എക്കാലത്തേയും മികച്ച ലോകകപ്പാവും ഖത്തറിലേതെന്ന് ലെഗസി അംബാസഡർമാർ

cafu
കാഫു.
SHARE

ദോഹ∙എക്കാലത്തേയും അവിസ്മരണീയമായ ലോകകപ്പ് തന്നെയാണ് 2022 ൽ ഖത്തർ ലോകത്തിന് സമ്മാനിക്കുകയെന്ന് ഖത്തർ ലെഗസി അംബാസഡർമാരായ ഫുട്‌ബോൾ താരങ്ങൾ.ലോകകപ്പ് സ്റ്റേഡിയമായ അൽതുമാമയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ ഖത്തർ ലെഗസി ബ്രാൻഡ് അംബാസഡർമാരുമായി മാധ്യമങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിലാണ് അഭിപ്രായങ്ങൾ പങ്കുവച്ചത്. ഖത്തർ ലെഗസിയുടെ റീജനൽ അംബാസഡർമാരായ അലി അൽ ഹബ്‌സി, വെയ്ൽ ഗോമ, ഇന്റർനാഷനൽ അംബാസഡർമാരായ കാഫു, റൊണാൾഡ് ഡി ബോയർ, ടിം കാഹിൽ തുടങ്ങിയവർ പങ്കെടുത്തു.

ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഖത്തർ: കാഫു

ഖത്തറിലെ ജനങ്ങൾക്ക് ഫുട്‌ബോളിനോടുള്ള സ്‌നേഹവും കായിക മേഖലയ്ക്ക് ഖത്തർ നൽകുന്ന പ്രാധാന്യവും ലോകജനതയ്ക്ക് തിരിച്ചറിയാൻ 2022 ഫിഫ ലോകകപ്പിലൂടെ സാധ്യമാകുമെന്ന് ബ്രസീൽ ഫുട്‌ബോൾ ഇതിഹാസം കാഫു അഭിപ്രായപ്പെട്ടു. ഖത്തറിന്റെ സംസ്‌കാരത്തെക്കുറിച്ചും ആതിഥേയ പാരമ്പര്യത്തെക്കുറിച്ചും ലോകത്തിന് അറിയാൻ കഴിയും. ഏറ്റവും വിസ്മയിപ്പിക്കുന്ന ലോകകപ്പായിരിക്കും ഖത്തറിലേത്. സ്റ്റേഡിയങ്ങളിൽ തമ്മിൽ വലിയ ദൂരമില്ലെന്നതിനാൽ കാണികൾക്ക് വളരെ സൗകര്യപ്രദമായ ലോകകപ്പ് കൂടിയാണിത്. ഫിഫ ലോകകപ്പ്  4 വർഷം കൂടുമ്പോൾ നടത്തുന്നതിനോടാണ് താൽപര്യമെന്നും എങ്കിൽ മാത്രമേ ലോകകപ്പിന്റെ പ്രാധാന്യമേറുകയുള്ളുവെന്നും കാഫു വ്യക്തമാക്കി. ഏഷ്യൻ ഫുട്‌ബോളിൽ പ്രതീക്ഷയുണ്ട്. ഫുട്‌ബോൾ ആരാധകരുടെ കാര്യത്തിൽ ഇന്ത്യ മുൻപിലാണെങ്കിലും കളിയുടെ കാര്യത്തിൽ ഇനിയും മികവു പുലർത്തേണ്ടതുണ്ടെന്നും ചോദ്യത്തിന് മറുപടിയായി കാഫു പറഞ്ഞു. (2019 ജൂണിലാണ് ഖത്തർ ലെഗസിയുടെ ഇന്റർനാഷനൽ അംബാസഡർ ആയി കാഫു എത്തിയത്). 

