ADVERTISEMENT

ദുബായ് ∙ എക്സ്പോയിൽ രാജ്യാന്തര കലോത്സവങ്ങളുടെ ഭാഗമായി എ.ആർ.റഹ്മാൻ ഉൾപ്പെടെയുള്ള സംഗീത പ്രതിഭകളും നൃത്ത-നാടക കലാകാരന്മാരും വിശ്വമേളയെ വിസ്മയ പ്രപഞ്ചമാക്കും. നാടോടി, പൈതൃക കലാരൂപങ്ങളും അണിനിരക്കും.

സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 12 വരെയും വാരാന്ത്യ അവധി-വിശേഷ ദിവസങ്ങളിൽ രാവിലെ 10 മുതൽ പുലർച്ചെ 2 വരെയുമാണ് പ്രവേശനം. ഒക്ടോബർ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ.

ലോകത്തിലെ എല്ലാ കലാരൂപങ്ങളും ആസ്വദിക്കാനുള്ള  അവസരം ലഭിക്കും. വിദ്യാലയങ്ങളിലെ സംഗീത ട്രൂപ്പുകളടക്കം കലാവിരുന്നൊരുക്കും. റഷ്യൻ ബോൾഷോയ് ബാലെ, അറേബ്യൻ പൈതൃക നൃത്ത-സംഗീതം, ആഫ്രിക്കൻ ഗോത്രകലാരൂപങ്ങൾ, ഹവായ്, ഫിലിപ്പീൻസ്, കരീബിയൻ നൃത്തങ്ങൾ എന്നിങ്ങനെ 6 മാസവും രാവിലെയും വൈകിട്ടുമാണ് കലകളുടെ ഘോഷയാത്ര.‌

എല്ലാ ദിവസവും വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിനു വിദ്യാർഥികൾ അൽവാസൽ േഗാപുരത്തിൽ നൃത്തവും സംഗീതവും അവതരിപ്പിക്കും. സായാഹ്നങ്ങളിൽ നൃത്ത-നാടകങ്ങൾ, ഹാസ്യ പരിപാടികളോടു കൂടിയ ഉദ്യാനവിരുന്നുകൾ എന്നിവയുണ്ടാകും. സസ്റ്റൈനബിലിറ്റി പവിലിയനിലെ ഗാഫ് അവന്യൂവിൽ വൈകിട്ട് പരേഡുകൾ നടക്കും.

തുടർന്ന് തിയറ്ററുകളിലും വേദികളിലും രാജ്യാന്തര കലാപ്രതിഭകളുടെ പരിപാടികൾ ആസ്വദിക്കാം. ഇവരുമായി സംവദിക്കാനും അവസരം ലഭിക്കും.എ.ആർ. റഹ്മാൻ പരിശീലിപ്പിക്കുന്ന ഫിർദൗസ് (സ്വർഗം) വനിതാ ഓർക്കസ്ട്രയാണ് എക്സ്പോ വേദിയിൽ പരിപാടി അവതരിപ്പിക്കുക. റഹ്മാൻ ചിട്ടപ്പെടുത്തിയ 2 ഗാനങ്ങളാണ് ഫിർദൗസ് അവതരിപ്പിക്കുന്നത്.

ഓരോ മാസത്തെയും പ്രത്യേക പരിപാടികൾ

ഒക്ടോബർ

∙ഭൂസംരക്ഷണത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ലോകത്തെ പ്രമുഖ വനിതകളെ വിമൻസ് പവിലിയനിൽ ആദരിക്കുന്നതാണ് പ്രധാന പരിപാടികളിലൊന്ന്.

∙ ജല, ഊർജ, സാങ്കേതിക, പരിസ്ഥിതി മേള (വെറ്റക്സ്) സംഘടിപ്പിക്കും. ഇതോടൊപ്പം ദുബായ് സോളർ ഷോയും ഉണ്ടാകും.

∙ ഓസ്ട്രേലിയൻ പവിലിയനിൽ ക്രിക്കറ്റ് മേള.

∙ ചൊവ്വ ഗ്രഹത്തെക്കുറിച്ചും ബഹിരാകാശ രഹസ്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന എക്സ്പോ സ്പേസ് വീക്ക്.

നവംബർ

∙ ആഫ്രിക്കൻ ഗ്രാമീണ-നഗര വികസന വാരാചരണം. ഓരോ രാജ്യത്തെയും നേർക്കാഴ്ചകൾ കാണാനാകും.

∙ യുഎഇ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക പരിപാടി 3 മുതൽ 6 വരെ.

∙ 24ന് രാജ്യാന്തര ചെസ് ചാംപ്യൻഷിപ്പിനു തുടക്കം. ഡിസംബർ 16 വരെയുണ്ടാകും.

ഡിസംബർ

∙ യുഎഇ സുവർണജൂബിലി, ദേശീയ ദിനാഘോഷങ്ങൾ.

∙ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗക്കാരുടെ പരിപാടികൾ.

∙ കവിതകൾ, ഹാസ്യ സാഹിത്യം എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ, ചർച്ചകൾ.

∙ 20 മുതൽ 25 വരെ ലോകരാജ്യങ്ങൾ ഒരുമിക്കുന്ന ക്രിസ്മസ് ആഘോഷം.

ജനുവരി

∙ ലോകത്തിലെ പുതിയ സാഹസിക-വിനോദകേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടികൾ. പ്രമുഖ സഞ്ചാരികൾ അനുഭവങ്ങൾ വിവരിക്കും. യാത്ര

∙ ആരോഗ്യ സുരക്ഷാ വാരാചരണം. വിദ്യാർഥികൾക്കായി കായിക ശിൽപശാലകൾ.

ഫെബ്രുവരി

∙ വാലന്റൈൻസ് ഡേ, അറബിക് ഭാഷാദിനാചരണം, രാജ്യാന്തര കവിതാ ദിനം, മാതൃദിനം എന്നിവ ആംഫി തിയറ്ററിൽ ആഘോഷിക്കും.

∙ കാർഷിക വാരാചരണം. കൃഷി, ഭക്ഷ്യസുരക്ഷ, ഭക്ഷ്യസംസ്കരണം തുടങ്ങിയവ പരിചയപ്പെടുത്തുന്ന പരിപാടികൾ.

മാർച്ച്

∙ ഹംഗറിയിൽ നിന്നുള്ള കലാകാരന്മാരുടെ തെരുവു നാടകങ്ങൾ, സർക്കസ്. ജലസംരക്ഷണം, ഭാവിയിലെ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ, സെമിനാറുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com