ADVERTISEMENT

ദുബായ് ∙ മൂന്നക്കം മാത്രമേ ഓർമയുണ്ടായിരുന്നതെന്നും അത് ശരിയായതു കണ്ടപ്പോൾ ഒരു ടിക്കറ്റ് കൂടി കിട്ടിയല്ലോ എന്നാണ് വിചാരിച്ചതെന്നും മഹ്സൂസ് ലോട്ടറിയുടെ മെഗാ ബംപർ ജേതാവ് പാക്കിസ്ഥാൻ സ്വദേശി ജുനൈദ് റാണ പറഞ്ഞു. കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞപ്പോഴാണ് നമ്പർ ഒത്തു നോക്കിയത്. ആറ് നമ്പറുകളും ശരിയായെന്ന് കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇതിനിടെ ലോട്ടറി അധികൃതരും വിളിച്ചു.

ദുബായിൽത്തന്നെയുള്ള സഹോദരൻ യാസറിനെയാണ് ആദ്യം വിളിച്ചത്. ആദ്യം അദ്ദേഹവും വിശ്വസിച്ചില്ല. 5000 ദിർഹമാണ് ശമ്പളം. ഞങ്ങൾ രണ്ടുപേർക്കുമുള്ള ചില്ലറ കടങ്ങൾ വീട്ടും. കാറും വീടും വാങ്ങണം. മറ്റൊന്നും ആലോചിച്ചിട്ടില്ല. പിതാവിന് ചെറിയ കച്ചവടമായിരുന്നു. അതാണ് യുഎഇയിൽ എത്താൻ കാരണം. ആറു വർഷം മുൻപ് പിതാവ് രോഗബാധിതനായതോടെ നാട്ടിലേക്ക് പോയി.

അദ്ദേഹത്തിന്റെ മരണശേഷമാണ് അഞ്ചു വർഷം മുൻപ് വീണ്ടും ദുബായിലെത്തിയത്. ഇപ്പോഴത്തെ ജോലിയിൽ തൃപ്തനാണ്. പാക്കിസ്ഥാനിലുള്ള ഭാര്യ മൂന്നാമതും ഗർഭിണിയാണ്. അവൾ എപ്പോഴും പ്രാർഥിക്കും. ലോട്ടറിയെടുത്ത വിവരം പറഞ്ഞിട്ട് പ്രാർഥിക്കാൻ പറഞ്ഞിരുന്നു. 

സുഖമാണോ, നിന്റെ പേരെന്താണ് തുടങ്ങി ഏതാനും മലയാളം വാക്കുകളും ജുനൈദിന് അറിയാം. മലയാളികളെ ഏറെ ഇഷ്ടമാണെന്നും മലയാളി സുഹൃത്ത് റിസ്വാൻ പറയുന്നത് കേട്ടു പഠിച്ചതാണെന്നും ജുനൈദ് പറഞ്ഞു. 

വലിയ സ്വപ്നം കാണുന്നത് നിർത്തരുതെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഇനിയും ലോട്ടറി എടുക്കുമെന്നും കൂട്ടിച്ചേർത്തു. സമ്മാനം ലഭിച്ചത് അറിയിച്ചപ്പോൾ ഇത്രയും ശാന്തനായി പ്രതികരിച്ച ഒരാളെ കണ്ടിട്ടില്ലെന്നും ഇതു തന്നെ അമ്പരപ്പിച്ചെന്നും ഇ വിങ്സിലെ സമ്മാനവിഭാഗം ഉദ്യോഗസ്ഥയും മലയാളിയുമായ പ്രിയ ബോണി പറഞ്ഞു. 

അഞ്ചക്കം ശരിയായാൽ സമ്മാനം

ദുബായ് ∙ ആറക്ക നമ്പരുകൾ ചേരണമെന്ന നിബന്ധന മാറ്റി കൂടുതൽ പേർക്ക് സമ്മാനം ലഭിക്കാൻ അഞ്ചക്കം ചേർന്നാൽ മതിയെന്ന് നിശ്ചയിച്ചെന്നും അടുത്ത ആഴ്ച മുതൽ നടപ്പാക്കുമെന്നും മെഹസൂസ് നറുക്കെടുപ്പ് നടത്തുന്ന ഇവിങ്സ് കമ്പനി സിഇഒ ഫരീദ് സാംജി അറിയിച്ചു. സമ്മാനത്തുകയും കൂട്ടി. ഇതിനൊപ്പം റാഫിൾസ് നറുക്കെടുപ്പും നടത്തി കൂടുതൽ പേർക്ക് സമ്മാനങ്ങൾ നൽകും.

ഒന്നാം സമ്മാനത്തിന് വർഷങ്ങളോളം കാത്തിരിക്കണമെന്ന ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനാണിത്. ഇതിനായി മൂന്നു മാസം മുൻപ് മുതൽ നടപടി തുടങ്ങി.

English Summary : Mahzooz lottery winner Junaid Rana shares his story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com