നൊമ്പരപ്പെടുത്തുന്ന ഒരു ജീവിതമുണ്ട് ഈ ചിത്രത്തിനു പിന്നിൽ; അതിജീവനത്തിന്റെ കഥ!

syrian-boy-street
SHARE

ദുബായ് ∙ നൊമ്പരപ്പെടുത്തുന്നതും ഒരു കുടുംബത്തിന്റെ ജീവിതം പുതുക്കിപ്പണിതതുമായ ഈ ചിത്രം പകർത്തിയത് യൂണിവേഴ്സിറ്റി പ്രൊഫസർ റൊഡ്റീഗാണ്. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലൂടെയുള്ള പതിവു സഞ്ചാരത്തിനിടെ ശ്രദ്ധയിൽപ്പെട്ട ചിത്രം. കുപ്പത്തൊട്ടിയിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങളും ദൈനം ദിനാവശ്യങ്ങൾക്ക് ഉപകരിക്കുന്ന വസ്തുക്കളും പരതിയെടുക്കുന്ന സിറിയൻ ബാലൻ ഹുസൈനാണ് ചിത്രത്തിലുള്ളത്. 

വിശപ്പടക്കാനുള്ളവ കിട്ടാൻ കുപ്പത്തൊട്ടിയിൽ കയ്യിട്ടപ്പോൾ ആ പുസ്തകം ചെറുകൈകളിൽ തടഞ്ഞു. വിശപ്പും വ്യഥയും മറന്ന് അവൻ ആ പെട്ടിയുടെ വക്കത്തിരുന്ന് പുസ്തക താളുകൾ വായിച്ച് മറിച്ചു തുടങ്ങി. താൽപര്യപൂർവമുള്ള വായന പ്രൊഫസറിലും കൗതുകമുണർത്തി. പരുപരുത്ത ജീവിത മുറിവുകൾ അടക്കിപ്പിടിച്ചുള്ള പുസ്തക വായന! കുട്ടികൾക്കുള്ള പുസ്തകമല്ലാതിരുന്നിട്ടും അവന്റെ വായന പുസ്തകങ്ങളോടുള്ള അടങ്ങാത്ത ത്വരയുടെ തരംഗമാണെന്ന് പ്രൊഫസർക്കും ബോധ്യമായി. 

അദ്ദേഹം അവന്റെ അരികിലെത്തി. ഒരു സെൽഫിയെടുക്കട്ടെ എന്നു ചോദിച്ചു. ആദ്യം സംശയിച്ച അവൻ പിന്നീട് സമ്മതം നൽകി. അദ്ദേഹം അവന്റെ ജീവിതാവസ്ഥകൾ അന്വേഷിച്ചറിഞ്ഞു. രോഗിയായ പിതാവും നാലു സഹോദരികളും വീട്ടിലുണ്ട്. അവരുടെ അന്നം മുട്ടാതിരിക്കാനാണ് ഹുസൈൻ തെരുവിലിറങ്ങിയത്. ബുദ്ധിമാനും പഠന തൽപരനുമായ അവൻ ബുർജ് ഹമ്മൂദ് മേഖലയിലുള്ള സ്കൂളിൽ പോകുന്നുണ്ട്. ഉച്ചവരെയാണ് സ്കൂൾ സമയം. അതു കഴിഞ്ഞാൽ ഇതുപോലെ ഭക്ഷണം തേടി തെരുവുകളിലുടെ അലയുകയാണ് പതിവ്. 

ഫോട്ടോ എടുത്ത് അവസാനിപ്പിക്കാതെ ആ സർവകലാശാല അധ്യാപകൻ ആ കുടുംബത്തിനു ജീവിക്കാനുള്ള വക കണ്ടെത്താൻ പണം സമാഹരിച്ചു. ഇനി ഭക്ഷണമന്വേഷിച്ച് തെരുവിൽ ഇറങ്ങരുതെന്നും പഠനം മുടക്കരുതെന്നുമുള്ള വ്യവസ്ഥയാണു സഹായത്തോടൊപ്പം ആ മനുഷ്യസ്നേഹി മുന്നോട്ടുവച്ചത്. 

യുദ്ധക്കെടുതിയിലായ പരശ്ശതം കുട്ടികളിൽ ഒരാൾ മാത്രമാണ് ഹുസൈൻ. ദൈന്യം തുളുമ്പുന്ന അവന്റെ ചിത്രം അറബ് ലോകത്തു വൈറലായതോടെ രാജ്യത്തിനകത്തും പുറത്തു നിന്നും സഹായ വാഗ്ദാനമുണ്ടായി. യുദ്ധം കാരണം ലെബനനിൽ അഭയാർഥികളായി ഒന്നര കോടി സിറിയക്കാരുണ്ട്. അവരിൽ ക്ലാസ് മുറികൾ സ്വപ്നമായി മാത്രം അവശേഷിക്കുന്ന കുട്ടികളും നിരാലംബരായ സ്ത്രീകളുമുണ്ട്. യുദ്ധം ഭാവിയിലേക്ക് പറക്കാനുള്ള അവരുടെ   ചിറകാണരിഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA