ADVERTISEMENT

ദുബായ് ∙ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ യുഎഇയും ഇസ്രയേലും കൂടുതൽ സഹകരിക്കും. കാർഷിക, ആരോഗ്യ മേഖലകളിലെയും മറ്റും പുതിയ വെല്ലുവിളികൾ നേരിടാൻ സാങ്കേതിക മികവുകൾ വർധിപ്പിക്കും.

നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയുള്ള പദ്ധതികൾക്കു രൂപം നൽകുന്നതും സഹകരണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള ഉന്നതല യോഗത്തിൽ ചർച്ച ചെയ്തു. ചരിത്രത്തിലാദ്യമായി കഴിഞ്ഞവർഷം സെപ്റ്റംബർ 15നാണ് ഇസ്രയേൽ-യുഎഇ സൗഹൃദത്തിനു തുടക്കമായത്. 

10 വർഷത്തിനകം ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കാനാണ് തീരുമാനം. ജലം, കാർഷികം, ആരോഗ്യം, വ്യവസായം, വൈജ്ഞാനികം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ അവസരങ്ങളുണ്ടെന്നും ഭാവിയിലെ സാധ്യതകൾ കണ്ടെത്താനും ഉപയോഗപ്പെടുത്താനും എക്സ്പോ അവസരമൊരുക്കുമെന്നും ശാസ്ത്ര സഹമന്ത്രി സാറ ബിൻത് യൂസഫ് അൽ അമീരി വെർച്വൽ യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഇസ്രയേൽ ശാസ്ത്ര-സാങ്കേതിക മന്ത്രി ഒറിറ്റ് ഫർകാഷും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. നിർമിതബുദ്ധി, ആരോഗ്യം, അഗ്രിടെക്, ഊർജം, ജലം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചകളും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു.

മരുഭൂമിയിലെ കാർഷികമേഖല നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്കു പരിഹാരം കാണാൻ ഇസ്രയേൽ സാങ്കേതിക വിദ്യകൾക്ക് കഴിയുമെന്നാണു പ്രതീക്ഷ.  വെള്ളം പാഴാകാതിരിക്കാനുള്ള തുള്ളിനന രീതിയടക്കമുള്ള സാങ്കേതിക വിദ്യകളിൽ ബഹുദൂരം മുന്നിലാണ്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. ഈ മേഖലയിൽ യുഎഇയും ബഹുദൂരം മുന്നേറിക്കഴിഞ്ഞു.

എക്സ്പോയിൽ എത്തും കുടിവെള്ള ഉൽപാദന വാഹനം

കുറഞ്ഞ ചെലവിൽ കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന സംവിധാനം എക്സ്പോയിൽ ഇസ്രയേൽ പരിചയപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഗാൽ-മൊബൈൽ എന്ന വാഹനത്തെക്കുറിച്ചറിയാനും അവസരമുണ്ട്.

ഈ വാഹനം ഇന്ത്യയ്ക്ക് ഇസ്രയേൽ സമ്മാനിച്ചിട്ടുണ്ട്.  കുടിവെള്ളക്ഷാമം, പ്രകൃതിക്ഷോഭം, മറ്റു ഗുരുതരസാഹചര്യങ്ങൾ എന്നിവയുണ്ടാകുമ്പോൾ അതിവേഗം കുടിവെള്ളം ഉൽപാദിപ്പിക്കാൻ കഴിയുന്ന വാഹനമാണിത്. പ്രതിദിനം 20,000 ലീറ്റർ കടൽവെള്ളവും 80,000 ലീറ്റർ നദീജലവും ശുദ്ധീകരിക്കാൻ കഴിയും. 60 മണിക്കൂറോളം തുടർച്ചയായി പ്രവർത്തിപ്പിക്കാം.

ആരോഗ്യപരിപാലനം, മെഡിക്കൽ ഡേറ്റയുടെ സംരക്ഷണം, സൈബർ സുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, നിർമിതബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകൾ എന്നിവയാണ് മറ്റു മേഖലകൾ.

English Summary: UAE aims for $1 trillion in activity with Israel by 2031.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com