ADVERTISEMENT

കുവൈത്ത് സിറ്റി∙ കോവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ. രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്താൻ ‌ചേർന്ന യോഗം നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചു. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളിൽ ‌പരിശോധന ശക്തമാക്കുമെന്ന് യോഗാനന്തരം സമിതി അംഗവും ‌ആരോഗ്യമന്ത്രാലയത്തിലെ പകർച്ചവ്യാധി ‌പ്രതിരോധവിഭാഗം ഡയറക്ടറുമായ ഡോ.അഹമ്മദ് അൽ മുതവ അറിയിച്ചു.

വാക്സീൻ എടുക്കാത്തവർക്ക് മാളുകളിൽ പ്രവേശനം ‌നൽകില്ല. വായയും മൂക്കും മറയുംവിധം മാസ്ക് ധാരണം കൃത്യമായിരിക്കണം. കൈകളിൽ സാനിറ്റൈസർ ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കണമെന്നും അദ്ദേഹം ‌പറഞ്ഞു.

കുവൈത്തിൽ പ്രവേശിക്കുന്നവർ മൊബൈലിൽ ഷ്ലോനക് ആപ്പ് ആക്ടിവേറ്റ് ചെയ്യണം. 3 ദിവസം ക്വാറന്റീൻ നിർബന്ധവുമാണ്. 3 ദിവസം നെഗറ്റീവ് റിസൽറ്റ് കിട്ടിയാൽ ക്വാറന്റീനിൽ നിന്നൊഴിവാകാം. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹും അഭ്യർഥിച്ചു.

വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ എന്ന നിലയിലാണ് സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ കർശനമായി ‌പാലിക്കണം. പൊതുജനാരോഗ്യം കണക്കിലെടുത്തുള്ളതാണ് മുന്നറിയിപ്പെന്നും മന്ത്രി ‌പറഞ്ഞു. 

വാക്സീൻ 2 ഡോസും എടുത്തവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനും തയാറാകണം. പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ബൂസ്റ്റർ ഡോസ് വളരെ സഹായകരമാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്.

കോവിഡ് വ്യാപനം തുടങ്ങിയ ശേഷം 2 വർഷത്തോളമായി അക്ഷീണം ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ‌പുതിയ സാഹചര്യത്തിൽ ‌വാണിജ്യ കേന്ദ്രങ്ങളും ‌മറ്റും അടച്ചിടുന്നത് ‌പോലുള്ള തീരുമാനം ഉണ്ടാകാൻ ഇടയില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് ‌പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

വാക്സീൻ സ്വീകരിച്ചവരുടെ തോത് വളരെ കൂടുതലാണ് എന്നതിനാൽ ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമുള്ള മുൻകരുതലുകളാണ് സർക്കാർ ആലോചിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. 

ഒമിക്രോൺ ‌വ്യാപനമുണ്ടാവുകയാണെങ്കിൽ തൊഴിലിനെത്തുന്ന  ജീവനക്കാരുടെ എണ്ണം കുറച്ചും വീട്ടിലിരുന്ന ജോലി ചെയ്യുന്നതിന് അനുമതി നൽകിയുമൊക്കെയുള്ള നിയന്ത്രണങ്ങൾക്ക് സാധ്യതയുണ്ട്. അത്യാവശ്യമെങ്കിൽ പഠനം ഓൺലൈൻ ‌വഴിയാക്കുന്നതും പരിഗണിച്ചേക്കും

English Summary :  Kuwait to tighten certain COVID-19-related restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com