ADVERTISEMENT

ദുബായ് ∙സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും വികസന പദ്ധതികളുടെ തുടർഘട്ടങ്ങൾക്കും രാജ്യം പൂർണസജ്ജമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും മന്ത്രിമാർക്കു കൂടുതൽ അധികാരം നൽകും.

 

രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിലാളി സൗഹൃദ സാഹചര്യമൊരുക്കുമെന്നും പുതുവർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. വൈവിധ്യവത്കരണത്തിലൂടെ എല്ലാ മേഖലയിലും മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. ഓരോ പദ്ധതിയും ചുരുങ്ങിയ സമയത്തിനകം നടപ്പാക്കും. ഗോൾഡൻ വീസ, പാർട്‌ടൈം ജോലി തുടങ്ങിയവ കൂടുതൽ അവസരമൊരുക്കും.നിലവിൽ 12 തരം വർക് പെർമിറ്റുകളാണ് നൽകുന്നത്.

 

രാജ്യാന്തര കായികമേളകളിൽ രാജ്യത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കും. സ്പോർട്സ് കൗൺസിലുകൾ, അസോസിയേഷനുകൾ, ഒളിംപിക് സമിതികൾ എന്നിവയ്ക്കു കൂടുതൽ ഉത്തരവാദിത്തങ്ങൾ കൈമാറുന്ന സ്പോർട്സ് നിയമത്തിന് അംഗീകാരം നൽകി. ഹരിത പാർപ്പിട പദ്ധതി, സ്മാർട് വിദ്യാഭ്യാസം, ഡിജിറ്റൈസേഷൻ എന്നിവയ്ക്കു പ്രത്യേക ഊന്നൽ നൽകും.

 

മനുഷ്യക്കടത്ത് തടയാനുള്ള ദേശീയ സമിതിയും പുനഃസംഘടിപ്പിച്ചു.  എക്സ്പോ വേദിയിൽ നടന്ന യോഗത്തിൽ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com