ADVERTISEMENT

ദുബായ്∙കോവിഡ്19 സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്ക് മാറ്റിയ ഐപിഎൽ ടൂർണമെന്റിലെ അവശേഷിക്കുന്ന  മത്സരങ്ങൾ ഇൗ മാസം 19 മുതൽ ഒക്ടോബർ 15 വരെ  അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നടക്കും. യുഎഇയിലെ െഎപിഎലിൻ്റെ ആരോഗ്യ പങ്കാളിയായി മലയാളിയുടെ ആശുപത്രിയെ  ബിസിസിഐ നിയോഗിച്ചു. വ്യവസായി ഡോ.ഷംസീർ വയലിൻ്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്‌കെയർ ഇത് തുടർച്ചയായ രണ്ടാം തവണയാണ് ടൂർണമെന്റിന് ആരോഗ്യ പരിരക്ഷയൊരുക്കാനും കോവിഡിനെ മറികടക്കാനുള്ള ബയോബബ്ളിനുള്ള മെഡിക്കൽ സേവനങ്ങൾക്കുമായി തിരഞ്ഞെടുക്കപ്പെടുന്നത്. 

ipl-uae

 

കഴിഞ്ഞ സീസണിൽ മത്സരങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കിയ അനുഭവ സമ്പത്തും വൈദഗ്ധ്യവുമായാണ് വിപിഎസ് ഹെൽത്ത്കെയർ ഇത്തവണ നിർണായക ചുമതല ഏറ്റെടുക്കുന്നത്.  ബയോബബ്ൾ ഉറപ്പാക്കുന്നതിനായി 30,000 പിസിആർ പരിശോധനകൾ നടത്തും. 

 

മഹാമാരിക്കിടെ  സുരക്ഷിതമായ ഐപിഎൽ മത്സരങ്ങൾ ഉറപ്പാക്കാൻ വിപിഎസ് ഹെൽത്ത്കെയർ എമിറേറ്റുകളിലെ എല്ലാ ആശുപത്രികളിലും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അടിയന്തര മെഡിക്കൽ സേവനങ്ങൾ, സ്പോർട്സ് മെഡിസിൻ സപ്പോർട്ട്, മസ്കുലോസ്കലെറ്റൽ ഇമേജിങ്, സ്പെഷ്യലിസ്റ്റ് ടെലികൺസൾട്ടേഷൻ, ഡോക്ടർ-ഓൺ-കോൾ, ആംബുലൻസ്/എയർ ആംബുലൻസ് സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ നൽകും. ഇതിനായി 100 അംഗ മൾട്ടി ഡിസിപ്ലിനറി ടീമിന് രൂപം നൽകിയിട്ടുണ്ട്. 

 

ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കുകൾ, ലാബ് ടെക്നീഷ്യൻമാർ എന്നിവരടങ്ങുന്ന രണ്ട് മെഡിക്കൽ ടീമുകളെ ഓരോ മത്സരത്തിനും നിയോഗിക്കും.  വിപിഎസ് ഹെൽത്ത്‌കെയറിന് കീഴിലുള്ള റെസ്പോൺസ് പ്ലസ് മെഡിക്കൽ മത്സരങ്ങൾക്ക്  ആംബുലൻസ്/എയർ ആംബുലൻസ് പിന്തുണ നൽകും. പരുക്കേറ്റ കളിക്കാർക്ക് അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപിഎസ് ആശുപത്രികളിൽ പരിചരണം നൽകും, അതേസമയം എയർ ആംബുലൻസ് സൗകര്യം ആവശ്യമുള്ള കളിക്കാരെ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റും.

 

കർശന പരിശോധനാ മാനദണ്ഡങ്ങൾ

 

കഴിഞ്ഞ വർഷത്തെ ഐപിഎല്ലിനെക്കാൾ കർശനമായ ടെസ്റ്റിങ് പ്രോട്ടോക്കോളാണ് ഇത്തവണ വിപിഎസ് ഹെൽത്ത്കെയർ വിദഗ്ധർ ഐപിഎല്ലിനായി ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മത്സരങ്ങൾ കുറവാണെങ്കിലും കൂടുതൽ ടെസ്റ്റുകൾ ഇക്കുറി നടത്തും. കളിക്കാർ എത്തുന്നതിന് മുന്നോടിയായി ദുബായിലെയും അബുദാബിയിലെയും 14 ഹോട്ടലുകളിലായി 750 ഹോട്ടൽ ജീവനക്കാർക്കുള്ള കോവിഡ് പരിശോധന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 13 -ന് മുംബൈ ഇന്ത്യൻസിന്റെയും ചെന്നൈ സൂപ്പർ കിങ് സിന്റെയും കളിക്കാരുടെ സാമ്പിളുകൾ ശേഖരിച്ചാണ് ടീമുകൾക്കുള്ള പരിശോധന ആരംഭിച്ചത്. പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം കളിക്കാരും ഉദ്യോഗസ്ഥരും മൂന്ന് ദിവസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടതിനാൽ, ഈ വർഷം ആകെ 30,000 പരിശോധനകളാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു. ഓരോ ദിവസവും ഐപിഎല്ലിനായി 2,000 പിസിആർ പരിശോധനകൾ നടത്താനുള്ള ശേഷിയുള്ള ലാബുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 6 മുതൽ 8 വരെ മണിക്കൂറുകൾക്കുള്ളിൽ റിസൾട്ടുകൾ ലഭിക്കും. മാത്രമല്ല, സുരക്ഷിതമായ ബയോബബ്ൾ  ഉറപ്പാക്കാൻ നഴ്സുമാരെയും മറ്റ് മെഡിക്കൽ സ്റ്റാഫുകളെയും ടൂർണമെന്റിന്റെ അവസാനം വരെ കളിക്കാർ താമസിക്കുന്ന അതേ ഹോട്ടലുകളിലാണ് താമസിപ്പിച്ചിക്കുക. 

 

ഐപിഎല്ലിനാവശ്യമായ ആരോഗ്യ സേവനങ്ങൾ നൽകാൻ ഗ്രൂപ്പ് പൂർണ സജ്ജമാണെന്ന് വിപിഎസ് ഹെൽത്ത്കെയർ സിഇഒ (ദുബായ് & നോർത്തേൺ എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാർ പറഞ്ഞു. "കോവിഡിനിടെ യുഎഇയിൽ നടന്ന വിവിധ രാജ്യാന്തര ടൂര്ണമെന്റുകൾക്ക് മെഡിക്കൽ സേവനങ്ങൾ ഒരുക്കിയതിന്റെ അനുഭവ സമ്പത്ത് തങ്ങളുടെ ടീമിനുണ്ടെന്നും ടൂർണമെന്റിലുടനീളം കളിക്കാർക്കും മറ്റു ബിസിസിഐ പങ്കാളികൾക്കും ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഉറപ്പാക്കാൻ  പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി.

English Summary: IPL to start in Uae from september 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com