sections
MORE

ത്യാഗ സ്മരണയിൽ ഈദ് ആഘോഷം

doha-eid-prayer
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വിശ്വാസികൾ ഈദ് ഗാഹിൽ പ്രാർഥനയിൽ പങ്കെടുക്കുന്നു. (ചിത്രം: ഷാജി കായംകുളം, ഗൾഫ് ടൈംസ്, ഫെയ്‌സ് ബുക്ക് പേജ്).
SHARE

ദോഹ∙ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഓർമയിൽ കോവിഡ് മാനദണ്ഡങ്ങളോടെ വിശ്വാസ  ബലിപെരുന്നാൾ നമസ്‌കാരത്തിൽ പങ്കെടുത്തു.

രാജ്യത്തുടനീളമായി 900ത്തോളം പള്ളികളിലും ഈദ് ഗാഹുകളിലുമായാണ് ഈദ് നമസ്‌കാരം നടന്നത്. പുലർച്ചെ 5.10ന് നടന്ന ഈദ് നമസ്‌കാരത്തിൽ പുത്തൻ വസ്ത്രങ്ങളണിഞ്ഞ് മാസ്‌ക് ധരിച്ചും ശാരീരിക അകലം പാലിച്ചും വിശ്വാസികൾ പങ്കെടുത്തു. ഈദ് ഗാഹുകളിൽ വിശ്വാസികളുടെ തിരക്കായിരുന്നു. ഹസ്തദാനം ചെയ്തും പരസ്പരം ആലിംഗനം ചെയ്തുമുള്ള ഈദ് ആശംസകൾക്കു പകരം  അകലം പാലിച്ചുള്ള ആശംസകളായിരുന്നു ഇത്തവണയും.

ഈദ് ദിനങ്ങളിലും കോവിഡ് മുൻകരുതൽ പാലിക്കുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് ആവർത്തിച്ച് പൊതുജനാരോഗ്യ മന്ത്രാലയം സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ബോധവൽക്കരണവും നടത്തുന്നുണ്ട്. രാജ്യത്തുടനീളം ഗതാഗത പട്രോളിങ് സംഘവും സജീവമാണ്. കോവിഡ് മുൻകരുതൽ പാലിക്കുന്നുണ്ടോയെന്നറിയാൻ കർശന പരിശോധനയും നടക്കുന്നുണ്ട്.

പകൽ കനത്ത ചൂടായതിനാൽ വൈകുന്നേരത്തോടെയാണ് കത്താറയിലും സൂഖ് വാഖിഫിലും അൽ വക്ര സൂഖിലുമെല്ലാം സന്ദർശക തിരക്കേറി. കോവിഡ് നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിലുണ്ട്. കോവിഡ് കാലമായതിനാൽ  പ്രവാസി കൂട്ടായ്മകളുടെ ഈദ് ആഘോഷങ്ങളും ഒത്തുചേരലുകളും ഇത്തവണയുമില്ല. സൂഖുകളിലെ പതിവ് ആഘോഷങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവാസികൾക്കായുള്ള ഈദ് ആഘോഷ പരിപാടികളും ഇത്തവണയും കോവിഡ് നഷ്ടമാക്കി.

‌കുവൈത്ത്

കുവൈത്ത് സിറ്റി∙ പ്രവാചകൻ ഇബ്രാഹിമിന്റെ  ത്യാഗസ്മരണയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തെ പള്ളികളിലും  ഈദ് ഗാഹുകളിലും ആയിരക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിനെത്തി.  അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ബിലാൽ ബിൻ റബാഹ് പള്ളിയിൽ നമസ്കാരത്തിൽ പങ്കെടുത്തു.

kuwait-eid-prayer
കുവൈത്തിലെ ഈദ്ഗാഹിലെ പെരുന്നാൾ നമസ്കാരം

ത്യാഗപൂർണമായ ജീവിതത്തിലൂടെ വിശ്വാസത്തിന്റെ തീവ്രത തെളിയിച്ച പ്രവാചകൻ ഇബ്രാഹിമി‌ന്റെ പാത പിന്തുടരാ‍ൻ ഖുതുബയിൽ പ്രഭാഷകർ ആഹ്വാനം ചെയ്തു.

മഹാമാരിയിൽനിന്നുള്ള മോചനത്തിനായും പ്രാർഥിച്ചു. കഴിഞ്ഞ തവണത്തെ പെരുന്നാളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ നിയന്ത്രണങ്ങൾ കുറവായിരുന്നു .

പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരാനന്തരം കാണാറുള്ള ഹസ്തദാനവും ആശ്ലേഷവും കോവിഡ് മുൻ‌കരുതലിന്റെ ഭാഗമായി ഉപേക്ഷിച്ചിരുന്നു . പെരുന്നാൾ ദിനത്തിൽ രാജ്യത്തെ കബർസ്ഥാനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാൾ നമസ്കാരത്തിന് ശേഷം ഉറ്റവരുടെ കബർ സന്ദർശനത്തിനായി പലരും അങ്ങോട്ട് നീങ്ങി. 

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു കബർസ്ഥാനിലും പ്രവേശനം. മൃഗങ്ങളെ ബലിയറുക്കുന്ന കർമത്തിലും പലരും പങ്കാളികളായി. പെരുന്നാൾ ദിനം പലരും വാക്സീൻ സ്വീകരിക്കുന്നതിനും പ്രയോജനപ്പെടുത്തി. മിഷ്‌റഫ് രാജ്യാന്തര പ്രദർശന നഗരിയോട് അനുബന്ധിച്ച വാക്സീൻ സെന്ററിൽ രാവിലെ തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

ബഹ്‌റൈൻ 

മനാമ∙ ആരോഗ്യ സംരക്ഷണ കാര്യത്തിൽ രാജ്യം ശരിയായ പാതയിലാണെന്ന് ബഹ്‌റൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസാ അൽ ഖലീഫ. നിലവിലുള്ള പ്രതിസന്ധി പരസ്പര സഹകരണത്തിലൂടെ യോജിച്ച് പ്രവർത്തിച്ചും  ബോധവൽക്കരണത്തിലൂടെയും മറികടക്കാനാകുമെന്നും ബലിപെരുന്നാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലയിലും രാജ്യത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്നവരുണ്ട്. അവരുടെ ആത്മാർഥതയാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ കോവിഡ് മുന്നണി പോരാളികളുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഈ രംഗത്ത് ടീം ബഹ്‌റൈൻ നടത്തുന്ന ആസൂത്രണം മികവുറ്റതാണെന്നും രാജാവ് പറഞ്ഞു.

English Summary : Eid Al Adha celebrated in Qatar, Kuwait and Bahrain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA