ADVERTISEMENT

ദുബായ് ∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം (ഒബ്സർവേഷൻ വീൽ) 'ഐൻ ദുബായ്' റെക്കോർഡുകളിലേക്കു കറക്കം തുടങ്ങി.

ബ്ലൂ വാട്ടേഴ്സ് ഐലൻഡിൽ 250 മീറ്റർ ഉയരമുള്ള ഈ വിസ്മയ ചക്രത്തിന്റെ മുകളിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇരിക്കുന്ന ചിത്രം ഉദ്ഘാടനദിവസം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി.

കുതിരയോട്ടം ഉൾപ്പെടെയുള്ള സാഹസിക വിനോദങ്ങളിൽ രാജ്യാന്തര താരം കൂടിയായ ഹംദാൻ, ഒരു കപ്പ് ചായയുമായി  ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികൾ, ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം എന്നിവയുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ്  2 മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു. ഇന്നും കലാപരിപാടികൾ ഉണ്ടാകും.

നഗരത്തിന്റെയും കടലിന്റെയും സൗന്ദര്യം  360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ കഴിയുന്ന ഐൻ ദുബായിൽ ഒരേ സമയം 1,750 പേർക്കു കയറാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണുള്ളത്.

ഒരുതവണ കറങ്ങാൻ 38 മിനിറ്റ് വേണം. ഒരു ക്യാബിനിൽ 40 പേർക്കുവരെ കയറാമെങ്കിലും േകാവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 7 പേരെ മാത്രമേ അനുവദിക്കൂ. കുടുംബമായോ ഗ്രൂപ്പ് ആയോ വന്നാൽ 10 പേർ.

ടിക്കറ്റ് നിരക്ക്

ഐൻ ദുബായ്.
ഐൻ ദുബായ്.

സാധാരണ ടിക്കറ്റിന് 130 ദിർഹവും 3 വയസ്സിനും 12നും ഇടയ്ക്കുള്ള കുട്ടികൾക്ക് 100 ദിർഹവുമാണ് നിരക്ക്. 2 മുതിർന്നവർക്കും 2 കുട്ടികൾക്കും കയറാവുന്ന ഫാമിലി പാസ് 370 ദിർഹം, ലഘുഭക്ഷണം ലഭിക്കുന്ന ഫാമിലി പാസ് 450 ദിർഹം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: aindubai.com.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com