sections
MORE

കോവിഡ് പടരില്ലെന്നുറപ്പാക്കും, ലോകം ദുബായിലേക്കൊഴുകും; ‘അദ്ഭുതമാകും എക്സ്‌പോ 2020’

Sumathi-Dubai-Expo
സുമതി രാമനാഥൻ (ഇടത്), എക്സ്പോ 2020യുടെ ഭാഗമായുള്ള കലാപ്രകടനം (വലത്–ചിത്രം, എക്സ്പോ ഔദ്യോഗിക ഫെയ്സ്‌ബുക് പേജ്)
SHARE

ഒക്ടോബർ ഒന്നു മുതൽ ആറു മാസം ലോകത്തിനു കാണാൻ ദുബായ് മാത്രം മതിയാകും. എക്സ്പോ 2020 എന്നു പേരിട്ട ആഗോള പ്രദർശന മഹാമേളയ്ക്ക് ദുബായ് അതിവേഗം ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. ദക്ഷിണേഷ്യയിലോ മിഡിൽഈസ്റ്റിലോ ആഫ്രിക്കയിലോ ഇതുവരെ ഒരു വേൾഡ് എക്സ്പോ നടന്നിട്ടില്ല എന്നതാണ് ദുബായ്എക്സ്പോയുടെ ആദ്യ പ്ലസ്. ‘എക്സ്പോ 2020 ദുബായ്’യുടെ മാർക്കറ്റ് സ്ട്രാറ്റജി–സെയിൽസ് വൈസ് പ്രസിഡന്റ് സുമതി രാമനാഥൻ ‘മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്: 

കോവിഡ് പടരാതെ...  

യുഎഇയുടെ അൻപതാം വാർഷികാഘോഷങ്ങൾക്കു മിഴിവു കൂട്ടാനാകുംവിധമാണ് എക്സ്പോ നടക്കുന്നത്. അതുകൊണ്ടുതന്നെ, രാജ്യം ഇക്കാലംകൊണ്ടു കൈവരിച്ച പുരോഗതിയുടെ നേർക്കാഴ്ച ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള അവസരവുമാകും മേള. ദശലക്ഷക്കണക്കിനു സന്ദർശകരെ ദുബായിലേക്കു സ്വാഗതം ചെയ്യാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം സർക്കാരും വിവിധ ഏജൻസികളും ഒരുക്കിയിട്ടുണ്ട്. 

Sheikh-Mohammed-visits-expo-site5

ഉദാഹരണത്തിന്, എക്സ്പോ സ്ഥലത്തെയും ദുബായ് നഗരത്തെയും രാജ്യാന്തര വിമാനത്താവളത്തെയുമൊക്ക കണക്ട് ചെയ്യുംവിധമുള്ള മെട്രോ റയിൽ സംവിധാനം. മണിക്കൂറിൽ 22,000 പേരെ ഓരോ ദിശയിലേക്കും കൊണ്ടുപോകാനുള്ള ശേഷിയാണിതിന്. ദുബായ് ഹബ് ആയ ആഗോള എയർലൈൻ എമിറേറ്റ്സ് പറക്കുന്നത് 84 രാജ്യങ്ങളിലെ 158 നഗരങ്ങളിലേക്കാണ്. കോടിക്കണക്കിനാളുകളെ ദുബായിലെത്തിക്കാൻ അവർക്കു സാധിക്കും. ഇതോടൊപ്പം, കോവിഡ് പടരില്ലെന്നുറപ്പാക്കാനുള്ള എല്ലാ ആഗോള നടപടികളും സ്വീകരിക്കുന്നുമുണ്ട്.

ശുഭപ്രതീക്ഷയോടെ...

കോവിഡാനാന്തര ലോകത്തിനൊരു ദിശാബോധമേകാൻ, ശുഭപ്രതീക്ഷയേകാൻ, ആത്മവിശ്വാസമേകാൻ ഒക്കെ ലക്ഷ്യമിട്ടുള്ളതാണ് എക്സ്പോ. ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാമൂഹിക പുരോഗതി വരച്ചുകാട്ടുന്നതാകും ഇത്. ഞങ്ങളുടെ ‘കണക്ടിങ് ദ് മൈൻഡ്സ്, ക്രിയേറ്റിങ് ദ് ഫ്യൂച്ചർ’ എന്ന ആശയത്തിന്റെ പ്രസക്തി ഇപ്പോൾ മറ്റെന്നത്തേക്കാളും ഏറെയാണല്ലോ. ഭൂഗോളത്തെയും മനുഷ്യജീവിതത്തെയുമാകെ നല്ല ദിശയിൽ സ്വാധീനിക്കാകുന്ന ആശയങ്ങളുടെയും നടപടികളുടെയും സമ്മേളനമായിരിക്കും ഈ എക്സ്പോ. ഓരോ രാജ്യത്തിനും പ്രത്യേക പവിലിയൻ ഉണ്ടാകും. ഓപ്പർച്യുണിറ്റി, മൊബിലിറ്റി, സസ്റ്റൈനബിലിറ്റി എന്നീ ഉപ ആശയങ്ങൾക്കുകീഴിലും പവിലിയനുകൾ സജ്ജീകരിക്കും. 

expo-site-2020

ആഗോള ഉൽസവാന്തരീക്ഷം

ത്രസിപ്പിക്കുന്ന കലാപ്രകടനങ്ങളുടെ ആഗോള ഉൽസവാന്തരീക്ഷമാകും എക്സ്പോയിൽ. ഒക്ടോബർ ഒന്നിനുതന്നെ ഇവ തുടങ്ങും. കല, കായികം, ആഹാരം, പ്രഭാഷണം എന്നിങ്ങനെ എന്തെല്ലാം രീതിയിൽ എൻഗേജിങ് ആകാമോ അതെല്ലാം എക്സ്പോയിലുണ്ടാകും. അതുകൊണ്ടുതന്നെ കാഷ്വൽ ടൂറിസ്റ്റ് മുതൽ ബൗദ്ധിക ഇടപെടലുകൾക്കായി സഞ്ചാരം നടത്തുന്നവർക്കുവരെയും രാഷ്ട്രനേതാക്കൾക്കും ബിസിനസ് തലവന്മാർക്കു വരെയും ഏവർക്കുമുള്ള അവസരമാണ് എക്സ്പോ.

expo

കോവിഡ് സുരക്ഷാ പരിശോധനകളടക്കം ആരോഗ്യപരിപാലനത്തിനുള്ള സജ്ജീകരണങ്ങളെല്ലാം റെഡിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജസും വെയറബിൾ ഡിവൈസുകളും റോബട്ടുകളുമൊക്കെയായി സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി തിരക്കു നിയന്ത്രിക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാനും സംവിധാനമുണ്ട്. രണ്ടരക്കോടി സന്ദർശകർ എന്നതാണ് എക്സ്പോയുടെ ലക്ഷ്യം. കോവിഡ് ലോകമെങ്ങും ഉയർത്തിയിരിക്കുന്ന പ്രതിസന്ധി കൂടി കണക്കിലെടുത്തു തന്നെയാണ് ഈ സംഖ്യ ലക്ഷ്യമിടുന്നത്. വാക്സിനേഷൻ അതിവേഗം പുരോഗമിക്കുന്നതിനാൽ ഈ ലക്ഷ്യം അസാധ്യമല്ലെന്നുതന്നെയാണ് പ്രതീക്ഷ,

ഇന്ത്യയ്ക്കും ഒരിടം

ഭാവി ഇന്ത്യയിലാണ് എന്ന ആശയത്തിലൂന്നിയാണ് ഇന്ത്യയുടെ പവിലിയൻ. ഭാരതസംസ്കാരവും പൈതൃകവും സാങ്കേതികപുരോഗതിയും വിളിച്ചോതുന്ന പവിലിയൻ ഓപ്പർച്യുണിറ്റി (അവസരങ്ങൾ) ഡിസ്ട്രിക്ടിലാണ്. ‘പുതിയ ഇന്ത്യ’യുടെ ശക്തിയും യുവഅഭിലാഷങ്ങളും പ്രതിഫലിക്കുന്നതാകും ഇത്. എക്സ്പോയിലെ വിവിധ വികസന ചർച്ചകളിൽ ഇന്ത്യ പങ്കാളിയാണ്. 

expo

എ.ആർ.റഹ്മാൻ മെന്റർ ചെയ്യുന്ന, വനിതകൾ മാത്രമുള്ള ഓർക്കെസ്ട്ര ഫിർദൗസ് അരങ്ങേറുന്നത് എക്സ്പോയിലാണ്. ബോളിവുഡ് താരം സോനം കപൂറും മേളയുടെ എന്റർടെയ്ൻമെന്റ് നിരയിലുണ്ട്. ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണു മേള. അൺലിമിറ്റഡ് എൻട്രിയുള്ള സീസൺ പാസ് (135 ഡോളർ– ഏകദേശം 10,000 രൂപ),  30 ദിവസം എൻട്രിയുള്ള മൾട്ടി–ഡേ പാസ് (53 ഡോളർ), ഒറ്റ ദിന ടിക്കറ്റ് (26 ഡോളർ) എന്നിവയാണുള്ളത്. കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും ഉൾപ്പെടെ പ്രത്യേക വിഭാഗങ്ങൾക്ക് സൗജന്യ പാസും ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary: Dubai is all set to Start Expo 2020 in October

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA