sections
MORE

മുകേഷ്–മേതിൽ ദേവിക വിവാഹമോചനം: ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് സരിത

saritha-mukesh-devika
SHARE

ദുബായ് ∙ മുകേഷ്–മേതിൽ ദേവിക വിവാഹമോചന വിഷയത്തിൽ ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്ന് നടി സരിത. വർഷങ്ങളായി യുഎഇയിലെ റാസൽഖൈമയിൽ താമസിക്കുന്ന മുകേഷിന്റെ ആദ്യ ഭാര്യയായ സരിത മനോരമ ഒാൺലൈനിനെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത്. അതുമാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നും സരിത പറഞ്ഞു.

2016ൽ മുകേഷ് കൊല്ലത്ത് നിന്ന് ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലേയ്ക്ക് മത്സരിക്കാനൊരുങ്ങിയപ്പോൾ മേയ് 15ന് അവർ ദുബായിൽ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. മുകേഷുമായുള്ള വിവാഹമോചന വിഷയത്തിൽ ആദ്യമായി മനം തുറന്ന സരിത അന്ന് മുകേഷിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.  സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നായിരുന്നു അന്നത്തെ പ്രധാന ചോദ്യം.

സരിത അന്ന് ഉന്നയിച്ച ആരോപണങ്ങൾ: സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത, അവരെ ദ്രോഹിക്കുന്ന ക്രൂരനായ മനുഷ്യനാണ് മുകേഷ്. വിവാഹം കഴിഞ്ഞതു മുതൽ അയാൾ എന്നെ ബുദ്ധിമുട്ടിക്കുമായിരുന്നു. ഞാന്‍ കേരളത്തിന്റെ മരുമകളാണ്. അതിനാല്‍ കേരളത്തില്‍ നിന്നു  നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടിയുള്ള സത്യവാങ്മൂലത്തില്‍ നിന്ന് എന്റെയും മക്കളുടെയും പേര് നീക്കം ചെയ്തു. ഇത് തന്നെ ഞെട്ടിപ്പിച്ചു. എന്നെ മാനസികമായും ശാരീരികമായും മുകേഷ് ഒരു പാട് പീഡിപ്പിച്ചു. മുകേഷിന്റെ സഹോദരിയും പണത്തോട് ആർത്തി കാണിക്കുന്നവരാണ്. 

തന്റെ മക്കളെ നോക്കാൻ സഹോദരിക്ക് ശമ്പളം നൽകാൻ പോലും മുകേഷ് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഒ. മാധവനോടുള്ള ബഹുമാനം കൊണ്ട് മാത്രമാണ് ആദ്യ നാളുകളിൽ മൗനം പാലിച്ചത്. നടിമാർക്ക് ശബ്ദം നൽകിയ സമ്പാദ്യം കൊണ്ട് കഷ്ടപ്പെട്ടാണ് ഞാൻ മക്കളെ പഠിപ്പിച്ചത്. കുട്ടികളുടെ അച്ഛന്‍ എന്ന നിലയില്‍ മാനസികമായോ സാമ്പത്തികമായോ യാതൊരു പിന്തുണയും മുകേഷിൽ നിന്ന് ലഭിച്ചിട്ടില്ല. ഒരുപാട് ദേഹോപദ്രവവും ഏറ്റിട്ടുണ്ട്. ഇപ്രകാരം തന്നെ മര്‍ദിക്കുന്നത് മക്കള്‍ കാണാതിരിക്കാനാണ് കുട്ടികളെ ബോർഡിങ്ങിലാക്കിയത്. 

saritha-uae
ചലച്ചിത്ര നടി സരിത ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു (ഫയൽ ചിത്രം).

മുകേഷ് കടുത്ത മദ്യപനാണ്. അന്യ സ്ത്രീകളെ പോലും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. അവരെല്ലാം കുടുംബജീവിതം നയിക്കുന്നവരാണെന്നതിനാൽ പേര് വെളിപ്പെടുത്തുന്നില്ല. ലോകത്ത് മറ്റൊരു സ്ത്രീയും എന്നെപ്പോലെ സ്വന്തം ഭർത്താവിൽ നിന്ന് പീഡനം ഏറ്റിട്ടില്ല. മുകേഷ് വീണ്ടും വിവാഹിതനായത് ഞാന്‍ ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ഇപ്പോഴും എന്റെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് മുകേഷിന്റെ പേരാണ്. വസ്തുവകകളുടെ രേഖകളില്‍ ഞങ്ങളുടെ പേരുകള്‍ ഒന്നിച്ചാണുള്ളത്. 

മുകേഷിനെതിരെ ഒരു വാര്‍ത്തയും പുറത്ത് വരാതിരിക്കാന്‍ കേരളത്തില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. അഭിഭാഷകർ, ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തെ കണ്ണടച്ച് പിന്തുണക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് വേണ്ടി അമ്മമ്മാരെ കെട്ടിപ്പിടിച്ച് ഫോട്ടോ എടുക്കുന്ന മുകേഷ് ചതിയനും വഞ്ചകനുമാണെന്ന് ജനം മനസിലാക്കും–സരിത കരഞ്ഞുകൊണ്ട് പറഞ്ഞു. 

മൂത്തമകന്റെ എംബിബിഎസ് പഠനത്തിനാണ് 10 വർഷം മുമ്പ് സരിത യുഎഇയിലെത്തിയത്. മകന്‍ പിന്നീട് പഠനം പൂർത്തിയാക്കി. രണ്ടാമത്തെ മകൻ ബിബിഎം ബിരുദ ധാരിയാണ്. ഭാര്യ നിലവിലിരിക്കെ മറ്റൊരു വിവാഹം ചെയ്തതിനെതിരെ സരിത നൽകിയ കേസ് കൊച്ചി കുടുംബകോടതിയുടെ പരിഗണനയിലായിരുന്നു. പക്ഷേ, ഇതുവരെ നടപടിയുണ്ടായില്ല.

1988 ലായിരുന്നു മുകേഷ്–സരിത വിവാഹം. ശ്രാവൺ ബാബു, തേജസ് ബാബു എന്നിവരാണ് മക്കൾ. ഇരുവരും വേർപിരിഞ്ഞ ശേഷം മുകേഷ് 2013ൽ നര്‍ത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്തു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ സരിത വിവിധ ഇന്ത്യൻ ഭാഷകളിലായി 160ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെയും തിരക്കുള്ള അഭിനേത്രിയായിരുന്നു. 

കർണാടക, തമിഴ്നാട് സംസ്ഥാന അവാർ‍ഡ് അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ മികച്ച അഭിനയത്തിലൂടെ സ്വന്തമാക്കി. ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, സന്ദർഭം, കാതോടുകാതോരം, മുഹൂർത്തം 11.30, തനിയാവർത്തനം, സംഘം, കുട്ടേട്ടൻ, ലാൽ അമേരിക്കയിൽ, അമ്മക്കിളിക്കൂട് എന്നിവയാണ് പ്രധാന മലയാള സിനിമകൾ. 1975 ൽ തെലുങ്ക് നടൻ വെങ്കട സുബ്ബയ്യയെ വിവാഹം ചെയ്ത സരിത പിറ്റേ വർഷം തന്നെ വിവാഹമോചിതയായി. 1988സെപ്റ്റംബർ രണ്ടിനായിരുന്നു മുകേഷുമായുള്ള വിവാഹം.

English Summary: Actress saritha about mukesh methil devika divorce

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA