അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2902 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1285 പേർ രോഗമുക്തി നേടി. രണ്ടു മരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ: 813,931. രോഗമുക്തി നേടിയവർ: 763,664. ആകെ കോവിഡ് മരണം: 2200. നിലവിൽ ചികിൽസയിലുള്ളവർ: 48,067.
വിവിധ രാജ്യക്കാരാണു രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. 24 മണിക്കൂറിനിടെ 518,300 പേരെയാണു പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ നിർദ്ദേശങ്ങള്‍ പാലിച്ച് അധികൃതരുമായി സഹകരിക്കാനും ശാരീരിക അകലം പാലിക്കാനും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം ആഹ്വാനം ചെയ്തു.
കൊറോണ വൈറസ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടത്തുന്നതിനും രാജ്യവ്യാപകമായി പരിശോധന തുടരുകയാണ്. രാജ്യത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കനത്ത ജാഗ്രത കാണിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

24 മണിക്കൂറിനുള്ളിൽ 15,122 ഡോസ് വാക്സീൻ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,122 ഡോസ് കോവിഡ്-19 വാക്സീൻ വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 23,141,751 ആയി. 100 പേർക്ക് 233.98 ഡോസ് എന്ന നിരക്കിലാണ് വാക്സീൻ വിതരണം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വാക്സീൻ നൽകാനും സാമൂഹിക പ്രതിരോധശേഷി സ്വായത്തമാക്കുവാനും ഉള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് വാക്സിനേഷൻ ഡ്രൈവ് നടത്തുന്നത്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കും.