ADVERTISEMENT

അബൂദാബി ∙ അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി ഡയറക്ടേഴ്സ് ബോർഡ് പുനഃസംഘടിപ്പിച്ചു കൊണ്ട്  അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. ഇന്ത്യക്കാർക്ക് അഭിമാനമായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം. എ. യൂസഫലി വൈസ് ചെയർമാനായി നിയോഗിതനായി. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത്. മസ്റൂയി ഇന്റർനാഷനലിന്റെ അബ്ദുല്ല മുഹമ്മദ് അൽ മസ്റൂയിയാണ് ചെയർമാൻ.

അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ളവരടങ്ങിയ 29 അംഗ കമ്മിറ്റിയിൽ യൂസഫലിയെ കൂടാതെ മറ്റു ഇന്ത്യക്കാർ ആരുമില്ല. കമ്മിറ്റിയിൽ മൂന്നു പേർ വനിതകളാണ്. മറ്റു ഭാരവാഹികൾ: ഡോ.അലി ഹർമൽ അൽ ദഹേരി (ബിൻ ഹർമൽ ഗ്രൂപ്– ഫസ്റ്റ് വൈസ് ചെയർമാൻ),  മസ്ഉൗദ് റഹ്മാ അൽ മസ്ഉൗദ് (അൽ മസ്ഉൗദ് ഗ്രൂപ്–ട്രഷറർ), സഇൗദ് ഗുർമാൻ അൽ റമൈതി (സ്റ്റീൽ എമിറേറ്റ്സ് കോൺട്രാക്ടിങ്–ഡെപ്യുട്ടി ട്രഷറർ). 

 അബുദാബി ചേംബർ ഡയറക്ടേഴ്സ് ബോർഡിലേക്കുള്ള നിയമനത്തിൽ അഭിമാനമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു.  ഈ രാജ്യത്തിന്റെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. ഉത്തരവാദിത്തം നിറവേറ്റാൻ ആത്‌മാർത്ഥമായി പ്രയത്നിക്കും. യുഎഇയുടെയും ഇന്ത്യയുടെയും  സാമ്പത്തിക  ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. 

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിർണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബർ. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബർ, ഗവണ്മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയിൽ ചാലകശക്തിയായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമാണ്.  അബുദാബിയിൽ പ്രവർത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിന്റെ അനുമതി ആവശ്യമാണ്.

 അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവകാരുണ്യ രംഗത്ത് നൽകുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായി യുഎഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് നൽകി അബുദാബി സർക്കാർ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടുപിറകെയാണ് പുതിയ അംഗീകാരം. 

28,000-ലധികം മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള  58,000 പേരാണ് ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾ ഈജിപ്ത്, ഇന്തൊനീഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ എന്നിവയുള്ള  ലുലു ഗ്രൂപ്പിന് യുഎസ്എ, യുകെ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായിലാൻഡ് എന്നിവയടക്കം 14 രാജ്യങ്ങളിൽ ഭക്ഷ്യസംസ്കരണ-ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമുണ്ട്.  കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിച്ച് ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്.

English Summary: Yusuff Ali elected as vice cheirman of Abu Dhabi Chamber of Commerce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com