ADVERTISEMENT

ദുബായ് ∙ ഹൃദയാഘാതമുണ്ടാകുന്നവർക്കു പ്രഥമശുശ്രൂഷ നൽകാൻ സാധാരണക്കാർക്കു പരിശീലനം നൽകുന്ന പദ്ധതി വിപുലമാക്കുന്നു. സിപിആർ (കാർഡിയോ പൾമനറി റിസസിറ്റേഷൻ) ഉൾപ്പെടെയുള്ള അടിയന്തര ശുശ്രൂഷയിൽ പരിശീലനം നൽകുന്നതിനു പുറമേ മാളുകൾ, വിമാനത്താവളങ്ങൾ, സാമൂഹിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഓട്ടമാറ്റിക് ഇലക്ട്രിക്കൽ ഡെഫിബ്രില്ലേറ്റർ (എഇഡി) വിതരണം വ്യാപകമാക്കും.

 

ഹൃദയമിടിപ്പിലെ അസ്വാഭാവികത കണ്ടെത്താനും പ്രവർത്തനം  വീണ്ടെടുക്കാനും കഴിയുന്ന ഉപകരണമാണിത്. സിപിആർ നൽകേണ്ട സാഹചര്യമാണോയെന്നും മറ്റും കൃത്യമായി നിർണയിക്കാനാകും. ഇതിനകം 10,000 വൊളന്റിയർമാർക്കു പരിശീലനം നൽകി. മാളുകളിലും മറ്റും 3,200 എഇഡികൾ വിതരണം ചെയ്തെന്നും ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. 5 വർഷത്തിനകം ഒരുലക്ഷത്തിലേറെ പേർക്കു കൂടി പരിശീലനം നൽകാനും 10,000 എഇഡികൾ വിതരണം ചെയ്യാനും ലക്ഷ്യമിടുന്നു.

 

ദുബായ് പൊലീസും ആംബുലൻസ് സർവീസസും ഇതുമായി സഹകരിക്കുന്നുണ്ട്. ഹൃദയാഘാത മരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള 'ദുബായ് ഹാർട്ട് സേഫ് സിറ്റി'  പദ്ധതിക്ക് അരോഗ്യ മേഖലയിലെ വിദഗ്ധരും രാജ്യാന്തര സ്ഥാപനങ്ങളും പങ്കെടുക്കുന്ന അറബ് ഹെൽത്ത് മേളയിൽ തുടക്കമായി. അമേരിക്കൻ ഹാർട് അസോസിയേഷനുമായി (എഎച്ച്എ) സഹകരിച്ചാണ് പരിശീലന പരിപാടികളും മറ്റും സംഘടിപ്പിക്കുക. 

 

നിർണായകം ആദ്യ നിമിഷങ്ങൾ

 

ഹൃദയാഘാതമുണ്ടായ ശേഷമുള്ള ആദ്യത്തെ 4 മിനിറ്റ് ഏറെ വിലപ്പെട്ടതാണെന്നും പ്രഥമ ശുശ്രൂഷ നൽകി എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും റാഷിദ് ഹോസ്പിറ്റൽ സിഇഒയും ഹൃദ്രോഗ വിദഗ്ധനുമായ ഡോ. ഫഹദ് ബസ് ലൈബ് പറഞ്ഞു.

 

ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്നു നിലയ്ക്കുകയോ ഹൃദയമിടിപ്പ് അപകടകരമാംവിധം താളംതെറ്റുകയോ ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ നൂതന ഉപകരണങ്ങളുടെ സഹായത്തോടെയുള്ള ചികിത്സ ആവശ്യമാണ്. ദുബായിൽ പ്രതിവർഷം 1,600 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു.

 

വീടുകളിലോ പൊതുസ്ഥലങ്ങളിലോ ഹൃദയാഘാതം ഉണ്ടാകുമ്പോൾ സിപിആറും മറ്റും നൽകാൻ പരിശീലനം നേടിയവരുടെ സഹായം അത്യാവശ്യമാണ്. 

 

മാർഗനിർദേശത്തിന് മൊബൈൽ ആപ്

 

പരിശീലനത്തിനും എഇഡി ഉപകരണ വിതരണത്തിനും പുറമേ കൃത്യമായ മാർഗനിർദേശം നൽകുന്ന മൊബൈൽ ആപ് തുടങ്ങും. പരിശീലനം ലഭിച്ച വൊളന്റിയർമാരുടെയും എഇഡി ഉപകരണങ്ങളുള്ള മേഖലകളുടെയും വിവരങ്ങൾ ഇതിലുണ്ടാകും. 

