ADVERTISEMENT

അബുദാബി∙ മഴയും പുഴയും പച്ചപ്പും നഷ്ടപ്പെടുന്ന പ്രവാസി മലയാളികൾക്ക് അബുദാബിയിലൊരു ബോട്ട് സവാരി. ഒപ്പം കയാക്കിങും. അതും യുഎഇയിലെ ഏറ്റവും വലിയ കണ്ടൽ കാടുകൾക്കിടയിലൂടെ. 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള യാത്ര കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക അനുഭവം പകരുന്നു.

പരിസ്ഥിതി സംരക്ഷണവും വിനോദസഞ്ചാരവും സമന്വയിപ്പിച്ചൊരുക്കിയ കണ്ടൽകാടാണ് വിനോദസഞ്ചാരികളുടെ ലക്ഷ്യകേന്ദ്രമാണ് ഈസ്റ്റേൺ മാംഗ്രൂവ്സ് പാർക്ക്. പ്രകൃതി ഭംഗിയും തലസ്ഥാന നഗരിയുടെ കടൽകാഴ്ച ആസ്വദിച്ചും മനോഹരമായൊരു യാത്ര. പെരുന്നാൾ അവധിക്ക് സ്വദേശികളെയും വിദേശികളെയും ഒരുപോലെ പേരെ ആകർഷിച്ചതും ഇത്തരം ബോട്ടിങും കയാക്കിങുമാണ്.

കോവിഡ് തിരക്കുകളിൽനിന്നു അകലം പാലിച്ച് സ്വന്തം കുടുംബത്തോടൊപ്പം സ്വസ്ഥമായൊരു വിനോദമാണ് ഇവിടെ എത്താൻ പലരെയും പ്രേരിപ്പിച്ചത്. അബുദാബി നഗരമധ്യത്തിൽ എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്ന സ്ഥലമാണ് ഈസ്റ്റേൺ മാംഗ്രൂവ്സ് പാർക്ക്. അനന്തറ ഹോട്ടൽ ആൻഡ് റിസോർട്ടിനു പിറകിലാണ് ഈ ഉല്ലാസ കേന്ദ്രം. ഇലക്ട്രിക് ബോട്ട്, കയാക്കിങ്, ഡോണറ്റ് ബോട്ട്, ഹോട്ട് ക്രൂസ് തുടങ്ങി പോക്കറ്റിന്റെ കനമനുസരിച്ച് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.

കണ്ടൽകാടുകളുടെ കാറ്റേറ്റ് നടക്കാൻ വിശാലമായ നടപ്പാതയും ഇരിപ്പിടവുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ചൂടിന് അൽപം ശമനം ലഭിക്കുന്ന രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 8 വരെയാണ് സമയം. തനിച്ചും രണ്ടു പേർക്കും കുടുംബമൊന്നിച്ചും സവാരി നടത്താൻ സാധിക്കുന്ന ചെറുതും വലുതുമായ ബോട്ടുകൾ.  അര മണിക്കൂർ, ഒരുമണിക്കൂർ സമയം കണക്കാക്കിയാണ് തുക നൽകേണ്ടത്. 50 ദിർഹം മുതലാണ് നിരക്ക്. നീന്തൽ അറിയാത്തവർക്കുപോലും സുരക്ഷിതമായി ജലവിനോദങ്ങളിൽ ഏർപ്പെടാം. സേഫ്റ്റി ജാക്കറ്റ് ധരിച്ചാണ് സഞ്ചാരികളെ ബോട്ടിലേക്ക് പ്രവേശിപ്പിക്കുക.

സുരക്ഷയ്ക്കായി ഉദ്യോഗസ്ഥർ മറ്റൊരു ബോട്ടിൽ ഒപ്പമുണ്ടാകും. ഒഴുകുന്ന വീടുപോലെയുള്ള ഹൈടെക് ഹൗസ് ബോട്ടും ഇവിടെയുണ്ട്. മലയാളികളടക്കം ഒട്ടേറെ പേർ പെരുന്നാൾ അവധി ആഘോഷിക്കാൻ ഇവിടെ എത്തിയതായി 12 വർഷമായി ഈ രംഗത്തുള്ള ഗ്രേസ് ഓഷ്യൻ വാട്ടർസ്പോർട്സ് ആൻഡ് സീ ഹോഡ് അഡ്വഞ്ചേഴ്സ് ഉടമ എടപ്പാൾ സ്വദേശി അനീസ് അബൂബക്കർ പറഞ്ഞു.

കണ്ടൽകാടുകൾക്കിടയലൂടെ നടന്ന് പ്രകൃതി ആസ്വദിക്കാനായി അൽജുബൈൽ എന്ന പേരിൽ മറ്റൊരു പാർക്കും ഒരുക്കിയിട്ടുണ്ട്. അബുദാബി നഗരസഭയാണ് മരുഭൂമിയിലെ നഗരമധ്യത്തിൽ കണ്ടൽകാടൊരുക്കിയത്. വിവിധ ജലജീവികളുടെയും പക്ഷികളുടെയും സുരക്ഷിത ഇടംകൂടിയാണിത്.

അതുകൊണ്ടുതന്നെ പ്രകൃതിയെ നോവിക്കാതെയാണ് വിനോദസഞ്ചാരം. പരിധിയിൽകൂടുതൽ വേഗത്തിൽ ഇവിടെ ബോട്ടു ഓടിക്കുന്നവർക്കും മാലിന്യം കടലിൽ തള്ളുന്നവർക്കും പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയുണ്ട്.

English Summary: Eastern mangrove park- tourist destination in Abu Dhabi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com