ADVERTISEMENT

അബുദാബി ∙ യുഎഇയിൽ 3 മുതൽ 17 വയസ്സു വരെയുള്ളവർക്ക് ‍സിനോഫാം വാക്സീൻ നൽകാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. 900 കുട്ടികളിലായിരുന്നു പരീക്ഷണം. ഇത് വിജയിച്ചതോടെയാണ് നടപടി. കുട്ടികളുടെ വാക്സീൻ പരീക്ഷണത്തിൽ പാർശ്വഫലം റിപ്പോർട്ട് ചെയ്തിരുന്നില്ല. നേരത്തെ 18 വയസ്സിനു മുകളിലുള്ളവർക്കായിരുന്നു അനുമതി. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ 16 വയസ്സുള്ളവർക്ക് വാക്സീൻ നൽകിയിരുന്നു. നിലവിൽ 12 വയസ്സിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സീൻ നൽകുന്നുണ്ട്. അതത് എമിറേറ്റിലെ സർക്കാർ ആശുപത്രി, ക്ലിനിക് എന്നിവിടങ്ങളിലാണ് വാക്സീനായി സമീപിക്കേണ്ടത്. വാക്സിനേഷൻ റജിസ്ട്രേഷന്: https://www.mohap.gov.ae/en/AwarenessCenter/Pages/Covid-19-Vaccination-Booking-Steps.aspx

സ്കൂൾ കാലം തിരികെ ?

സ്കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും പുതിയ തീരുമാനം സഹായിക്കും. സ്കൂൾ തുറക്കുന്നതിന് മുൻപ് പരമാവധി കുട്ടികൾക്ക് വാക്സീൻ എടുത്താൽ ഓഫ് ലൈൻ ക്ലാസുകൾ തുടങ്ങാനാകും. അബുദാബിയിൽ ഈ മാസം 20 മുതൽ പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും വാക്സീൻ നിർബന്ധമാക്കി. സർക്കാർ സ്ഥാപനങ്ങളിലേക്ക് തിങ്കളാഴ്ച മുതൽ നിർബന്ധമാക്കിയിരുന്നു.

ഗ്രാമീണ മേഖലകളിലെങ്ങും വാക്സിനേഷൻ തകൃതി

ദുബായ് ∙ യുഎഇയിലെ ഗ്രാമീണ മേഖലകളിലടക്കം വാക്സിനേഷൻ ഊർജിതം. ഫുജൈറയിലും  കിഴക്കൻ പ്രദേശങ്ങളിലും ഗർഭിണികളടക്കം വാക്സിനേഷൻ എടുക്കുന്നുണ്ട്. സിനോഫാം, ഫൈസർ വാക്സീനുകളാണു ഗർഭിണികൾക്ക് നൽകുന്നതെന്ന് ഫുജൈറ കോവിഡ് വാക്സീൻ സെന്റർ ഡയറക്ടർ ഡോ. ഫത്ഹിയ അബ്ദുല്ല  പറഞ്ഞു. സമീപമേഖലകളായ ഖോർഫക്കാൻ, കൽബ, ദിബ്ബ മേഖലകളിലെ എല്ലാ വിഭാഗക്കാരും വാക്സിനേഷൻ കേന്ദ്രത്തിലെത്തുന്നുണ്ട്. ഗർഭിണികൾക്ക് കോവിഡ് ബാധിച്ചാൽ ആരോഗ്യ പ്രശ്നങ്ങൾ ഇരട്ടിക്കും. വാക്സീൻ എടുത്തവർക്ക് രോഗം പകരാൻ സാധ്യത കുറവായതിനാൽ ഗർഭിണികൾ ഡോക്ടർമാരുടെ ഉപദേശം തേടിയശേഷം സ്വീകരിക്കണം. 'സിഹ' മൊബൈൽ ആപ് വഴി  വാക്സീന്  റജിസ്റ്റർ ചെയ്യാം. ഇതിനായി പേരും തിരിച്ചറിയൽ കാർഡ് നമ്പറും നൽകണം.  വാക്സീൻ സ്വീകരിച്ച ശേഷവും  മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും വേണമെന്ന് ഡോ.ഫത്ഹിയ നിർദേശിച്ചു.

അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ  കനത്ത പിഴ


വാക്സീനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ ബാധിക്കുമെന്ന്  ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. വാക്സീൻ മൂലം ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഹെൽത്ത് അതോറിറ്റികൾ വ്യക്തമാക്കിയിരിക്കെ തെറ്റിദ്ധാരണ പരത്തരുതെന്നും വ്യക്തമാക്കി. കോവിഡ് വാക്സീൻ സ്വീകരിക്കാൻ രാജ്യത്ത് ആരെയും നിർബന്ധിക്കുകയോ എടുക്കാത്തതിന്റെ പേരിൽ ശിക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന് നിയമവിദഗ്ധൻ മുഹമ്മദ് അൽ നജ്ജാർ. എന്നാൽ രോഗപ്രതിരോധ നടപടികൾക്കെതിരെ പ്രചാരണം നടത്തുന്നത് കുറ്റകരമാണെന്നും 2 ലക്ഷം ദിർഹത്തിൽ കുറയാത്ത പിഴ ചുമത്തുമെന്നും വ്യക്തമാക്കി.

English Summary : MoHAP announced the provison of Sinopharm vaccine forchildren under 18.

uae-vaccine-kids
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com