ADVERTISEMENT

ഷാർജ ∙ നിശ്ചയദാർഢ്യമുണ്ടെങ്കിൽ അസാധ്യമായത് ഒന്നുമില്ലെന്ന് ഉറപ്പിക്കുകയാണ് കായംകുളം കളയിക്കൽ സ്വദേശി എസ്.എം.സാദിഖ്. തന്റെ ഹൃദയരക്തം കൊണ്ടെഴുതിയ പുസ്തകവുമായി 56കാരൻ ഷാർജ രാജ്യാന്തര പുസ്തകമേളയിലെത്തിയത് വീൽചെയറിലാണ്. പ്രീ ഡിഗ്രി പഠനകാലത്ത് ഉറക്കത്തിനിടെ, രണ്ട് കാലുകളും പിന്നീട് വലതുകൈയും തളർന്നുപോയതിനെ തുടർന്ന്  നിൽക്കാൻ പോലും സാധിക്കാത്ത ഇദ്ദേഹത്തിന്റെ 'ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം' എന്ന ആത്മകഥാംശമുള്ള കുറിപ്പുകൾ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്യും. 

sadiq11

കോളജ് ക്യാംപസിൽ ഒാടിച്ചാടി നടന്നിരുന്ന സാദിഖ് ഒരു ദിവസം ഉറക്കമുണർന്നപ്പോൾ കാലുകൾ രണ്ടു തളർന്നതായാണ് കണ്ടത്. 15 വർഷത്തോളം എന്താണു രോഗം എന്നറിയാതെ ചികിത്സിച്ചു. പിന്നീട്, സ്പൈനൽ അട്രോഫി എന്ന അപൂർവ രോഗമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞു. അലോപ്പതി കൂടാതെ, ആയുർവേദം, ഹോമിയോ  തുടർചികിത്സകൾ ഏറെ നടത്തിയെങ്കിലും കാലുകളുടെ സ്വാധീനം തിരിച്ചുകിട്ടിയില്ല. മാത്രമല്ല, കൂടുതൽ അവശനാകുകയും ചെയ്തു. അപ്പോഴൊക്കെയും വായനയായിരുന്നു ആശ്വാസം പകർന്നതെന്ന് സാദിഖ് മനോരമ ഒാൺലൈനിനോട് പറഞ്ഞു. 2003ൽ വലതു കൈയ്ക്കും തളർച്ച വന്നു. ഫിസിയോ ‌തെറാപ്പി നടത്തിയതിനെ തുടർന്ന് പേന പിടിക്കാനുള്ള ബലം തിരികെ ലഭിച്ചു.

പഠന കാലത്ത് പത്രങ്ങളിലേക്കു പ്രതികരണങ്ങളും മിനിക്കഥകളുമൊക്കെ എഴുതുമായിരുന്നു. അങ്ങനെയാണ് തന്റെ ജീവിതം എഴുതിയാലോ എന്ന ആലോചനയുണ്ടായത്. സഹോദരിയുടെയും മക്കളുടെയും പ്രോത്സാഹനവും പിന്തുണയും കൂടിയായപ്പോൾ വീണ്ടും എഴുത്തു തുടങ്ങി. 

sadiq1

തന്റെ ജീവിതത്തിൽ സംഭവിച്ച ഖേദകരമായ സംഭവങ്ങളും സ്വകാര്യ ദുഃഖങ്ങളും ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണവുമാണ് ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളത്തിലെ ഉള്ളടക്കം. മൂന്നു മാസം കൊണ്ട് കംപ്യൂട്ടറിൽ സ്വയം ടൈപ്പ് ചെയ്തായിരുന്നു 120  പേജുള്ള പുസ്തകം പൂർത്തിയാക്കിയത്. അത് കോഴിക്കോട്ടെ ലിപി പബ്ലിക്കേഷൻസ് അച്ചടിച്ചു. 

 സുബൈർ–നഫീസ ദമ്പതികളുടെ മകനായ സാദിഖ് നാട്ടിൽ ഫൊട്ടോകോപ്പി–ടൈപ്പിങ് സ്ഥാപനങ്ങൾ നടത്തിയാണ് ഉപജീവനം നടത്തുന്നത്. സഹോദരിയോടൊപ്പമാണ് താമസം. സഹോദരി പുത്രൻ ഷിഹാസാണ് യുഎഇയിലെ കൂട്ട്. കൂടാതെ, കാരുണ്യപ്രവർത്തകരുടെ സഹായവുമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. 

വ്യവസായി ഷംസുദ്ദീൻ മുഹ്യുദ്ദീൻ ജോൺ മത്തായിക്ക് നൽകിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്. തനിക്ക് പിന്തുണ നൽകാൻ എല്ലാവരും എത്തിച്ചേരണമെന്നാണ് എഴുത്തിലൂടെ പുതിയ ലോകത്തെത്തിയ സാദിഖിന് പറയാനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com