ADVERTISEMENT

 

ദുബായ്∙ യുഎഇ അടക്കമുള്ള ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ മലയാള സിനിമ ആധിപത്യം സ്ഥാപിക്കുന്നതായി റിപ്പോർട്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഗൾഫിലും മറ്റു രാജ്യങ്ങളിലും നേടിയ ചരിത്ര വിജയം കുറുപ്പിലൂടെ തുടരുന്നതായി ഇൗ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന കാസർകോട് സ്വദേശി  മുഹമ്മദ് റഫീഖ് കുളങ്ങര പറയുന്നു:

 

rafeeq
മുഹമ്മദ് റഫീഖ് കുളങ്ങര

മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി നിറഞ്ഞാടിയ, 2019 - ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചിത്രം ലൂസിഫർ മലയാള സിനിമ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. കേരളാ ബോക്സ് ഓഫിസിൽ മാത്രമല്ല, വിദേശങ്ങളിൽ റിലീസ് ചെയ്ത എല്ലാ സ്ഥലങ്ങളിലും റെക്കോർഡ് വിൽപനയായിരുന്നു ചിത്രത്തിനു ലഭിച്ചത്. ജിസിസി രാജ്യങ്ങളിൽ 42 കോടി കളക്ട് ചെയ്‌തപ്പോൾ, നോർത്ത് അമേരിക്കയിൽ 4 കോടിയും മറ്റുള്ള എല്ലാ രാജ്യങ്ങളിലുമായി 4 കോടിയും നേടി,  വിദേശങ്ങളിൽ നിന്നായി 50 കോടി കളക്ട് ചെയ്ത മലയാളത്തിലെ ആദ്യത്തെ ചിത്രമായി ലൂസിഫർ റെക്കോർഡിട്ടു. ലൂസിഫറിന്റെ ഈ മിന്നുന്ന വിജയം, താരതമ്യേന ജിസിസി രാജ്യങ്ങൾക്കപ്പുറം അധികം ശ്രദ്ധിക്കപ്പെടാതെ മലയാള ചിത്രങ്ങൾക്ക് വൻ ആവശ്യകത ഉണ്ടാക്കിയ സംഭവമായിരുന്നു. 

 

കാനഡ, അമേരിക്ക, സിങ്കപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാട് പ്രവാസി മലയാളികൾ വിതരണ രംഗത്തേയ്ക്ക് ഇറങ്ങാൻ ലൂസിഫർ കാരണമായി. അതിനു മുൻപ് ഓരോ രാജ്യങ്ങളിലും ഒരു വിതരണക്കാരൻ എന്ന നിലയിൽ, ബിസിനസിന്റെ സാധ്യതകൾ ഒന്നും പുറത്തു കാണിക്കാതെ നിഗൂഢമായി ചെയ്തിരുന്ന ഒന്നായിരുന്നു മലയാള സിനിമാ വിതരണം.  കോംസ്കോറി(Comescore) ന്റെ വരവോടെ കളക്ഷൻ റിപ്പോർട്ട് പുറത്തു വരുന്നതും ട്വിറ്ററിൽ സജീവമായ ട്രാക്കർസും ബിസിനസിന്റെ വൻ സാധ്യതകൾ പുറത്തറിയാൻ കാരണമായി. ലൂസിഫറിന് മുമ്പും വിദേശങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു പ്രേമം (2015), പുലിമുരുകൻ (2016), 2 കൺട്രീസ് (2015)ജേക്കബിന്റെ സ്വർഗരാജ്യം (2016) തുടങ്ങിയവ.

 

ജിസിസി എന്ന മലയാള നാട്!

 

kurupp-audiencee

മലയാളികളുടെ രണ്ടാം വീട് എന്നാണു ഗൾഫ് രാജ്യങ്ങൾ അറിയപ്പെടുന്നത്.മറ്റുള്ള വിനോദോപാദികൾ ചെലവേറിയതു കൊണ്ട് വാരാന്ത്യങ്ങളിൽ കുടുംബവുമായോ കൂട്ടുകാരുമായോ പുറത്തുപോകാൻ മലയാളികൾ അധികവും തിരഞ്ഞടുക്കുന്നതു റസ്റ്ററന്റ് അല്ലെങ്കിൽ സിനിമ എന്നതാണ്. യാഥാർത്ഥത്തിൽ, ഗൾഫിലെ മലയാള ചിത്രങ്ങളുടെ കളക്ഷൻ കേരളത്തിലെ അത്രയോ അതിൽ കൂടുതലോ വരും. പക്ഷേ വർഷങ്ങളായി മലയാള ചലച്ചിത്ര വിതരണം ഒരു വിതരണ സ്ഥാപനത്തിൽ തന്നെ കേന്ദ്രികൃതമായതിനാൽ യഥാർഥ കണക്കുകൾ ആർക്കും ലഭിക്കാറില്ല.

 

മാത്രവുമല്ല, കേരളത്തിൽ വിജയിക്കുന്ന ചിത്രങ്ങൾ മാത്രം വിതരണത്തിനായി എടുത്തു കാണിക്കുന്ന രീതിയായിരുന്ന 2015 വരെ തുടർന്നിരുന്നത്. 2016 തൊട്ടു പല മലയാള സംരംഭകരും വിതരണ വ്യാപാരത്തിൽ ഇറങ്ങുകയുണ്ടായി. ഇതു കേരളത്തിലെ നിർമാതാക്കൾക്കു കൂടുതൽ തുക ഓവർസീസ് വിതരണവകാശത്തിൽ ലഭിക്കാൻ കാരണമായി. മോഹൽലാലിന്റെ ഹിറ്റ് ചിത്രമായ പുലിമുരുകന് 1.25 കോടിയാണ്, ചിത്രം കേരളത്തിൽ റെക്കോർഡ് കളക് ഷൻ എന്നറിഞ്ഞതിനു ശേഷം ലഭിച്ചത്. അതേസമയം ഒടിയൻ നവാഗതരായ വേൾഡ് വൈഡ് ഫിലിംസ് 3.5 കോടിക്കായിരുന്നു വാങ്ങിച്ചത്. ഗൾഫിലെ യഥാർഥകണക്കുകൾ പുറത്തു വന്നതോടെ, ലൂസിഫറിന് 8 കോടിയും പുതിയചിത്രമായ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിന് 12 കോടിയും ലഭിച്ചു.

2017-2019 വർഷങ്ങളിൽ ഗൾഫിലെ വാർഷിക ഇന്ത്യൻ സിനിമ ബിസിനസ് 600 കോടിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, പഞ്ചാബി, മറാത്തി, ഉറുദു എന്നീ ഭാഷകളിലെ ചിത്രങ്ങളാണ് ഇവിടെ വിതരണത്തിനായി വരിക. ഇന്ത്യക്കാർക്കു പുറമെ ബോളിവുഡ് അറബികൾക്കും പ്രിയങ്കരമാണ്. 50 ശതമാനത്തിൽ അധികം കളക്ഷൻ ഹിന്ദി ചിത്രങ്ങളിൽ നിന്നായിരിക്കും ലഭിക്കുക. തൊട്ടുപിറകെ 25 ശതമാനത്തിൽ അധികം ഓഹരി മലയാളം ചിത്രങ്ങളാണ് സംഭവാന ചെയ്‌യുന്നത്. ഏകദേശം 150 കോടിയുടെ ബിസിനസ് മലയാള സിനിമ പ്രതിവർഷം ഗൾഫ് രാജ്യങ്ങളിൽ നടത്തുന്നു. 2019ൽ ഗൾഫിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്ര കോംസ്കോർ അവാർഡ് ലൂസിഫർ നേടി എന്നത് മലയാള ചിത്രത്തിന്റെ വിപണന സാധ്യത വെളിവാക്കുന്നു.

 

സൗദി പുതിയ അക്ഷയപാത്രം

 

2018 തൊട്ട് സൗദി അറേബ്യ തിയറ്ററുകൾക്കായി വാതിൽ തുറന്നു. ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള രാജ്യമെന്ന നിലയ്ക്ക്, വൻസാധ്യതയാണ് സൗദി മുന്നോട്ടു വയ്ക്കുന്നത്. കേവലം രണ്ടു വർഷത്തിനുള്ളിൽ 30 സിനിമകളും 300ൽ അധികം സ്‌ക്രീനുകളുമായി സൗദി ഇംഗ്ലീഷ് - അറബിക് സിനിമകളുടെ ബോക്സ് ഓഫിസ് കളക്ഷനിൽ യുഎഇയെ മറികടന്നു കഴിഞ്ഞു. ഇന്ത്യൻ ചിത്രങ്ങളും മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2019ൽ ലൂസിഫറിനു 7000 ടിക്കറ്റുകൾ വിറ്റപ്പോൾ 2021ൽ ദി പ്രീസ്റ്നു 9000 ടിക്കറ്റുകൾ വിറ്റുപോയി.