 

4 മിനിറ്റിനകം ആംബുലൻസ്

 

സഹായം തേടിയാൽ 4 മിനിറ്റിനകം എത്തുന്ന സ്മാർട് ആംബുലൻസുകൾ ആരോഗ്യരംഗത്ത് വൻമാറ്റമുണ്ടാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സുസജ്ജമായ ആംബുലൻസുകളാണിവ. ആശുപത്രിയിൽ ലഭ്യമാകുന്ന എല്ലാ അടിയന്തര സംവിധാനങ്ങളും ആംബുലൻസുകളിലുണ്ടാകും. രോഗിയുടെ ആരോഗ്യനിലയടക്കമുള്ള പൂർണ വിവരങ്ങൾ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിനു കൈമാറാൻ ആംബുലൻസുകളിൽ സംവിധാനമുണ്ട്. ആംബുലൻസിൽ ക്യാമറകൾ ഉള്ളതിനാൽ ഡോക്ടർമാർക്കു രോഗിയെ നിരീക്ഷിക്കാനും ആശുപത്രിയിൽ ഇതിനനുസരിച്ചു തയാറെടുപ്പു നടത്താനും കഴിയും. രോഗവിവരങ്ങൾ, നിലവിലുള്ള അവസ്ഥ എന്നിവയെക്കുറിച്ച് ഡോക്ടർമാർക്കു വ്യക്തമായ ധാരണ ലഭിക്കും. രോഗിയുടെ എമിറേറ്റ്സ് ഐഡി വിവരങ്ങളും കൈമാറും. 

 

വഴിമുടങ്ങില്ല

 

ആംബുലൻസ് എത്തുമ്പോൾ ജംക്‌ഷനുകളിലെ സിഗ്നലിൽ പച്ച ലൈറ്റ് തെളിയുന്ന സംവിധാനമാണ് മറ്റൊന്ന്.  ചുവപ്പ് ലൈറ്റ് ആണെങ്കിലും പച്ചയാകും. ഇതിനുള്ള 'ട്രാഫിക് ലൈറ്റ് അലാം' ആംബുലൻസിൽ ഉണ്ടാകും. സിഗ്നലിൽ എത്തുമ്പോൾ ഈ ഉപകരണം സ്വയം പ്രവർത്തിക്കും.  മറ്റു ദിശകളിൽ നിന്നു വരുന്ന വാഹനങ്ങൾ നിയന്ത്രിക്കും. നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയാണ് സ്മാർട് സംവിധാനം. നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) എന്നിവ ഉപയോഗപ്പെടുത്തിയുള്ള സംവിധാനമുള്ളതിനാൽ ആശുപത്രിയിലേക്കുള്ള ഏറ്റവും  എളുപ്പവും തിരക്കു കുറഞ്ഞതുമായ റോഡ് ഡ്രൈവർക്ക് അറിയാനാകും. 

 

ജീവിതശൈലി പ്രധാനം

 

∙പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുള്ളവർ ആരോഗ്യകാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. അമിത ഉത്കണ്ഠ, വ്യായാമക്കുറവ്, ഭക്ഷണശീലങ്ങൾ എന്നിവയാണ്   പ്രവാസികളിൽ പൊതുവേയുള്ള പ്രശ്നങ്ങൾ. ചികിത്സയിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ ഹൃദ്രോഗ സാധ്യത കൂടുതലാണ്.

 

∙ ദിവസവും ഒരുമണിക്കൂർ വ്യായാമത്തിനു മാറ്റിവയ്ക്കുകയും ഉപ്പും മധുരവും എണ്ണയും പരമാവധി കുറയ്ക്കുകയും വേണം.

 

ലക്ഷണങ്ങൾ അവഗണിക്കരുത്

 

∙ നെഞ്ചിൽ ഭാരം കയറ്റിയപോലെ തോന്നുക, വേദന എന്നിവ അവഗണിക്കരുത്.  കൈകൾ, പുറം, കഴുത്ത്, താടി, വയർ എന്നിവിടങ്ങളിൽ വേദനയോ തുടിപ്പോ അനുഭവപ്പെടാം.

 

∙ അസ്വസ്ഥത, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട്, ഛർദി, ഏമ്പക്കം, നെഞ്ചെരിച്ചിൽ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.  വിയർക്കുക,  വേഗത്തിലുള്ളതോ ക്രമം തെറ്റിയതോ ആയ ഹൃദയ സ്പന്ദനം, തല കറക്കം അല്ലെങ്കിൽ  മന്ദത അനുഭവപ്പെട്ടാലും ഉടൻ വൈദ്യസഹായം തേടണം.

 

∙ കൊളസ്ട്രോൾ, രക്തസമ്മർദം, പ്രമേഹം എന്നിവയുള്ളവർ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണം.

 

∙  വറുത്തവയും കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണവും ഒഴിവാക്കണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

 

∙ അമിതവണ്ണമുള്ളവർ ശരീരഭാരം കുറച്ച്,  ഉന്മേഷവും നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com