ADVERTISEMENT

ദുബായ്∙ നടപടികൾ ശക്തമാക്കിയതോടെ ഇടയ്ക്കിടെ തന്ത്രങ്ങൾ മാറ്റുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ അകപ്പെടരുതെന്നു ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. സ്വകാര്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. പൊലീസ് ഉദ്യോഗസ്ഥർ പോലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ അന്വേഷിക്കാറില്ലെന്നും ചൂണ്ടിക്കാട്ടി. 

ശ്രദ്ധിക്കാം, 4 കാര്യങ്ങൾ

∙ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണം. ഒടിപി, കാർഡിലെ സിസിവി കോഡ് എന്നിവ ആർക്കും നൽകാതിരിക്കുക. 

∙ അനാവശ്യ ലിങ്കുകളിൽ ക്ലിക് ചെയ്യുകയോ വിവരങ്ങൾ നൽകുകയോ ചെയ്യാതിരിക്കുക. 

∙ സമ്മാനം ലഭിച്ചെന്ന് അറിയിച്ചുള്ള സന്ദേശങ്ങളും കോളുകളും അവഗണിക്കുക. 

∙ തട്ടിപ്പിനിരയായാൽ ഉടൻ പൊലീസിനെ അറിയിക്കുക. ഫോൺ: 901, സൈറ്റ്: ecrime.ae. പൊലീസ് ആപ്, സ്മാർട് പൊലീസ് സ്റ്റേഷൻ സേവനങ്ങളും ഉപയോഗപ്പെടുത്താം.

പണം തട്ടാൻ വ്യാജ സിഐഡി

സാധാരണക്കാരെ സിഐഡികളെന്നു തെറ്റിദ്ധരിപ്പിച്ചു ഭീഷണിപ്പെടുത്തി പണവും വിലപിടിപ്പുള്ള സാധനങ്ങളും കൈക്കലാക്കുന്നതാണ് മറ്റൊരു രീതി. നിസ്സാര കാര്യങ്ങളുടെ പേരിൽ ചോദ്യങ്ങൾ ചോദിച്ചു പരിഭ്രാന്തരാക്കിയശേഷം പണം ആവശ്യപ്പെടുന്നു.

പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് ആരെങ്കിലും സമീപിച്ചാൽ തിരിച്ചറിയൽ കാർഡ് ചോദിക്കുക. കാണിക്കാനുള്ള ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ട്. കാർഡ് നോക്കി യഥാർഥ ഉദ്യോഗസ്ഥൻ തന്നെയാണെന്നു ബോധ്യപ്പെടണം. വായിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ കാർഡ് വീണ്ടും ആവശ്യപ്പെടാം. 

എങ്ങനെയറിയാം

∙പൊലീസ് ഉദ്യോഗസ്ഥനെ യൂണിഫോം, അതിലെ മുദ്രകൾ, ബാഡ്ജ് എന്നിവയിൽ നിന്നു തിരിച്ചറിയാം.

∙ സിഐഡി അടക്കമുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും നമ്പരും  ഉണ്ടാകും.

∙പഴ്സ് തുറന്നു കാണിക്കാൻ ആവശ്യപ്പെടുകയോ പണം ചോദിക്കുകയോ ഇല്ല.

∙ പ്രത്യേക സാഹചര്യങ്ങളിലല്ലാതെ ആരുടെയും ദേഹപരിശോധന നടത്തില്ല. ഇതിനു നിയമപരമായ അനുമതിയും ആവശ്യമാണ്.

∙ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ, സമാനമായ മറ്റു രേഖകൾ എന്നിവ ആവശ്യപ്പെടാൻ അധികാരമുണ്ട്.

English Summary : Dubai Police issue alert over phone and online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com