ADVERTISEMENT

അബുദാബി∙ തപ്പിത്തടയാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഗൂഗിളുമായി ചേർന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗം നൂതന സംവിധാനമൊരുക്കി. എമിറേറ്റിലെ 2 ലക്ഷത്തോളം മേൽവിലാസങ്ങളും 19,000 റോഡുകളും ഗൂഗിൾ മാപ്പിൽ ചേർത്താണ് ആയാസരഹിത യാത്രയൊരുക്കുന്നത്.

അടിയന്തര സേവനവും സാധനങ്ങളും വേഗം എത്തിക്കാനും ഇതുവഴി സാധിക്കും. വിനോദ സഞ്ചാരികൾക്ക് പരസഹായമില്ലാതെ നഗര, ഗ്രാമ പ്രദേശങ്ങളുടെ സൗന്ദര്യങ്ങളും ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. നഗരസഭയുടെ ഒൻവാനി ഏകീകൃത അഡ്രസിങ് സംവിധാനവുമായി ഗൂഗിളിനെ ബന്ധിപ്പിച്ചാണ് സൗകര്യം ഒരുക്കിയത്.

എത്തേണ്ട സ്ഥലത്തെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ ഗൂഗിളിനോടു ചോദിക്കാം. ഭൂപടം അടക്കം പോകേണ്ട വഴി, ദൂരം, ബസ്, ടാക്സി, സ്വകാര്യ വാഹനം തുടങ്ങിയവയുടെ വിശദാംശം, അവിടത്തെ കാലാവസ്ഥ തുടങ്ങി ആവശ്യമായതെല്ലാം  പറഞ്ഞുതരും. പുതിയ സംവിധാനം സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, സുരക്ഷാ, പരിസ്ഥിതി, വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് നഗരസഭയുടെ സാങ്കേതിക വിഭാഗം ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഒമർ അൽ ഷൈബ പറഞ്ഞു.

ഒൻവാനി ആപ്പിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്തും വിവരങ്ങൾ അറിയാം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ മക്കാനി ആപ്പിലൂടെ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും വിവരങ്ങളും ലഭ്യമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com