ADVERTISEMENT

അബുദാബി ∙ യുഎഇയിലെ യുവ ഇന്ത്യന്‍ സംരംഭകൻ ഡോ. ഷംഷീര്‍ വയലില്‍ ചെയര്‍മാനായ റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്ചേഞ്ചിലെ (എഡിഎക്സ്) സെക്കന്‍ഡറി മാര്‍ക്കറ്റില്‍ ഇന്ന് ലിസ്റ്റ് ചെയ്തു. ആല്‍ഫദാബി കമ്പനിക്ക് കീഴിലായി റെസ്‌പോണ്‍സ് പ്ലസ് ഹോൾഡിങ് പിജെഎസ്‌സി എന്ന പേരിലാണ് അബുദാബി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ആർപിഎം ലിസ്റ്റ് ചെയ്തത്. 'ആര്‍പിഎം' എന്ന ടിക്കറിലാവും റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ ഓഹരി വിപണിയില്‍ അറിയപ്പെടുക. 

200 ദശലക്ഷം മൂലധന നിക്ഷേപമുള്ള ആർപിഎമ്മിന്റെ ഒരു ഓഹരിയുടെ മൂല്യം ആദ്യദിനം 20 ദിർഹം വരെ ഉയർന്നു. ഇതോടെ ഓഹരി മൂല്യം 8,026 കോടി രൂപ(4 ബില്യൺ ദിർഹം)യായി. യുഎഇയിലെ ഏറ്റവും വലിയ ഓണ്‍സൈറ്റ് മെഡിക്കല്‍ സേവനദാതാക്കളിലൊന്നാണ് 1,600 ജീവനക്കാരുള്ള റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍. 2010 -ല്‍ സ്ഥാപിതമായ ആര്‍പിഎം യുഎഇയിലും സൗദി അറേബ്യയിലും ഒമാനിലുമായി നിലവില്‍ 260-ലേറെ മെഡിക്കല്‍ ക്ലിനിക്കുകൾക്കാണ് നേതൃത്വം നല്‍കുന്നത്. ഓയിൽ ആൻഡ് ഗ്യാസ്, തുറമുഖം, വിമാനത്താവളങ്ങൾ, വ്യവസായ-നിര്‍മാണശാലകള്‍ എന്നീ മേഖലകളിലാണ് ആര്‍പിഎം പ്രവര്‍ത്തിക്കുന്നത്. 160 ആംബുലൻസുകൾ സ്വന്തമായുള്ള ആർപിഎം യുഎഇയിൽ സ്വകാര്യ ആംബുലൻസ് ഫ്ലീറ്റുള്ള ഏക കമ്പനി കൂടിയാണ്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ജിസിസി, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ ആർപിഎമ്മിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. അബുദാബി സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ആര്‍പിഎമ്മിനെ ലിസ്റ്റ് ചെയ്യുകയെന്ന നേട്ടം കൈവരിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ആല്‍ഫാദാബി മാനേജിങ് ഡയറക്ടറും സിഇഒയുമായ ഹമദ് അല്‍ അമേരി പറഞ്ഞു. ആരോഗ്യ മേഖലയിലെ ആര്‍പിഎമ്മിന്റെ വളര്‍ച്ച അതിവേഗത്തിലാണ്. നൂതനവും സാങ്കേതികത്തികവോടെയുമുള്ള സേവനങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ലഭ്യമാക്കാനായതാണ് ആര്‍പിഎമ്മിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ആര്‍പിഎമ്മിനെ പുതിയ വിപണികളിലേയ്ക്ക് എത്തിക്കാനാണ് ലക്ഷ്യം. ഇതിനായുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ അബുദാബി സെക്കന്‍ഡറി മാര്‍ക്കിറ്റിലെ ലിസ്റ്റിങ് ആര്‍പിഎമ്മിനൊപ്പം വേഗത്തില്‍ വളരാന്‍ നിക്ഷേപകര്‍ക്കും വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ പ്രമുഖ ഹെൽത്ത്കെയർ സ്ഥാപനമായ ആര്‍പിഎമ്മിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലാണ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ച് ലിസ്റ്റിങ്ങിലൂടെ സാധ്യമാവുന്നതെന്ന് ആര്‍പിഎം ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. 'ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജ, നിര്‍മാണമേഖലകളുടെ  മെഡിക്കൽ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ആർപിഎം മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ ആര്‍പിഎമ്മിന്റെ സേവനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനത്തിലാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക-ഉപഭോക്തൃ അടിത്തറ ശക്തമാക്കുന്നതിനിത്  സഹായിക്കും. ആര്‍പിഎമ്മിന്റെ ഭാഗമാകാനും ഒപ്പം വളരാനും നിക്ഷേപകർക്കുള്ള മികച്ച  സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com