ADVERTISEMENT

ദുബായ്∙ ലോകത്തെ ആദ്യത്തെ സമ്പൂർണ പരിസ്ഥിതി സൗഹൃദ പള്ളി ഹത്തയിൽ. ദുബായ് ഇലക്ട്രിസിറ്റി ആൻ‍ഡ് വാട്ടർ അതോറിറ്റി(ദീവ)യാണ് പള്ളി നിർമിച്ചത്. യുഎസ് ഗ്രീൻ ബിൽഡിങ്സ് കൗൺസിലിന്റെ ലീ‍ഡർഷിപ് ഫോർ എനർജി ആൻഡ് എൻവയോൺമെന്റൽ ഡിസൈൻ പ്ലാറ്റിനം റേറ്റിങ്(83 പോയിൻ്റ്സ്) ലഭിച്ച ആരാധനാലയമാണിത്.

 

 1,050 ചതുരശ്ര മീറ്റർ വിസ്തീർണത്തിലുള്ള പള്ളിയിൽ ഒരേ സമയം 600 ലേറെ പേർക്ക് പ്രാർഥന നടത്താം യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ഇൗ സവിശേഷ പള്ളി നിർമിച്ചത്. ലോകത്ത് ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ദുബായ് എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പാണിതെന്ന് ദീവ മാനേജിങ് ഡയറക്ടറും സിഇഒയുമായ സഇൗദ് മുഹമ്മദ് അൽ തായർ പറഞ്ഞു.

 

25 മീറ്റർ ഉയരത്തിലുള്ള മിനാരമാണ് പള്ളിക്കുള്ളത്. കാർ, മോട്ടോർ ബൈക്ക് പാർക്കിങ്, ദൃഢനിശ്ചയക്കാർക്കുള്ള സൗകര്യങ്ങൾ, ഗ്രീൻ ചാർജർ സ്റ്റേഷൻ എന്നീ സംവിധാനങ്ങൾ കൂടി ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് ഏകദേശം 26.5 ശതമാനം ഉൗര്‍ജവും 55 ശതമാനം ജലവും സംരക്ഷിക്കുന്നു. സൗരോർജ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. ജലസേചനത്തിനും ശുചീകരണത്തിനും വെള്ളം പുനരുപയോഗിക്കാനുള്ള ജല ശുദ്ധീകരണ യൂണിറ്റ് ആണ് മറ്റൊരു പ്രത്യേകത. പള്ളിക്കുള്ളിൽ സുസ്ഥിരവും ആരോഗ്യകരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി വായു ശുദ്ധീകരണത്തിന് ഉയർന്ന കാര്യക്ഷമമായ ഉപകരണം ഉപയോഗിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി. ഹത്തയിലെ ഉൗർജ -പരിസ്ഥിതി രൂപകൽപ്പനയ്ക്ക് നേതൃത്വം നൽകുന്ന ഹരിത കെട്ടിടങ്ങൾക്ക് പ്ലാറ്റിനം റേറ്റിങ് ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ പള്ളിയാണ് ഉദ്ഘാടനം ചെയ്തതെന്നും ഹത്തയുടെ സമഗ്രവും സുസ്ഥിരവുമായ വികസന പദ്ധതിയെ പിന്തുണയ്ക്കുന്നതിനും അതിന്റെ സാമൂഹിക, സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ദീവയുടെ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അൽ തായർ പറഞ്ഞു. 

 

എൽഇഡി പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിച്ചതിലൂടെ, പള്ളി രാജ്യാന്തര സുസ്ഥിര മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്നും ഉയർന്ന തലത്തിലുള്ള കാര്യക്ഷമത കൈവരിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.  കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള യുഎഇയുടെ ശ്രമങ്ങളെ ഇതു പിന്തുണയ്ക്കുന്നുവെന്നു ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപാർട്ട്മെന്റ് (ഐഎസിഎഡി) ഡയറക്ടർ ജനറൽ ഡോ. ഹമദ് അൽ ഷെയ്ഖ് അഹമ്മദ് അൽ ഷൈബാനി പറഞ്ഞു.  

English Summary: World's first nature friendly Mosque.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com