 

ഇപ്പോൾ ദുൽഖർ സൽമാന്റെ കുറുപ്പ് 15,000ൽ അധികം ടിക്കറ്റു വിറ്റഴിച്ച് സൗദിയിലെ ഒന്നാമത്തെ മലയാള ചിത്രമായി മാറിയിരിക്കുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നു വിഭിന്നമായി, 65 റിയാൽ അഥവ 1,300 രൂപയാണ് സൗദിയിൽ ഒരു ടിക്കറ്റിന്റെ വില. മറ്റുള്ള രാജ്യങ്ങളിൽ 600 നും 750 രൂപക്കും ഇടക്കായി വരും. 30,000 അഡ്‌മിഷനുമായി ഈ വർഷം റിലീസ് ചെയ്ത വിജയ് അഭിനയിച്ച മാസ്റ്റർ എന്ന തമിഴ് ചിത്രമാണ് സൗദിയിൽ ഏറ്റവും കൂടുതൽപേർ കണ്ട ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ്. മലയാളികളുടെ ബാഹുല്യം കാരണം ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ സൗദി, യുഎഇയെ മറികടക്കുമെന്നു വിദഗ്ധർ പ്രവചിക്കുന്നു. അതേപോലെ സൗദി സ്വദേശികളും മലയാള ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുന്നതായി തിയറ്റർ ഉടമകൾ പറയുന്നു.

 

ഗൾഫിന് അപ്പുറം വളരുന്ന പുതിയ മാർക്കറ്റുകൾ അടുത്തകാലത്തായി മലയാളികളുടെ  കുടിയേറ്റം ഗൾഫിതര രാജ്യങ്ങളിലേയ്ക്ക് മാറിയതോടെ അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ,സിങ്കപ്പൂർ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും മലയാള ചലച്ചിത്ര,വിപണി കുതിക്കുകയാണ്. കാനഡയിൽ ഒന്നോ രണ്ടോ ലക്ഷത്തിനു വാങ്ങി വിതരണം ചെയ്തിരുന്ന മലയാള പടങ്ങൾക്ക് ഇന്ന് പത്തും ഇരുപതും ലക്ഷങ്ങൾ വിലപറയാൻ പുതിയ സംരംഭകർ തയ്യാറായി മുൻപോട്ടു വരുന്നു. വർഷങ്ങളായി നില നിന്നിരുന്ന കുത്തകാവകാശം തകർത്തു കൊണ്ടു പുതിയ ആൾക്കാർ വരുന്നത് ഏറെ ആശ്വാസകരമാണ്.

 

അമേരിക്കയിലും സ്ഥിതിഗതികൾ മാറിക്കൊണ്ടിരിക്കുന്നു. ബോളിവുഡിലെ പ്രമുഖ നിർമാതാക്കളായ സീ യുടെ ഡിസ്ട്രിബൂഷൻ ഡിവിഷൻ ആയിരുന്നു ലൂസിഫർ നോർത്ത് അമേരിക്കയിൽ വിതരണം നടത്തിയത്. ലൂസിഫറിന് യുഎസ് ഡോളർ 6 ലക്ഷം ലഭിച്ചതോടെ പ്രമുഖ തമിഴ്, തെലുങ്ക് വിതരണക്കാരും ഇപ്പോൾ മലയാള പടങ്ങൾക്കായി മത്സരിക്കുകയാണ്. അമേരിക്കയിൽ പുതിയ മലയാള സംരംഭകർ വിതരണ ബിസിനസ്സ് ആരംഭിച്ചു കഴിഞ്ഞു. സിംഗപ്പൂർ, ഓസ്ട്രേലിയ എന്നി രാജ്യങ്ങളിലും ഒരുപാടു വിതരണ കമ്പനികൾ മലയാള ചിത്രങ്ങൾക്കായി വന്നു.

 

വലിയൊരു ശതമാനം മലയാളികൾ വിദ്യാഭ്യാസത്തിനു തിരഞ്ഞെടുക്കുന്ന കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഹിറ്റ് മലയാള ചിത്രങ്ങൾക്കായി അന്വേഷണം ഉണ്ടാകാറുണ്ട്. മലയാള ചിത്രങ്ങൾക്കുള്ള രാജ്യാന്തര വിതരണ ആവശ്യകത കൂടിയതോടെ, ഇപ്പോൾ പല നിർമാതാക്കളും ഗൾഫ് അവകാശം ഗൾഫിലെ കമ്പനിക്കും മറ്റു രാജ്യങ്ങളുടെ അവകാശം വേറെയും വിൽക്കാൻ തുടങ്ങി.

ഒാസ്‌ട്രേലിയ ആസ്ഥാനമായുള്ള വിൻഗ്ലെസ് എന്റർടൈൻമെന്റ്, കാനഡ ആസ്ഥാനമായുള്ള കെ ഡബ്ല്യൂ ടാക്കീസ് തുടങ്ങിയ കമ്പനികൾ ഇപ്പോൾ ഗൾഫിതര വിതരണ അവകാശം മൊത്തത്തിൽ വാങ്ങിക്കാൻ തുടങ്ങിയിരിക്കുന്നു. നിർമാതാക്കൾക്ക് ഒരു നല്ല തുക ലഭിക്കുന്നത് കൊണ്ടു തന്നെ ഇത്തരത്തിലുള ഇടപാടിനായി അവർ താൽപര്യം പ്രകടിപ്പിക്കുന്നു.

 

കുറുപ്പ് നൽകുന്ന ബിസിനസ് പാഠങ്ങൾ

 

കുറുപ്പ് തീയേറ്ററിൽ എത്തുന്നതു വരെ,കോവിഡ് മഹാമാരി പ്രേക്ഷകരെ ഒടിടി പ്ലാറ്റ്ഫോമുകളിൽ തളച്ചിട്ടുവെന്നും ഇനി ആളുകൾ തീയറ്ററിലേക്ക് വരില്ല എന്നുമാണ് ബിസിനസ് രംഗത്തെ അതികായകന്മാർ  വിശ്വസിച്ചിരുന്നത്. മോഹൻലാൽ അഭിനയിച്ച മരക്കാർ; അറബിക്കടലിന്റെ സിംഹത്തിന്റെ തീയറ്ററുകളിലേക്കുള്ള മാറ്റം അതാണ് സൂചിപ്പിക്കുന്നത്. ചിട്ടയായമാർക്കറ്റിങ് തന്ത്രങ്ങളും ഹോളിവുഡ് ചിത്രങ്ങൾക്കു മാത്രം ചെയ്യാറുള്ള ബുർജ് അൽ അറബ് പ്രോജെക്ഷനും ചിത്രത്തിന് രാജ്യാന്തര തലത്തിൽ വൻ ഡിമാൻഡ് ഉണ്ടാക്കുന്നതിൽ ദുൽഖറിന്റെ മാർക്കറ്റിങ് ടീം വിജയിച്ചു.

നാലു ദിവസം കൊണ്ട് 20 കോടിയിൽ ഏറെയാണ് ഓവർസീസ് മാർക്കറ്റിൽ ചിത്രം കലക്ട് ചെയ്‌തത്‌. ഒാസ്‌ട്രേലിയ ന്യൂസിലാൻഡ് രാജ്യങ്ങളിൽ അടുത്ത ആഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഗൾഫിൽ നിന്ന് മാത്രം 16 കോടി. മാർവെൽ കോമിക്സിന്റെ പുതിയ ചിത്രമായ ഏറ്റർനലിനെ പോലും പിന്തള്ളിയാണ് കുറുപ്പ് യുഎഇ ബോക്സ് ഓഫിസിൽ ഒന്നാം നിലയിൽ വന്നത്. അതേസമയം മൊത്തം ഇന്ത്യൻ കളക്ഷൻ 20 കോടി ആയിട്ടുണ്ട്. 

ശ്രദ്ധിച്ചു ചെയ്താൽ ഒരു മികച്ച നിക്ഷേപമായി മാറുകയാണു മലയാള സിനിമാ വ്യവസായം. ഓവർസീസ് അവകാശം, ഒടിടി, സാറ്റലൈറ്റ് എന്നീവയുടെ വിൽപനയിലൂടെ ഇൻവെസ്റ്റ്മെന്റ് റിലീസിനു മുമ്പേ തിരിച്ചുപിടിക്കാൻ ഈ അവസരത്തിൽ സാധിക്കും. ജോബി ജോർജിന്റെ സുരേഷ് ഗോപി അഭിനയിച്ച കാവൽ തന്നെ ഉദാഹരണം. കുറുപ്പിന്റെ ഓവർസീസ് മാർക്കറ്റിലുള്ള മികച്ച വിജയം കൂടുതൽമലയാളി നിക്ഷേപകരെ വിതരണ വ്യാപാരത്തിലേയ്ക്ക് ആകർഷിക്കുവാൻ കാരണമായി. വരും നാളുകളിൽ മൂന്നിലേറെ വിതരണ കമ്പനികളാണു ഗൾഫിൽ മാത്രം ആരംഭിക്കാൻ ധാരണയായിട്ടുളളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com