ADVERTISEMENT

ദോഹ∙ രാജ്യത്തെ പ്രവാസി സമൂഹം ഈദ് അവധിയാഘോഷത്തിന്റെ തിരക്കിൽ. ജിസിസി രാജ്യങ്ങളിലേക്ക് അവധിയാഘോഷിക്കാൻ പോയ പ്രവാസി മലയാളികളും ധാരാളം. കോവിഡ് നിയന്ത്രണങ്ങളും ക്വാറന്റീൻ വ്യവസ്ഥകളും കാരണം കഴിഞ്ഞ മധ്യവേനൽ അവധിക്ക് നാട്ടിൽ പോകാൻ കഴിയാതിരുന്ന മിക്ക പ്രവാസികളുടെയും ഈദ് ആഘോഷം ഇത്തവണ നാട്ടിലും യുഎഇയിലുമൊക്കെയാണ്.

ജോർജിയ പോലുളള യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ പോയവരും കുറവല്ല. ഇന്നലെ പുലർച്ചെ ദോഹയിൽ ഈദ് നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം നാട്ടിൽ കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനായി അർധരാത്രി തന്നെ കേരളത്തിലേക്ക് എത്തിയവരുമുണ്ട്. ഖത്തറിൽ സർക്കാർ മേഖലയിൽ എട്ടും സ്വകാര്യ മേഖലയിൽ മൂന്നു ദിവസവുമാണ് ഈദ് അവധി. നാട്ടിലേക്കുള്ള യാത്ര സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ  ദോഹയിൽ തന്നെ അവധിയാഘോഷിക്കുന്ന മലയാളികളുമുണ്ട്.

അവധിക്കാല പാക്കേജിൽ ഹോട്ടൽ മേഖല

രാജ്യത്തെ പ്രവാസികൾക്കും പൗരന്മാർക്കും മധ്യവേനൽ, ഈദ് അവധി ദോഹയിൽ തന്നെ ചെലവിടാനായി  ഡിസ്‌കൗണ്ടുകളും ഓഫറുകളും ഉൾപ്പെടെ കിടിലൻ അവധിക്കാല പാക്കേജുകളാണ് ഹോട്ടൽ മേഖല ഒരുക്കിയിരിക്കുന്നതും. 

ക്വാറന്റീൻ വേണ്ട, കോവിഡ് പരിശോധനകളും വേണ്ട, വലിയ പണച്ചെലവുമില്ല.  രാജ്യത്തിനകത്ത് സമൃദ്ധമായി തന്നെ അവധിയാഘോഷിക്കാം. കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണമെന്നു മാത്രം.

രാജ്യത്തിനകത്ത് മൂന്നോ നാലോ ദിവസം അവധി അടിച്ചുപൊളിക്കാൻ ഭക്ഷണം ഉൾപ്പെടെ ബജറ്റ് ഫ്രണ്ട്‌ലി പാക്കേജുകളാണ് ഹോട്ടലുകൾ ഒരുക്കിയിരിക്കുന്നത്. ഭക്ഷണ പാനീയങ്ങളിൽ വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കും. നീന്തൽ കുളം, സ്പാ സൗകര്യങ്ങൾ എന്നിവയും പ്രയോജനപ്പെടുത്താം. കുട്ടികൾക്കായി പ്രത്യേക ഇളവുകളുമുണ്ട്.

അയൽ രാജ്യങ്ങളിലേക്ക്

യുഎഇ, സൗദി രാജ്യങ്ങളിലേക്ക് ഖത്തറിൽ നിന്നും പ്രതിദിന വിമാന സർവീസുകൾ ഉള്ളതിനാൽ ഇത്തവണ ഈദ് ആഘോഷിക്കാൻ യുഎഇ, സൗദി രാജ്യങ്ങളിലേക്ക് പോയ മലയാളി കുടുംബങ്ങളും കുറവല്ല. 

നാട്ടിൽ ക്വാറന്റീനും വാരാന്ത്യ ലോക്ഡൗണും തുടരുന്നതിനാൽ യുഎഇയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും അടുത്തു കാണാനും മറ്റുമായാണ് അവധി ആഘോഷം ഇത്തവണ ദുബായിൽ ആക്കിയതെന്ന്  പ്രവാസി കുടുംബങ്ങളിൽ ചിലർ  പറയുന്നു. 

ദോഹയിൽ നിന്ന് ദുബായിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ഒരാൾക്ക് ഇക്കോണമി ക്ലാസിൽ 1,300 റിയാലിൽ താഴെയാണ് നിരക്ക്. ഏകദേശം 26,000 ഇന്ത്യൻ രൂപ വരുമിത്.

ക്വാറന്റീൻ രഹിത പ്രവേശനം

കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കിയ ഖത്തർ പൗരന്മാർക്കും പ്രവാസികൾക്കും ഒട്ടേറെ രാജ്യങ്ങൾ ക്വാറന്റീൻ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നതിനാൽ ഇവിടങ്ങളിലേക്ക് അവധിയാഘോഷത്തിനായി മിക്കവരും പോയി കഴിഞ്ഞു. 

വാക്‌സിനേഷൻ പൂർത്തിയാക്കിയ മാതാപിതാക്കൾക്കൊപ്പം 18ൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നത് പ്രവാസി കുടുംബങ്ങൾക്ക് കൂടുതൽ ആശ്വാസകരമാണ്. 

വാക്‌സിനെടുത്ത ഖത്തർ പ്രവാസികൾക്കും സ്വദേശികൾക്കും ജർമനി, മൊറോക്കോ, ഓസ്ട്രിയ, ജോർജിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ക്വാറന്റീൻ വേണ്ട. എന്നാൽ യാത്രയ്ക്ക് നിശ്ചിത മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഗ്രീസിലെയും മാലി ദ്വീപിലെയും സ്‌പെയിനിലേയും കാഴ്ചകളിലേക്ക് ഖത്തർ എയർവേയ്‌സ് ഹോളിഡെയ്‌സും പൗരന്മാർക്കും പ്രവാസികൾക്കുമായി അവധിക്കാല യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com