ഒരുഘട്ടം കൂടി പിന്നിട്ട് ഇത്തിഹാദ് റെയിൽ; മേൽപാലങ്ങൾ പൂർത്തിയായി

etihad-rail
ഇത്തിഹാദ് റെയിൽ പുറത്തുവിട്ട യാത്രാ ടെയിനിന്റെ മാതൃക.
SHARE

ദുബായ് ∙ ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖലയെന്ന ലക്ഷ്യത്തിലേക്ക് ഒരുഘട്ടം കൂടി പിന്നിട്ട് ഇത്തിഹാദ് റെയിൽ പദ്ധതി അതിവേഗം മുന്നോട്ട്. അബുദാബിയുടെ പടിഞ്ഞാറൻ മേഖലയായ താരിഫിൽ നിന്ന് ഉൾപ്രദേശമായ സെയ്ഹ് ഷുഐബ് വരെയുള്ള 216 കിലോമീറ്റർ പാതയിലെ മേൽപാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയതോടെ പ്രധാന മേഖലകളിലേക്കുള്ള നിർമാണ സാമഗ്രികൾ വേഗമെത്തിക്കാനാകും.

അബുദാബി ഇൻഡസ്ട്രിയൽ സിറ്റി, ഖലീഫ തുറമുഖം, ഖലീഫ ഇൻഡസ്ട്രിയൽ സോൺ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങളുടെ ചെലവ് കുത്തനെ കുറയും. ഒന്നാം ഘട്ടമായ ഷാ മുതൽ ഹബ്ഷൻ വരെയുള്ള 264 കിലോമീറ്റർ പാതയിലെ തുടർപദ്ധതികളാണ് പുരോഗമിക്കുന്നത്. 

രണ്ടാംഘട്ടമായ, സൗദി അതിർത്തിയിലെ ഗുവൈഫത്  മുതൽ ഫുജൈറ വരെയുള്ള 1,000 കിലോമീറ്റർ പാതയിൽ വടക്കൻ മേഖലയിലെ ടണൽ നിർമാണമടക്കം പൂർത്തിയായി. ഫുജൈറ, റാസൽഖൈമ, ഷാർജ, ദുബായ്, ജബൽഅലി, ഖാലിദ് തുറമുഖങ്ങൾ, കിസാഡ് മുസഫ വഴി ഗുവൈഫത് വരെയാണ് പാത. റുവൈസ്-ഗുവൈഫത് പാതയുടെ നിർമാണവും ലക്ഷ്യത്തോടടുക്കുന്നു. 

ഒന്നും രണ്ടും ഘട്ടങ്ങൾ 9,000ൽ ഏറെ തൊഴിലവസരങ്ങളൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഹജ്ർ മലനിരകളിലെ 15 വൻ തുരങ്കങ്ങൾ, കൂറ്റൻ ചരക്കു ട്രെയിനുകൾ താങ്ങാൻ ശേഷിയുള്ള 35 പാലങ്ങൾ എന്നിവ പൂർത്തിയായതോടെ വടക്കൻ എമിറേറ്റുകളിലെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലായി.

മിർഫ റെയിൽവെ ബേസ് ആണ് സാങ്കേതിക വിദഗ്ധരുടെ മുഖ്യകേന്ദ്രം. ട്രെയിനുകളുടെ പരിശോധനയടക്കമുള്ള കാര്യങ്ങൾ ഇവിടെ നടത്തുന്നു. യുഎഇയിൽ പദ്ധതി പൂർത്തിയാകുന്നതോടെ സൗദി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒട്ടേറെ കടമ്പകളുണ്ടെങ്കിലും എല്ലാ ജിസിസി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS