്രവേശിക്കുന്നതിനു മുൻപു മുതൽ ആരോഗ്യകരമായ അന്തരീക്ഷം ഹജ് ഘട്ടങ്ങളിൽ മുഴുവനായി സൂക്ഷിക്കാൻ ഇത് ഉപകാരപ്രദമാകും.  ഹജിന് ഒരുങ്ങുമ്പോഴും ഹജ് വേളയിലും പാലിക്കേണ്ട മുൻകരുതൽ നടപടികളും നിർദേശങ്ങളും വിവിധ വകുപ്പുകളുടെ സംയോജിത ബോധവത്കരണ പരിപാടികളിലൂടെ മന്ത്രാലയം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്മാർട്ട് ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ഇത്  ശക്തമാക്കും.  

 

 

മതപരവും അനുഷ്ഠാനപരവുമായ അനുഭവം സമ്പന്നമാക്കുന്നതോടൊപ്പം തീർഥാടകർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ  സംത്യപ്തി നൽകുന്ന തരത്തിലുള്ള ഒരുക്കങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. വിശുദ്ധപള്ളിയിലും പുണ്യ സ്ഥലങ്ങളിലും എത്തുന്ന തീർഥാടകരുടെയും സന്ദർശകരുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും നവീന സമ്പ്രദായങ്ങൾ നടപ്പാക്കുന്നതിനും ഓരോ വർഷവും  യുക്തിസഹമായ ഇടപെടൽ നടക്കുന്നു. സേവനങ്ങളുടേയുടെ സൗകര്യങ്ങളുടെയും നിലവാരവും സുതാര്യതയും അളക്കാൻ ഒന്നിലധികം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഏജൻസികളിലൂടെ  ഉൾപ്പെടെ എല്ലാ വർഷവും ഇങ്ങനെ ലഭിക്കുന്ന ഫീഡ്ബാക്കുകൾ മുതല്കൂട്ടാണെന്നും അധികൃതർ വ്യക്തമാക്കി.  തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പൊതു ഏജൻസികളുമായും സഹകരിച്ച് ഈ  സീസണിലെ ഹജ് സംവിധാനങ്ങളുടെ വിലയിരുത്തൽ  നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ട് വിശുദ്ധ പള്ളികളിലെയും പുണ്യസ്ഥലങ്ങളിലെയും അതിഥികൾക്ക് മികച്ച സേവനങ്ങൾ നൽകാനും തീർഥാടകർക്ക് പ്രദാനം ചെയ്യുന്ന സൗകര്യങ്ങൾ രാജ്യത്തിന്റെ ദർശനം 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള സഞ്ചാരത്തിന്റെ ഭാഗമാണിത്. നാഷണൽ സെന്റർ ഫോർ മെഷർമെന്റ് ഓഫ് പെർഫോമൻസ് ഓഫ് പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർ ജനറൽ റാഷിദ് ബിൻ അബ്ദുല്ല അൽ ഖുഊദ്, ഹജ് സേവന പ്രോഗ്രാം സിഇഒ ബിൻ അബ്ദുൽ റഹ്മാൻ ബിൻ ഗഷിയാൻ എന്നിവർ നിലവിലെ ഒരുക്കങ്ങൾ വിശദീകരിച്ചു.

English Summary: Haj joint committee meeting convened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com