ronald-de-boer
റൊണാൽഡ് ഡി ബോയർ

തയാറെടുപ്പിൽ വലിയ മുന്നേറ്റം : റൊണാൾഡ് ഡി ബോയർ

വരും തലമുറയ്ക്കുള്ള മികച്ച സമ്മാനമാണ് 2022 ഫിഫ ഖത്തർ ലോകകപ്പെന്ന് ഡച്ച് ഫുട്‌ബോൾ താരം റൊണാൾഡ് ഡി ബോയർ. ലോകകപ്പ് തയാറെടുപ്പുകളിൽ വലിയ മുന്നേറ്റമാണ് ഖത്തർ നടത്തിയിരിക്കുന്നത്. 10 വർഷത്തിനിടെ ഏറ്റവും ആകർഷമായ രീതിയിലുള്ള വലിയ മാറ്റമാണ് ഖത്തറിൽ പ്രകടമാകുന്നത്. ലോകം മുഴുവൻ ഉറ്റു നോക്കുന്നത് ഖത്തറിലേക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച രീതിയിലുള്ള തയാറെടുപ്പുകളിലൂടെ ഭാവി തലമുറയ്ക്ക് നല്ലൊരു കായിക പൈതൃകം തന്നെയാകും ഖത്തർ സമ്മാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. (2005 മുതൽ 2008 വരെ ഖത്തരി ക്ലബ്ബുകളായ അൽ റയാൻ, അൽ ഷമാൽ എന്നിവയ്ക്കായി ബൂട്ടണിഞ്ഞ ഡച്ച് താരമായ ബോയർ ഇക്കഴിഞ്ഞ ജൂണിലാണ് ഖത്തർ ലെഗസിയുടെ ഇന്റർനാഷനൽ അംബാസഡർ ആയത്).

wael-gomaa
ഈജിപ്ഷ്യൻ താരം വെയ്ൽ ഗോമ

സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്: വെയ്ൽ ഗോമ

വലിയൊരു സ്വപ്‌നമാണ് 2022 ൽ യാഥാർത്ഥ്യമാകുന്നത്. ഫിഫ ലോകകപ്പ് എന്ന വലിയ കായിക മാമാങ്കത്തിന് ഒരു അറബ് രാജ്യം ആതിഥേയരാകുമെന്ന് ആരും കരുതിയില്ലെന്നും ഈജിപ്ഷ്യൻ ഫുട്‌ബോൾ ഇതിഹാസം വെയ്ൽ ഗോമ അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെയുളള തയാറെടുപ്പുകളിലെ മികവിന്റെ പശ്ചാത്തലത്തിൽ എക്കാലത്തെയും വിസ്മയകരമായ ലോകകപ്പ് തന്നെയാകും ഖത്തറിലേതെന്നതിൽ സംശയമില്ല. മത്സരങ്ങളുടെ കാര്യത്തിൽ മാത്രമല്ല എല്ലാ വിഭാഗം കാണികൾക്കും സൗകര്യപ്രദമായ ടൂർണമെന്റൊരുക്കുന്നതിലും ഖത്തർ വലിയ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും ഗോമ ചൂണ്ടിക്കാട്ടി. (2019 മുതൽ സുപ്രീം കമ്മിറ്റിയുടെ റീജനൽ ഖത്തർ ലെഗസി അംബാസഡർ ആണ് വെയ്ൽ ഗാമ)

ali-al-habsi
ഒമാൻ ഇതിഹാസം അലി അൽ ഹബ്‌സി.

ലോകകപ്പിന് ഖത്തർ സജ്ജം : അലി അൽ ഹബ്‌സി

കോവിഡ് പ്രതിസന്ധിയിലും കായിക പരിപാടികൾ എങ്ങനെയാണ്  സുരക്ഷിതമായി നടത്തേണ്ടത് എന്നു ലോകത്തിന് കാണിച്ചു നൽകാൻ ഖത്തറിന് കഴിഞ്ഞുവെന്ന് ഒമാൻ ഫുട്‌ബോൾ ഇതിഹാസം അലി അൽ ഹബ്‌സി. 

നിലവിലെ സാഹചര്യങ്ങളിലും ഏറ്റവും വേഗത്തിൽ ലോകകപ്പിന് സജജമായത് വലിയ പ്രശംസ അർഹിക്കുന്നതാണ്. ഏറ്റവും മികച്ച ലോകകപ്പ് ആകും ഖത്തറിലേതെന്നതിൽ സംശയമില്ലെന്നും ലോകകപ്പിനായി ഖത്തർ സുസജ്ജമാണെന്നും അൽ ഹബ്‌സി അഭിപ്രായപ്പെട്ടു.

ഖത്തർ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പിന്റെ വിജയത്തോടെ  ഭാവിയിലെ ഫിഫ ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള വാതിലാണ് അറബ് രാജ്യങ്ങൾക്ക് മുൻപിൽ തുറന്നുകിട്ടുന്നതെന്നും അലി പറഞ്ഞു.  (2019 നവംബർ മുതൽ ഖത്തർ ലെഗസിയുടെ റീജനൽ അംബാസഡർ ആണ്).

English Summary : Legacy Ambassadors comment on Qatar World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA