അബുദാബി∙ യുഎഇയിൽ നാളെ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറു രൂപമെടുക്കുന്ന ന്യൂനമർദത്തെത്തുടർന്നാകും മഴ.
ഒപ്പം കിഴക്കു പടിഞ്ഞാറു നിന്നുള്ള തണുത്ത കാറ്റ് ശനിയാഴ്ച രാവിലെ അന്തരീക്ഷത്തിൽ പൊടിപടലം നിറയ്ക്കും. ഉച്ചയ്ക്കുശേഷം ആകാശം മേഘാവൃതമാകും. വടക്കുകിഴക്കൻ ദ്വീപുകളിലും കടലിലും മഴ പെയ്തേക്കും. ഞായർ മുതൽ ബുധൻ വരെ വിവിധ പ്രദേശങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. പുതുവർഷത്തിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് യുഎഇയുടെ പല ഭാഗത്തും ഇപ്പോഴും തുടരുകയാണ്. വീണ്ടും മഴയെത്തുന്നത് വെള്ളക്കെട്ട് രൂക്ഷമാക്കും. റോഡുകളിലെ മഴവെള്ളം യുദ്ധകാലാടിസ്ഥാനത്തിൽ പമ്പു ചെയ്തു നീക്കുകയാണ് പതിവ്.