ADVERTISEMENT

ഷാർജ∙ ഷാർജയിൽ ആഫ്രിക്കൻ വംശജർ തമ്മിലുണ്ടായ വാക്കു തർക്കത്തിനിടെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ഇടുക്കി കൂട്ടാർ കരുണപുരം കടത്തിൽ ഹൗസിൽ വിഷ്ണു വിജയന്‍റെ(29)  മൃതദേഹം ഇന്നു വൈകിട്ട് നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ എംബാമിങ് നടന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസി‍ഡന്റ് ഇ.പി.ജോൺസൺ, സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി, തങ്കപ്പൻ, റമീസ് അടക്കമുള്ള സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. നാട്ടിൽ നിന്ന് ഡീൻ കുര്യാക്കോസ് എംപി മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ ഇവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.

ep-johnson-vishnu
ഇ.പി.ജോൺസൺ വിഷ്ണുവിന്റെ മൃതദേഹത്തിനരികെ.

 

വിഷ്ണു ഷാർജ അബുഷഗാറയിൽ ജെന്റ്സ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായിരുന്നു. ജൂണ്‍ 15ന് ഉച്ചയ്ക്ക് 12.30നായിരുന്നു വിഷ്ണു മരിച്ചത്. അബു ഷഗാരയിലെ താമസ സ്ഥലത്ത് കുറേ ആഫ്രിക്കൻ വംശജർ തമ്മിൽ തർക്കമുണ്ടായ കെട്ടിടത്തിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. സംഭവ സമയം വിഷ്ണു തൻ്റെ ഫ്ലാറ്റിലുണ്ടായിരുന്നു. വഴക്ക് കണ്ട് ഭയന്ന്കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴായിരുന്നു മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുതര പരുക്കേറ്റ വിഷ്ണു രക്തം വാർന്നാണു മരിച്ചതെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. 

 

കൊലപാതകമാണെന്നു സംശയിക്കാൻ തക്ക മുറിവ് ശരീരത്തിലില്ലായിരുന്നു. മറ്റു തെളിവുകളും ലഭിച്ചിരുന്നില്ല. ഷാർജ പൊലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. വലിയ സുഹൃദ് വലയമുള്ള വിഷ്ണു മികച്ച ബോഡി ബിൽഡറുമായിരുന്നു. നാട്ടിലെ വീട് പുതുക്കിപ്പണിയണമെന്നും തുടർന്ന് വിവാഹിതനാകണമെന്നുമായിരുന്നു ആഗ്രഹം. അച്ഛൻ രോഗിയാണ്. പ്രായമായ അമ്മയും സഹോദരനുമുണ്ട്. അടുത്ത മാസം നാട്ടിൽ പോകാനിരിക്കെയായിരുന്നു മരണം. സൗമ്യമായി മാത്രം പെരുമാറാറുണ്ടായിരുന്ന യുവാവിന്റെ വിയോഗം എല്ലാവരെയും കണ്ണീരിലാഴ്ത്തി. 

 

യുവാക്കൾക്ക് ബോധവത്കരണം അനിവാര്യം: ഇ.പി.ജോൺസൺ

 

യുഎഇയിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരിൽ ആത്മഹത്യാ പ്രവണതയും ദുശ്ശീലങ്ങളും വർധിച്ചുവരുന്നതായും ഇതിനെതിരെ ശക്തമായ ബോധവത്കരണം നടത്തണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി.ജോൺസൺ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ മലയാളി യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു. വിഷ്ണുവിന്റേത് അത്തരത്തിലുള്ള മരണമല്ലെങ്കിലും സൂക്ഷ്മതക്കുറവാണ് സംഭവത്തിനു കാരണമായത്. കഴിഞ്ഞ ദിവസം ഇൗ വിഷയം ഷാർജ അധികൃതരുമായി ചർച്ച ചെയ്തിരുന്നു. ബോധവൽക്കരണത്തിനു ഗവ. തലത്തിലും ന‌ടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഇതിനകം ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു. ഇന്ത്യൻ കോൺസുലേറ്റും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു.

English Summary: Body of Vishnu who fell from building will be taken home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com