ADVERTISEMENT

ദുബായ്∙ ദുബായിൽ ഹോമിയോ ഡോക്ടറായ ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ തിരക്കഥയിൽ സൗബിൻ ഷാഹിർ–മമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്ത 'മ്യാവൂ' ഗൾഫിൽ പ്രദർശനമാരംഭിച്ചു. പ്രവാസി യുവാവിന്റെ ഇതുവരെ പറയാത്ത കുടുംബകഥ മനോഹരമായി പറഞ്ഞു എന്നാണ് പ്രേക്ഷകരുടെ പൊതു അഭിപ്രായം. കേരളത്തിലേതിനേക്കാൾ ഒരു ദിവസം മുൻപേയാണ് ചിത്രം ഗൾഫിൽ റിലീസ് ചെയ്തത്. ഇതിന് മുന്നോടിയായി ഇന്നലെ മാധ്യമപ്രവർത്തകർക്കും ചിത്രത്തിലെ അണിയറപ്രവർത്തകർക്കും വേണ്ടി ചിത്രം വിതരണം ചെയ്യുന്ന ഫാർസ് ഫിലിംസ് സംഘടിപ്പിച്ച പ്രിമിയർ ഷോ നടന്നു. ലാൽ ജോസ്, സൗബിൻ ഷാഹിർ, മമ്ത മോഹൻദാസ്, യുഎഇയിലെ അഭിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

myavoo-gulf

 

myavoo

 പ്രവാസജീവിതം പ്രമേയമാക്കി ഇതിന് മുൻപ് ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും മ്യാവൂ വേറിട്ട കുടുംബ കഥയാണ് പറയുന്നത്. റാസൽഖൈമയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ദസ്തഗീർ(സൗബിൻ) എന്ന യുവാവിന്റെ സുലു എന്നു വിളിക്കുന്ന സുലേഖ(മമ്ത)യുടെയും ഇവരുടെ കുടുംബാംഗത്തെ പോലെ കഴിയുന്ന ചന്ദ്രേട്ടന്റെ(ഹരിശ്രീ യൂസഫ്)യും മൂന്ന് മക്കളുടെയും കഥയാണിത്. സ്ത്രീശാക്തീകരണവും പുരോഗമനവും പ്രായോഗികജീവിതപാഠങ്ങളും ചിത്രത്തിലൂടെ പറഞ്ഞുപോകുന്നു. ലാല്‍ ജോസിന്റെ കൈയൊപ്പ് പതിഞ്ഞ സംവിധാനമികവും ഡോ. ഇഖ്ബാൽ കുറ്റിപ്പുറത്തിന്റെ രചാനവൈഭവവും ചിത്രത്തെ മികവുറ്റതാക്കി. രസകരമായ ഒരുപാട് മുഹൂർത്തങ്ങൾ ആദ്യാവസാനം വരെ ചിത്രത്തെ രസിപ്പിക്കുന്നു. അഭിനേതാക്കളെല്ലാം മികച്ചുനിന്നെങ്കിലും സൗബിൻ, ഹരിശ്രീയൂസഫ്, മമ്ത, ബാലതാരങ്ങൾ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. യുഎഇയിലെ മോഡലായ അസർബൈജാൻ സ്വദേശിനി  യാസ്മിന അലി ദൊദോവ  പുതുമുഖത്തിന്റെ യാതൊരു പരിഭവവുമില്ലാതെ ജമീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

 

സിനിമയിലെ കഥാപാത്രങ്ങൾ നേരനുഭവങ്ങളിൽ നിന്ന് കണ്ടെടുത്തവയാണെന്ന് തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.  റാസൽ ഖൈമയിലെ ഗ്രാമങ്ങളിലാണ് മ്യൂവൂ  ഭൂരിഭാഗവും ചിത്രീകരിച്ചത്. അജ്മൽ ബാബു എന്ന യുവ ഛായാഗ്രാഹകൻ ഒപ്പിയെടുത്ത ദൃശ്യങ്ങൾ  യുഎഇയുടെ ഗ്രാമപ്രദേശങ്ങൾ അധികം കാണാത്തവർക്ക് വ്യത്യസ്തമായ ദൃശ്യമനോഹാരിതയായിരിക്കും സമ്മാനിക്കുക. മ്യാവുവിലെ ഇതുവരെ ഇറങ്ങിയ പാട്ടുകളും ട്രെയിലറും പ്രവാസ ലോകത്ത് ഹിറ്റായിരുന്നു. സൗബിൻ തന്നെ ആലപിച്ച ചുണ്ടെലി എന്ന ഗാനവും മെഹ്ജബീൻ എന്നു തുടങ്ങുന്ന ഗാനവും മനോഹരമായി. അറബിക്കഥ, ഡയമണ്ട് നെക്‌ലസ് എന്നിവയാണ് ഇതിനു മുൻപ് ഗൾഫ് പ്രമേയമാക്കി ഡോ.ഇഖ്ബാൽ കുറ്റിപ്പുറം തിരക്കഥ രചിച്ച സിനിമകൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com