ADVERTISEMENT

അബുദാബി∙ ജോലിയും താമസവും നഷ്ടപ്പെട്ടതിനെ തുടർന്നു മാസങ്ങളായി പാർക്കിൽ അഭയംതേടിയ തിരുവനന്തപുരം വർക്കല ചെറുന്നിയൂർ താന്നിമൂട് സ്വദേശി സുധീഷ് ഇന്നു രാത്രി നാട്ടിലേക്കു തിരിക്കും. മനോരമ വാർത്തയെ തുടർന്ന് അബുദാബിയിലെ സാമൂഹിക പ്രവർത്തകൻ അമീർ കല്ലമ്പലം പ്രശ്നത്തിൽ ഇടപെട്ട് കമ്പനി അധികൃതരുമായി സംസാരിച്ചാണു നാട്ടിലേക്കുള്ള വഴി തുറന്നത്.

അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ഇല്കട്രീഷനായി ജോലി ചെയ്തിരുന്ന സുധീഷ് 2 ദിവസം അവധി എടുത്തതിന്റെ പേരിലാണു ജോലിയിൽ നിന്നും താമസ സ്ഥലത്തു നിന്നും ഇറക്കിവിട്ടത്. ഇതോടെയാണു കൊടുംതണുപ്പിൽ പാർക്കിൽ അഭയം തേടിയത്. പച്ചവെള്ളം കുടിച്ചാണു ജീവൻ നിലനിർത്തിയത്. 5000 ദിർഹമും നാട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ പകർപ്പും കമ്പനിക്കു നൽകിയാൽ വീസ റദ്ദാക്കാമെന്നാണ് മാനേജർ സുധീഷിനെ അറിയിച്ചത്. ഒരു ദിർഹംപോലും ശമ്പളം ലഭിക്കാത്ത സുധീഷിന് 5000 ദിർഹം നൽകാനാവില്ലെന്ന് അറിയിച്ചതോടെ പിൻവാങ്ങി.

sudheesh
പാർക്കിലെ ശുചിമുറിക്കു സമീപം അവശനായി കണ്ടെത്തിയ സുധീഷ് സാമൂഹിക പ്രവർത്തകൻ അമീർ കല്ലമ്പലത്തിനൊപ്പം.

ഒടുവിൽ വിമാന ടിക്കറ്റ് കമ്പനിയിൽ നൽകിയപ്പോഴാണ് വീസ റദ്ദാക്കൽ നടപടി വേഗത്തിലാക്കിയത്. ഇന്നു രാവിലെ വീസ റദ്ദാക്കി പാസ്പോർട്ട് നൽകുമെന്നും രാത്രി 9.30യ്ക്കുള്ള വിമാനത്തിൽ യാത്ര തിരിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ആറ്റിങ്ങൽ കെയറിന്റെ കോ ഓർഡിനേറ്റർകൂടിയായ അമീർ പറഞ്ഞു.   നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ സുധീഷിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് സേവനം യുഎഇ പ്രസിഡന്റ് എംകെ രാജൻ പറഞ്ഞു. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ ജോലി നൽകാനും സന്നദ്ധത അറിയിച്ചു.

സുധീഷിനെ നാട്ടിലേക്കു അയക്കുന്നതുവരെ തന്റെ വീട്ടിൽ താമസിപ്പിക്കുമെന്നും വസ്ത്രങ്ങൾ ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങി നൽകി യാത്രയാക്കുമെന്നും എംകെ രാജൻ അറിയിച്ചു. സുധീഷ് ജോലി ചെയ്ത ദിവസത്തെ ശമ്പളം നൽകാൻ കമ്പനിയോട് ആവശ്യപ്പെടുമെന്നും മറ്റെന്തെങ്കിലും  ധനസഹായം നൽകാനാകുമോ എന്നു പരിശോധിക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. നാലു മാസമായി താടിയും മുടിയും വെട്ടാതെ പാർക്കിൽ അലഞ്ഞ സുധീഷിനെ സമീപത്തുള്ള ബംഗ്ലാദേശി പൗരൻ മുടിവെട്ടാൻ  20 ദിർഹം നൽകി. നാട്ടിൽ പോയി പ്രശ്നങ്ങൾ തീർത്ത് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നതെന്ന് സുധീഷ് പറഞ്ഞു.

പ്രശ്നപരിഹാരത്തിന് അവസരമൊരുക്കിയ എല്ലാവർക്കും സുധീഷ് നന്ദിയറിയിച്ചു. മത്സ്യതൊഴിലാളിയായ അച്ഛന്റെയും തൊഴിലുറപ്പുകാരിയായ അമ്മയുടെയും ഏക പ്രതീക്ഷയാണ് സുധീഷ്. SUDHEESH S, A/C NO 078401000016560, INDIAN OVERSEAS BANK, MANANAKKU, THIRUVANANTHPURAM, IFSC: IOBA0000784

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com