ADVERTISEMENT

അബൂദാബി ∙ യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതായി അധികൃതർ. ഈ വർഷം ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസം രോഗികളുടെ എണ്ണത്തിൽ 62% ആണ് കുറവെന്ന് യുഎഇ ആരോഗ്യ വകുപ്പ് പ്രതിനിധി ഡോ. ഫരീദ അൽ ഹൂസുനി അറിയിച്ചു.

ജനുവരി 15ന് ആണ് ഏറ്റവുമധികം പേർ രോഗബാധിതരായത്, 3966 പേർ. ഒരാഴ്ചയിലധികമായി പോസിറ്റീവ് കേസുകളുടെ എണ്ണം ആയിരത്തിൽ താഴെയാണ്. വാക്സീൻ വിതരണത്തിലെ പുരോഗതിയും ചിട്ടയായ രോഗ പ്രതിരോധ പ്രവർത്തനങ്ങളുമാണ് കോവിഡിനു കടിഞ്ഞാണിടാൻ സഹായകമായത്.

യുഎഇയിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവർ 76.12 ശതമാനമാണ്. രാജ്യത്ത് താമസിക്കുന്നവരിൽ ഒരു ഡോസ് സ്വീകരിച്ചവർ 87.19 ശതമാനം വരും.

വിദ്യാർഥികൾക്കുള്ള കോവിഡ് ചട്ടം പരിഷ്കരിച്ച് ഡിഎച്ച്എ

ദുബായ് ∙ വിദ്യാർഥികളുമായി ബന്ധപ്പെട്ട കോവിഡ് ചട്ടങ്ങൾ ദുബായ് ഹെൽത്ത് അതോറിറ്റി പരിഷ്കരിച്ചു. നഴ്സറികൾ, അതിനു താഴെയുള്ള സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, ഭിന്നശേഷിയുള്ളവരെ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം ബാധകമായ രീതിയിലാണ് ഡിഎച്ച്എയുടെ പുതിയ പരിഷ്കാരങ്ങൾ. കോവിഡ് ബാധിതരുമായി സമ്പർക്കത്തിലായവർക്കുള്ള ക്വാറന്റീൻ കാലാവധി ഏഴു ദിവസമായി ചുരുക്കി.

വാക്സീൻ എടുത്തവർക്കും ഇതു ബാധകമാണ്. സമ്പർക്കത്തിലായവർക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിൽ ക്വാറന്റീനിനു ശേഷം പിസിആർ ആവശ്യമില്ല. ക്ലാസുകളിൽ വിദ്യാർഥികൾ തമ്മിലുള്ള അകലം ഒരു മീറ്ററാക്കി കുറച്ചു. അതേസമയം മാസ്കും ശുചീകരണ നടപടികളും തുടരും. കോവിഡ് സ്ഥിരീകരിച്ചവർക്കുള്ള  ക്വാറന്റീൻ പത്തുദിവസമാണ്. ഇതിനു ശേഷം ക്ലിയറൻസ് സർട്ടിഫിക്കറ്റ് താനേ ലഭിക്കും.

ഇതു സ്കൂളുകളിൽ കാണിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രവേശിക്കാം. നാളെ മുതൽ ദുബായിൽ എല്ലാ സ്വകാര്യ സ്കൂളുകളിലും നേരിട്ടാണ് അധ്യയനം. ഓൺലൈൻ പഠനം തുടരാൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾ ഡിഎച്ച്എയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com