ADVERTISEMENT

ദുബായ് ∙ സ്വകാര്യ സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ ഈ മാസം 29ന് പുനരാരംഭിക്കും. ഘട്ടംഘട്ടമായി തുടങ്ങി ഒക്ടോബർ 3 ആകുമ്പോഴേക്കും വിദൂര വിദ്യാഭ്യാസം പൂർണമായും അവസാനിപ്പിക്കാനാണ് ദുബായ് ദുരന്തനിവാരണ സമിതി തീരുമാനം.

വിനോദയാത്രകൾ, സ്കൂൾ അസംബ്ലികൾ, ക്യാംപുകൾ, കായിക പരിശീലനം, ഇതര പാഠ്യേതര പരിപാടികൾ തുടങ്ങിയവയും പുനരാരംഭിക്കും. ഒക്ടോബർ മൂന്നിന് സ്കൂളുകൾ പൂർണമായും സാധാരണ രീതിയിൽ പ്രവർത്തനം തുടങ്ങും. വാക്സീൻ എടുക്കാത്ത വിദ്യാർഥികളും ജീവനക്കാരും എല്ലാ ആഴ്ചയും വാക്സീൻ എടുത്തവർ എല്ലാ മാസവും കോവിഡ് പരിശോധന നടത്തണം.

96% അധ്യാപകരും 12– 17 പ്രായമുള്ള 70% വിദ്യാർഥികളും വാക്സീൻ സ്വീകരിച്ചതിനാൽ കർശന മാർഗനിർദേശങ്ങൾ പാലിച്ചു ക്ലാസുകൾ പുനരാരംഭിക്കുമെന്നു ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി. കുട്ടികളുടെ വിദൂരവിദ്യാഭ്യാസം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ അടുത്തമാസം 30നകം ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ നൽകണം.

കോവിഡ് പോസിറ്റീവ് ആയ കുട്ടികൾക്കും വിദൂരവിദ്യാഭ്യാസം തുടരാം. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക്: https://www.khda.gov.ae/CMS/WebParts/TextEditor/Documents/KHDA-Back-to-School-Protocols-2021-En.pdf

സ്കൂളിലും ഉറപ്പാക്കാം, കരുതൽ

∙ വിദ്യാർഥികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുന്നെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണം. കന്റീനുകളിലും ഇതു പാലിക്കണം. 

∙ സ്കൂൾ ബസുകൾക്ക് മുഴുവൻ േശഷിയിൽ സർവീസ് നടത്താം. 

∙ 6 വയസ്സിനു മുകളിലുള്ള കുട്ടികൾ, സ്കൂൾ ജീവനക്കാർ, സന്ദർശകർ എന്നിവർ നിർബന്ധമായും മാസ്ക് ധരിക്കണം. 

∙ സ്കൂളിൽ വിവിധയിടങ്ങളിൽ കൊച്ചുകുട്ടികൾക്ക് എടുക്കാനാകാത്ത വിധം ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കണം. 

Photo credit : sirtravelalot/ Shutterstock.com
Photo Credit : sirtravelalot/ Shutterstock.com

സ്കൂൾ ബസുകൾക്ക് നിർദേശങ്ങളുമായി അബുദാബി പൊലീസ്

അബുദാബി∙ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മേഖലയിൽ കർശന സുരക്ഷാ നടപടികളുമായി പൊലീസ്. സ്കൂൾ ബസുകൾ മാർഗനിർദേശങ്ങൾ പാലിക്കുകയും ജീവനക്കാർ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. കുട്ടികളെ സ്വന്തം വാഹനത്തിൽ സ്കൂളിൽ എത്തിക്കുന്ന രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.

സ്കൂൾ ബസുകൾ നിശ്ചിത സ്ഥലങ്ങളിൽ മാത്രം നിർത്തണം. കുട്ടികൾക്കു കയറാനും ഇറങ്ങാനും മതിയായ സമയം അനുവദിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരി പറഞ്ഞു. അബുദാബി, അൽഐൻ, അൽ ദഫ്ര മേഖലകൾ, ടണലുകൾ എന്നിവിടങ്ങളിൽ പട്രോളിങ് ശക്തമാക്കും. 

ഡ്രൈവർമാർ അറിയാൻ...

∙സ്കൂൾ ബസുകൾ ഇതര വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കണം. അമിതവേഗം ഒഴിവാക്കണം. മഞ്ഞും മഴയുമുള്ളപ്പോൾ കൂടുതൽ ശ്രദ്ധിക്കണം. 

∙ കുട്ടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും മറ്റു വാഹനങ്ങൾ സുരക്ഷിത അകലത്തിൽ നിർത്താനുള്ള റെഡ് സ്റ്റോപ് സിഗ്നൽ ലൈറ്റ് കാണിക്കണം. ഇതു കണ്ടാൽ മറ്റുവാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർത്തണം.

∙  സിഗ്നൽ ഇടാൻ മറക്കുന്ന സ്കൂൾ ബസ് ഡ്രൈവർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ. 

∙ സിഗ്നൽ കണ്ടിട്ടു വാഹനം നിർത്താത്ത ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ.

English Summary: Dubai schools gear up to reopen.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com