ADVERTISEMENT

അബുദാബി/കൊച്ചി∙ 11 വർഷം മുൻപു വിദേശത്തു കൊല്ലപ്പെട്ട മകന്റെ മരണകാരണവും പോസ്റ്റ് മോർട്ടം റിപ്പോർട്ടും മകനെ നഷ്ടമായതിന്റെ നഷ്ടപരിഹാരവും കാത്ത് ഒരമ്മയുടെ കാത്തിരിപ്പ് നീളുന്നു. ഇതിനായി മുട്ടാത്ത വാതിലുകളില്ല. മകനെ കൊലപ്പെടുത്തിയതാണെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബന്ധുക്കളടക്കമുള്ളവരുടെ കരങ്ങളുണ്ടെന്നും അമ്മ ആരോപിക്കുന്നു.

കോട്ടയം കുറവിലങ്ങാട് കളപ്പുരയ്ക്കൽ മലയിൽ വീട്ടിൽ വത്സലയാണു മകൻ അരുൺ ശശിയുടെ കൊലപാതകത്തിന് ഉത്തരം തേടുന്നത്. ഇപ്പോൾ മകൾക്കൊപ്പം കൊച്ചിയിലാണു വത്സലയുടെ താമസം. പാലാ വെള്ളരിങ്ങാട് ശശിയുടെയും വത്സലയുടെയും മകൻ അരുൺ ശശി 23–ാം വയസ്സിൽ 2009 മാർച്ച് 19നാണ് അബുദാബിയിലേക്കു ജോലിക്ക‌ു പോയത്. വത്സല പറയുന്നത് ഇങ്ങനെ: ‘അവിടെ ചെന്നതു മുതൽ മകനു പീഡനങ്ങളായിരുന്നു. ഇടയ്ക്കു വിളിക്കുമ്പോൾ ഭയത്തോടെയാണു സംസാരിച്ചിരുന്നത്. ഇലക്ട്ര‌ിഷ്യന്റെ ഹെൽപറുടെ ജോലിയെന്നു പറ‍ഞ്ഞാണു കൊണ്ടുപോയത്.

അവിടെ കൊടുങ്ങല്ലൂർ സ്വദേശിക്കൊപ്പമായിരുന്നു താമസം. അയാൾ പലപ്പോഴും ഉപദ്രവിച്ചിരുന്നു. ഒരിക്കൽ കത്തികൊണ്ടു കുത്താൻ ശ്രമിച്ചു. അന്നു സുഹൃത്തിന്റെ താമസ സ്ഥലത്തേക്ക് ഓടിരക്ഷപ്പെട്ടു. 2010 ഏപ്രിൽ 4ന് അരുൺ കൊല്ലപ്പെട്ടെന്ന വിവരമാണെത്തിയത്. ഒപ്പം താമസിച്ച മുരളീധരൻ ജയിലിലായെന്നും അറിയിച്ചു. പക്ഷേ ഇന്നുവരെ മകന്റെ പോസ്റ്റ്്മോർട്ടം റിപ്പോർട്ടോ എംബസിയിൽ നിന്നുള്ള രേഖകളോ നഷ്ടപരിഹാരമോ ലഭിച്ചിട്ടില്ല. പന്ത്രണ്ടാം ദിവസം മൃതശരീരം നാട്ടിലെത്തിച്ചു. എന്നാൽ നാട്ടിൽ പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. മൃതദേഹം യുഎഇയിൽ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നാണെന്റെ വിശ്വാസം. ആരോ ഇതു നടത്താതിരിക്കാൻ ശ്രമിച്ചു.

പിന്നീട് എന്റെ പേരിൽ വ്യാജ പവർ ഓഫ് അറ്റോർണി തയാറാക്കി ഇൻഷുറൻസ് തുക കൈപ്പറ്റാനുള്ള ശ്രമവുമുണ്ടായി. നഷ്ടപരിഹാരം ആരോ തട്ടിയെടുത്തെന്നത് ഉറപ്പാണ്. ഈ സംഭവത്തിൽ നോർക്ക സെല്ലിലും പൊലീസിലും ഡിജിപി ഓഫിസിലും മുഖ്യമന്ത്രിയുടെ ഓഫിസിലുമെല്ലാം പോയെങ്കിലും നടപടിയുണ്ടായില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ഓഫിസിൽ നാലു തവണ പോയെങ്കിലും പ്രൈവറ്റ് സെക്രട്ടറിമാരെ കടന്ന് ഒരു തവണ പോലും മുഖ്യമന്ത്രിയിയെ കാണാനായില്ല.

ഡിജിപി, നോർക്ക ഓഫിസ‌ുകളിൽ നിന്നു ദുരനുഭവങ്ങളുണ്ടായി. 3 തവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസിന്റെ പുരോഗതി അറിയിക്കാൻ അഭിഭാഷകർ വൈമനസ്യം കാട്ടി.’ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി വി.മുരളീധരനും മുൻകൈ എടുത്തു, മരണം സംബന്ധിച്ച അന്വേഷണത്തിനും തനിക്കു രേഖകളും നഷ്ടപരിഹാരവും ലഭിക്കാനും നടപടിയുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു വത്സല.

English Summary: Keralite mother waiting for the details of her son who died in abu dhabi before 11 years ago.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com