ADVERTISEMENT

അബുദാബി∙ യുഎഇയോടുള്ള ഇഷ്ടം സ്ക്രൂ ഇട്ടുറപ്പിച്ച് മലയാളി കുടുംബം. തൃശൂർ സ്വദേശികളായ സിറാജുദ്ദീൻ മാള, ഭാര്യ ബദ്‌രിയ പെരുമണ്ണ്, മക്കളും അൽവത്ബ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ഷഹസാദ്, സിയ എന്നിവരാണ് ലോകത്തിലെ ഏറ്റവും വലിയ സ്ക്രൂ ആർട്ട് വർക്ക് ഒരുക്കി യുഎഇയുടെ സുവർണജൂബിലി ആഘോഷിച്ചത്.

ഈയിനത്തിൽ അറേബ്യൻ ലോകറെക്കോർഡും ഇവർ സ്വന്തമാക്കി. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഔദ്യോഗിക മുദ്രയ്ക്കൊപ്പം സുവർണ ജൂബിലി, എക്സ്പോ എന്നീ മുദ്രകളും ചേർത്തുള്ള കലാസൃഷ്ടിയൊരുക്കാൻ 3 ലക്ഷം സ്ക്രൂകൾ വേണ്ടിവന്നതായി സിറാജുദ്ദീൻ പറഞ്ഞു. യുഎഇയുടെ രൂപീകരണവേളയിൽ എമിറേറ്റ് ഭരണാധികാരികൾ ദേശീയ പതാകയ്ക്ക് കീഴിൽ അണിനിരന്ന ചിത്രം തന്നെയാണ് കലാസൃഷ്ടിക്കായി തിരഞ്ഞെടുത്തത്.

444 സെ.മീ. ഉയരവും 555 സെ.മീ വീതിയുമുള്ള ഫ്രെയിമിലായിരുന്നു പോറ്റുനാടിനോടുള്ള ഇഷ്ടം ചിത്രീകരിച്ചത്. ബദ്‌രിയയുടെ ആശയം എയ്റോനോട്ടിക്കൽ എൻജിനീയർ കൂടിയായ സിറാജുദ്ദീൻ കംപ്യൂട്ടറിൽ ഡിസൈൻ ചെയ്തെടുത്തു. പിന്നീട് ഗ്രാഫിക്സ് പേപ്പറിൽ പ്രിന്റ് ചെയ്ത് തുല്യവലുപ്പത്തിലുള്ള 20 പ്ലൈവുഡ് ഷീറ്റുകളിൽ ഒട്ടിച്ച് അതിൽ 4 അംഗ കുടുംബം രാപകൽ സ്ക്രൂ ചെയ്യുകയായിരുന്നു.

 

460 കിലോ ഭാരമുള്ള കലാസൃഷ്ടിയൊരുക്കാൻ ഒരു മാസം വേണ്ടിവന്നു. ദേശീയ പതാകയുടെ നിറത്തിനും എക്സ്പോ ലോഗോയ്ക്കും സ്പ്രേ പെയിന്റ് ഉപയോഗിച്ചെന്ന് ബദ്‌രിയ പറയുന്നു. ഷഹാമയിലെ സെനിത് വീൽ അലൈൻമെന്റിനു മുന്നിലെ അനാഛാദന ചടങ്ങിൽ പൗരപ്രമുഖരായ ഫഹദ് അൽ ഹുസ്നി, അബ്ദുല്ല അലി മുഹറമി എന്നിവരും പങ്കെടുത്തു.

 

വെള്ളിയാഴ്ച മുസഫയിലെ എം38ലുള്ള ഗാരജിലേക്കു മാറ്റുന്നതിനു മുൻപ് പൊതുസ്ഥലത്തു പ്രദർശിപ്പിക്കാൻ അധികൃതരുടെ അനുമതിക്കായി കാത്തിരിക്കുകയാണ് കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com