ADVERTISEMENT

അബുദാബി/റിയാദ്∙ കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദികൾക്ക് ധനസഹായം നൽകുന്നതിനുമെതിരെ സംയുക്ത നടപടി ശക്തമാക്കാൻ യുഎഇ–സൗദി ധാരണ.

സൗദിയിലെത്തിയ യുഎഇ സഹമന്ത്രി അഹമദ് അലി അൽ സായെഗ്, സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ, സൗദി സെൻട്രൽ ബാങ്ക് ഗവർണറും കള്ളപ്പണ നിരോധന സ്ഥിരം സമിതി ചെയർമാനുമായ ഡോ. ഫഹദ് ബിൻ അബ്ദുല്ല അൽ മുബാറക് എന്നിവർ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

സൗദി സെൻട്രൽ ബാങ്ക് ഡപ്യൂട്ടി ഗവർണർ ഐമൻ ബിൻ മുഹമ്മദ് അൽ ഹയാരിയും യോഗത്തിൽ പങ്കെടുത്തു. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന നിലപാടുകൾ ചർച്ച ചെയ്തതോടൊപ്പം ഈ രംഗത്തെ വൈദഗ്ധ്യം കൈമാറാനും ധാരണയായി. മേഖലയിലെ പ്രബലരായ സൗദിയും യുഎഇയും തമ്മിലുള്ള സഹകരണം ജിസിസി രാജ്യങ്ങൾക്ക് പൊതുവിൽ ഗുണം ചെയ്യും.

സംയുക്ത നീക്കത്തിലൂടെ ഈ രംഗതതെ നിയമലംഘനം തുടച്ചുനീക്കുകയാണ് ലക്ഷ്യം. യുഎഇ വിദേശകാര്യ, രാജ്യാന്തര മന്ത്രാലയത്തിനു കീഴിൽ ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ്ങ് ഓഫ് ടെററിസം എന്ന പേരിൽ ഫെബ്രുവരിയിൽ ആരംഭിച്ച എക്സിക്യൂട്ടീവ് ഓഫിസിന്റെ കീഴിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് സഹായം നൽകൽ എന്നിവയ്ക്കെതിരെ ആഭ്യന്തര പ്രതിരോധം ശക്തിപ്പെടുത്തുകയാണ് ഈ ഓഫിസിന്റെ ധർമം. ഈ രംഗത്തെ നിയമലംഘന കേസുകൾ കൈകാര്യം ചെയ്യാൻ അബുദാബി ജുഡീഷ്യൽ വകുപ്പിനു കീഴിൽ ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിൽ പ്രത്യേക കോടതികളും സ്ഥാപിച്ചു. നിയമലംഘകർക്ക് 50,000 മുതൽ 50 ലക്ഷം ദിർഹം വരെയാണ് പിഴ.

English Summary: UAE and Saudi Arabia deepen ties to strengthen anti-money laundering efforts.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com