ADVERTISEMENT

ദുബായ് ∙  അൽഹൊസൻ ആപ്പിൽ പച്ചനിറം ഉള്ളവർക്കു മാത്രമാകും അബുദാബിയിൽ പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ. എല്ലാ ഫെഡറൽ സർക്കാർ ഓഫിസുകളിലും വിവിധ എമിറേറ്റുകളിലെ ചില ഓഫിസുകളിലും പ്രവേശനത്തിനും ഈ ഗ്രീൻപാസ് നിർബന്ധമാണ്. വാക്സിനേഷൻ രണ്ടു കോഴ്സ് പൂർത്തിയാക്കി ബൂസ്റ്റർ ഡോസും സ്വീകരിച്ചവർക്ക് അതിനു ശേഷം 14 ദിവസം കഴിയുമ്പോൾ അൽ ഹൊസൽ ആപ്പിൽ ചാരനിറമാകും.

 

ഇവർ വീണ്ടും പിസിആർ പരിശോധന നടത്തുമ്പോൾ മാത്രമാണ് അൽ ഹൊസനിൽ പച്ച നിറം തെളിയുക. രണ്ടാം ഡോസ് വാക്സീൻ എടുത്ത് 60 ദിവസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ നൽകുന്നത്. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ഒരു മാസത്തെ അധിക സമയവും ലഭിക്കും. താമസവീസക്കാർക്ക് ബൂസ്റ്റർ ഡോസും അൽഹൊസനിലെ പച്ചനിറവും (ഗ്രീൻപാസ്) ആവശ്യമാണ്. വാക്സീൻ എടുക്കാത്തവർ 96 മണിക്കൂർ സമയപരിധിക്കുള്ളിൽ നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. ഇങ്ങനെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴും അൽ ഹൊസനിൽ പച്ച തെളിയും.

 

പിസിആർ നെഗറ്റീവെന്ന് ഫലം കണ്ട ശേഷവും അൽ ഹൊസനിൽ പച്ച തെളിഞ്ഞില്ലെങ്കിൽ അതത് ഹെൽത്ത് സെന്ററുകളുമായി ബന്ധപ്പെടണം. കോവിഡ് ബാധിതർക്ക് 24 മണിക്കൂർ പരിധിയിൽ രണ്ടു തവണ പിസിആർ പരിശോധന നടത്തിയാൽ മാത്രമേ അൽ ഹൊസനിൽ പച്ച തെളിയൂ. വാക്സിനേഷനും പൂർത്തിയാക്കണം. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ദുബായിലുള്ള ഡിഎച്ച്എയിലും അബുദാബിയിലുള്ളവർ ഡിഒഎച്ചിലും ബാക്കി എമിറേറ്റിലുള്ളവർ മൊഹാപിലും ബന്ധപ്പെടണം. 

 

ഇന്ത്യയിൽനിന്ന് വരുമ്പോൾ..

 

ഇന്ത്യയിൽ നിന്നു വരുന്ന റസിഡന്റ്, സന്ദർശക വീസക്കാർ അവിടെ ലഭിച്ച വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. അബുദാബിയിലേക്കു പോകേണ്ടവർ ഐസിഎ (ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്) ആപ്പിൽ റജിസ്റ്റർ അറൈവൽ വിഭാഗത്തിൽ റജിസ്റ്റർ ചെയ്യണം. അതിലെ ഫോം പൂരിപ്പിച്ച് നൽകി നാട്ടിലെടുത്ത വാക്സീന്റെ സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം.

 

അപ്പോൾ ലഭിക്കുന്ന സന്ദേശത്തിനൊപ്പം അൽ ഹൊസൻ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ഉണ്ടാകും. അബുദാബിയിലെത്തുമ്പോൾ വിമാനത്താവളത്തിലോ ഐസിഎ ആപ്പ് വഴിയോ യുഐഡി നമ്പർ ലഭിക്കും. ഇത് ഉപയോഗിച്ച് അൽ ഹൊസൻ ആപ്പിൽ റജിസ്ട്രേഷൻ നടത്തണം. യുഎഇയിൽ പിസിആർ ടെസ്റ്റ് നടത്തുമ്പോൾ പിന്നീട് അൽ ഹൊസൻ ആപ്പിലും പച്ച തെളിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com