ADVERTISEMENT

അബുദാബി∙ കോവിഡ് വൈറസിന്റെ പുതിയ തരംഗങ്ങൾ ലോക രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതിനാൽ ബൂസ്റ്റർ ഡോസ് വാക്സീൻ എടുത്ത് സുരക്ഷിതരാകണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. സ്വദേശികളുടെയും താമസക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.

സിനോഫാം വാക്‌സീൻ എടുത്തവർ രണ്ടാം ഡോസ് എടുത്ത് 6 മാസത്തിനുശേഷം ബൂസ്റ്റർ ‍‍‍ഡോസ് എടുക്കണമെന്ന് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഇതര വാക്സീൻ എടുത്തവരും രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പിന്നിട്ടിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. കോവിഡ് പിടിപെട്ട് 3 മാസത്തിനുശേഷം ബൂസ്റ്റർ എടുക്കാമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്കുമാണ് നേരത്തെ മുൻഗണന നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ‍ഡോസ് നൽകുന്നു. സിനോഫാം എടുത്തവർക്ക് ബൂസ്റ്ററായി അതേ വാക്സീനോ ഫൈസറോ എടുക്കാം. സിനോഫാമാണെങ്കിൽ ഒരു ഡോസും ഫൈസറാണെങ്കിൽ 2 ഡോസും എടുക്കണം. യുഎഇ ജനസംഖ്യയിൽ 90 ശതമാനത്തിലധികം പേർ 2 ഡോസ് വാക്സീനും എടുത്തവരാണ്.

എങ്കിലും വൈറസിന്റെ പുതിയ തരംഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ബൂസ്റ്റർ ഡോസ് അനിവാര്യമാണെന്ന് അധികൃതർ പറഞ്ഞു. ദേശീയദിനാഘോഷത്തിൽ മതിമറന്ന് കോവിഡ് രോഗവ്യാപനം കൂട്ടരുതെന്നും മാസ്ക് ധരിച്ചും അകലം പാലിച്ചും സുരക്ഷ ഉറപ്പാക്കണമെന്നും ഓർമിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com