ADVERTISEMENT

ദുബായ് ∙ വെല്ലുവിളികളുമായി യുദ്ധം ചെയ്യാൻ ആയുധമല്ല, അറിവാണു വേണ്ടതെന്ന വലിയ അനുഭവം പങ്കുവയ്ക്കാൻ സിറിയ ഒരുങ്ങി. കരിമരുന്നിന്റെ ഗന്ധവും പോരാട്ടങ്ങളുടെ പ്രകമ്പനവും അകലുന്ന കാലം അരികിലാണെന്ന പ്രതീക്ഷയോടെയാണു വരവ്. സിറിയയിലെ പുറംകാഴ്ചകൾ കണ്ട് നെല്ലും പതിരും തിരയാതെ തുറന്ന മനസ്സോടെ പവിലിയനിലെത്തിയാൽ പ്രതീക്ഷകൾ തളിർക്കുന്ന കൃഷിയിടം കാണാം, നല്ല ഭക്ഷണവും കഴിക്കാം.

അറബിക് ഭക്ഷണം സിറിയയിലൂടെ യൂറോപ്പിലേക്കു ചുവടുവയ്ക്കാനൊരുങ്ങുമ്പോൾ  എന്തൊക്കെയാകും പുതുമയെന്നും അറിയാനാകും. തിരിച്ചറിവുകൾ നൽകുന്ന പാഠപുസ്തകമാണു സിറിയൻ പവിലിയനെന്നും സംഘാടകർ പറയുന്നു. മൊബിലിറ്റി ഡിസ്ട്രിക്ടിലെ പവിലിയനിൽ മനസമാധാനം നൽകുന്ന കാഴ്ചകൾ മാത്രം. കവിതയും സംഗീതവും കൃഷിയുമാണ് പ്രമേയങ്ങൾ. ഈ 3 കാര്യങ്ങളിൽ നിന്നും മനുഷ്യർ അകന്നു തുടങ്ങിയതാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പവിലിയൻ ഓർമിപ്പിക്കുന്നു.

സമ്പന്ന ചരിത്രവും കാർഷിക സമൃദ്ധിയുമുള്ള സിറിയൻ കാഴ്ചകളിലേക്കു യാത്ര ചെയ്യാം. പഴയ കാലത്തേക്കു തിരിച്ചു നടന്നു പുതിയ ലോകത്തെത്തുന്ന പ്രതീതി.  രാത്രി എത്ര ഭീകരമായാലും പ്രതീക്ഷകളുടെ പുലരി പിറക്കുമെന്ന ആത്മവിശ്വാസത്തോടെ സന്ദർശകർക്കു മടങ്ങാം.

പച്ചപ്പു കണ്ടു പാടാം

കഷ്ടപ്പാടുകൾക്കിടയിലും കൈവരിച്ച കാർഷിക നേട്ടങ്ങൾ സിറിയ പങ്കുവയ്ക്കുന്നു. തകർക്കാൻ പറ്റാത്ത ആത്മവിശ്വാസമാണ് കൃഷിയിൽ നിന്നു ലഭിക്കുന്ന വിലമതിക്കാനാത്ത വിളവെന്ന് കാർഷിക വിദഗ്ധർ ഓർമിപ്പിക്കുന്നു. പച്ചപ്പു കണ്ട് പാട്ടു പാടണമെന്നു തോന്നിയാൽ അതിനും അവസരം. 3,500 വർഷങ്ങൾക്കു മുൻപുള്ള ഈണങ്ങളടക്കം ഇവിടെയുണ്ട്.

സന്ദർശകർക്ക് പാട്ടുംപാടി ചരിത്രത്തിലേക്കു പോകാം. അപൂർവ സംഗീതോപകരണങ്ങൾ, ഓരോ കാലഘട്ടത്തിലെയും സംഗീതത്തിന്റെ വളർച്ച, അതിരുകൾ കടന്നുള്ള യാത്ര എന്നിവയെല്ലാം അറിയാനാകും.

'അയാം സിറിയൻ' എന്ന പേരിലുള്ള പ്രദർശന മേളയിൽ കലാകാരന്മാരെ അടുത്തറിയാം. സിറിയൻ സംഗീതം, നൃത്തം, നാടകം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവയെക്കുറിച്ച് അതത് മേഖലകളിലെ പ്രമുഖരിൽ നിന്നു മനസിലാക്കാനാകും.

ചില്ലുമേടയിൽ രുചിമേളം

കാഴ്ചകൾ കണ്ടു കലവറയിലെത്തിയാൽ സിറിയൻ വിഭവങ്ങളുമായി അങ്കത്തിനൊരുങ്ങാം. ഷവർമ, ഫലാഫൽ, കബാബ് എന്നിവയെല്ലാം വ്യത്യസ്ത രുചികളിൽ ആസ്വദിക്കാം.

കോഴിക്കോടൻ ഹൽവ ഒമാനിൽ എത്തിയപ്പോൾ സംഭവിച്ച മാറ്റങ്ങൾ പോലെ അറേബ്യൻ വിഭവങ്ങളിലെ സിറിയൻ, യൂറോപ്യൻ രസക്കൂട്ടുകളും ആസ്വദിച്ചറിയാം.സ്വർണത്തെ നിഷ്പ്രഭമാക്കാൻ സ്ഫടികത്തിനു കഴിയുമെന്നു തെളിയിച്ച രാജ്യമാണ് സിറിയ.മെഴുകുതിരി വെട്ടം നൂറുകണക്കിനു മിന്നാമിനുങ്ങുകളായി മാറുന്ന മായാജാലം പവിലിയനിൽ കാണാം.

ആഷ്‌ട്രേ, പൂപ്പാത്രം, ഷെയ്ഡുകൾ, കുഞ്ഞുമേശകൾ തുടങ്ങിയവ കാണുമ്പോൾ ചില്ലിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഉടഞ്ഞുപോകും.പച്ചമരുന്നുകൾ ചേർന്ന സോപ്പും ലേപനങ്ങളും പവിലിയനിൽ പ്രതീക്ഷിക്കാം. എല്ലാ രാജ്യാന്തര മേളകളിലും ഇടംപിടിക്കുന്നവ ഇവയ്ക്ക് ഗൾഫിൽ ആരാധകരേറെയാണ്.

English Summary: About Syrian Pavilion in Expo 2020 Dubai.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com